27-ാം കേരള ശാസ്ത്ര കോണ്‍ഗ്രസ് ആലപ്പുഴയില്‍
Sunday, August 24, 2014 12:21 AM IST
ആലപ്പുഴ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് 2015 ജനുവരി 27 മുതല്‍ 30 വരെ ആലപ്പുഴയില്‍ നടത്തുമെന്നു ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റും ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രഫ. വി.എന്‍. രാജശേഖരന്‍പിള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.

നാറ്റ് പാക്കിന്റെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്റെ ഗവേഷണ വികസന വിഭാഗം സംഘടിപ്പിക്കുന്ന നാലു ദിവസത്തെ ശാസ്ത്ര കോണ്‍ഗ്രസിന് ഇത്തവണ നേതൃത്വം നല്‍കുന്നത് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ പ്രോജക്ട് ഡയറക്ടര്‍, ഇന്ത്യയുടെ മിസൈല്‍ വനിത എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. ടെസി തോമസ് ആണ്.

ആലപ്പുഴയില്‍ ഇദം പ്രഥമമായാണ് ഇത്തരമൊരു ശാസ്ത്രകോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ഒരു വനിത ചെയര്‍പേഴ്സണ്‍ സ്ഥാനത്തിരിക്കുന്നതും ആദ്യമായാണ്. പരമ്പരാഗത വ്യവസായമെന്ന വിഷയത്തെ അധികരിച്ചാണ് ഇക്കുറി ശാസ്ത്ര കോണ്‍ഗ്രസ്. കയറും കൈത്തറിയും കശുവണ്ടിയും ഉള്‍പ്പെടെയുളള കേരളത്തിന്റെ പരമ്പരാഗത വ്യവസായങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക പ്രവര്‍ത്തനങ്ങളുടെയും വിഭവങ്ങളുടെയും പ്രാധാന്യവും സ്വാധീനവും ദൃഢപ്പെടുത്തുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

ഗതാഗത ആസൂത്രണവും ഗവേഷണവും ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റംസ് ആന്‍ഡ്് റിമോട്ട് സെന്‍സിംഗ് എന്നിവയും പ്രത്യേക വിഷയങ്ങളാണ്. പരിസ്ഥിതി നാശത്തിനെതിരേയും സുസ്ഥിര വികസനത്തിനായും കേരളത്തില്‍ വിജയകരമായി നടപ്പാക്കിയിട്ടുളള റിമോട്ട് സെന്‍സിംഗ് ജിസ് ആപ്ളിക്കേഷനുകളെപ്പറ്റി ഇതില്‍ വിശദീകരിക്കും. ഗവേഷകരും അധ്യാപകരും വിദ്യാര്‍ഥികളും വിദഗ്ധരും ഉള്‍പ്പെടെ 2000ത്തിലേറെ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.


പ്രഫ. വി.എന്‍. രാജശേഖരന്‍ പിളളയാണു ശാസ്ത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍. പ്രഭാഷണങ്ങള്‍, മുഖ്യവിഷയത്തിന്റെ അവതരണം, ബിരുദാനന്തര വിദ്യാര്‍ഥികളുടെ ആശയവിനിമയം, ശാസ്ത്ര പ്രദര്‍ശനം, വിദ്യാര്‍ഥി ശാസ്ത്ര കോണ്‍ഗ്രസ് എന്നിവയാണ് നാലു ദിവസത്തെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. കൃഷി, ജൈവ സാങ്കേതിക വിദ്യ, കെമിക്കല്‍ സയന്‍സ്, എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജി, പരിസ്ഥിതി ശാസ്ത്രം, വനം-വന്യജീവി, മത്സ്യബന്ധനം, മൃഗ ശാസ്ത്രം, ജിയോ സയന്‍സ്, ആരോഗ്യ ശാസ്ത്രം, വിവര സാങ്കേതിക വിദ്യയും കംപ്യൂട്ടര്‍ സയന്‍സും, ലൈഫ് സയന്‍സ്, ഗണിത ശാസ്ത്രം, ഭൌതിക ശാസ്ത്രം, ശാസ്ത്ര വിദ്യാഭ്യാസം, ശാസ്ത്ര വിവര വിനിമയം, ശാസ്ത്രവും സമൂഹവും, ഗതാഗത എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ തെരഞ്ഞെടുത്ത 14 വിഷയങ്ങളില്‍ പ്രതിനിധികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രത്യേക വിഷയങ്ങളിലുളള സെമിനാറുകള്‍, കൂടാതെ ശാസ്ത്ര രംഗത്തെ മണ്‍മറഞ്ഞ മഹാരഥന്‍മാരായ പി.ടി. ഭാസ്കര പണിക്കര്‍, പി.കെ. ഗോപാലകൃഷ്ണന്‍, പ്രഫ. ജാനകി അമ്മാള്‍, പ്രഫ. പി.ആര്‍. പിഷാരടി, ഡോ. പി.കെ. അയ്യങ്കാര്‍, ഡോ. ജി.എന്‍. രാമചന്ദ്രന്‍, തുടങ്ങിയവരെ അനുസ്മരിച്ചുകൊണ്ട് പ്രഭാഷണങ്ങള്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.