എഐസിയു അവാര്‍ഡുകള്‍ സമ്മാനിച്ചു
എഐസിയു അവാര്‍ഡുകള്‍ സമ്മാനിച്ചു
Sunday, August 24, 2014 12:18 AM IST
കൊച്ചി: ഉത്തമ കുടുംബജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ മാതൃകാപരമായ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കൂ എന്നു സിബിസിഐ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ (എഐസിയു) പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ കുടുംബത്തിനുള്ള പങ്ക് പ്രധാനമാണ്. പങ്കുവയ്ക്കലിന്റെയും കരുതലിന്റെയും സ്നേഹം രൂപപ്പെടുന്നതു കുടുംബത്തില്‍നിന്നാണെന്നു മാര്‍ അറയ്ക്കല്‍ പറഞ്ഞു

കുടുംബജീവിതത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട സംസ്ഥാനമാണു കേരളമെങ്കിലും മാതാപിതാക്കളെ വൃദ്ധഭവനത്തില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇവിടെ കൂടിവരുന്നത് ആശങ്കയുളവാക്കുന്നതായി മുഖ്യപ്രഭാഷണം നടത്തിയ പ്രഫ.കെ.വി. തോമസ് എംപി പറഞ്ഞു.

എഐസിയു ദേശീയ പ്രസിഡന്റ് യൂജിന്‍ ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിച്ചു. മേഘാലയ നഗരകാര്യ മന്ത്രി ഡോ. അംബരീന്‍ ലിംഗ്ദോ, ദേശീയ വൈസ് പ്രസിഡന്റ് ലാന്‍സ് ഡിക്കൂഞ്ഞ, ദേശീയ സെക്രട്ടറി പ്രഫ. വി.എ. വര്‍ഗീസ്, സെക്രട്ടറി ജനറല്‍ ഏലിയാസ് വാസ്, വി.വി. അഗസ്റിന്‍, ജോസഫ് ആഞ്ഞിപ്പറമ്പില്‍, ഫ്രാന്‍സിസ് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.


എഐസിയു സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രവാസി അല്മായ രത്നം പുരസ്കാരം ഖത്തറിലെ വ്യവസായി ഡേവിസ് എടക്കളത്തൂരിനും വിദ്യാരത്നം അവാര്‍ഡ് തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സിജിഎച്ച്എസ് ഹെഡ്മിസ്ട്രസ് സിസ്റര്‍ മരിയ ജോസിനും ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഡേവിസ് എടക്കളത്തൂരിന് ദേശീയ പ്രസിഡന്റ് യൂജിന്‍ ഗൊണ്‍സാല്‍വസ് എഐസിയു അംഗത്വം നല്കി.

പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പ്രഫ. കെ.വി. തോമസ് എംപി, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ഏബ്രഹാം പട്ട്യാനി, ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍, കേരള സംസ്ഥാന കണ്‍സ്യൂമര്‍ കമ്മീഷന്‍ അംഗം അഡ്വ.ജോസ് വിതയത്തില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.

നൂറിലധികം രൂപതകളെ പ്രതിനിധീകരിച്ചു വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 250 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. എഐസിയു ദേശീയ, സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സ്ഥാനാരോഹണവും നാളെ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.