മദ്യനയം ധാര്‍മികതയുടെയും കൂട്ടായ്മയുടെയും വിജയം: കെസിബിസി മദ്യവിരുദ്ധ സമിതി
Sunday, August 24, 2014 12:22 AM IST
കൊച്ചി: മദ്യരഹിത കേരളമെന്ന ലക്ഷ്യം സാര്‍ഥകമാക്കുന്ന യുഡിഎഫ് മദ്യനയം സ്വാഗതാര്‍ഹവും പ്രശംസനീയവുമാണെന്നും അതു ധാര്‍മികതയുടെയും കൂട്ടായ്മയുടെയും വിജയമാണന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയറ്റ്.

ജനഹിതവും ജനനന്മയും മുന്‍നിര്‍ത്തി നയരൂപീകരണത്തിനു നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളെയും ഈ പോരാട്ടത്തിനു ചുക്കാന്‍ പിടിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.

ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച കേരള സര്‍ക്കാരിനെ കേരള ജനത നെഞ്ചിലേറ്റും.
പ്രഖ്യാപനങ്ങള്‍ ആര്‍ജവ ത്തോടെ നടപ്പിലാക്കണം. അതിനു കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പൂര്‍ണ പിന്തുണ സര്‍ക്കാരിനുണ്ടാകും. ഈ പോരട്ടവിജയത്തിന് ഇതര മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മത, സാമുദായിക, സാംസ്കാരിക നേതാക്കളും വഹിച്ച പങ്ക് വലുതാണ്.

മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് എക്സൈസ് വകുപ്പിനെ ശക്തമാക്കുകയും ആധുനികവത്കരിക്കുകയും വേണം. ഈ തീരുമാനം നടപ്പാക്കുന്നതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടി വേണം. ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കണം.

മദ്യാസക്തരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങണം. അവിടെ സൌജന്യ ചികിത്സ നല്‍കണമെന്ന് യോഗം നിര്‍ദേശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി മണമേലിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. സംസ്ഥാനതല വൈദികസമ്മേളനം സെപ്റ്റംബര്‍ 17, 18 തീയതികളില്‍ പിഒസിയില്‍ നടത്താന്‍ തീരുമാനിച്ചു.

പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍മാരായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ജോസഫ് കാരിക്കശേരി, കമ്മീഷന്‍ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, മറ്റു ഭാരവാഹികളായ അഡ്വ. ചാര്‍ളി പോള്‍, ഫാ. പോള്‍ കാരാച്ചിറ, പ്രസാദ് കുരുവിള, എഫ്.എം. ലാസര്‍, ആന്റണി ജേക്കബ്, യോഹന്നാന്‍ ആന്റണി, സണ്ണി പായക്കാട്ട്, ജെയിംസ് മുട്ടിക്കല്‍, കെ.ജെ. പൌലോസ്, സേവ്യര്‍ പള്ളിപ്പാട്ട്, എം.ഡി. റാഫേല്‍, വി.ഡി. രാജു, ജോയിക്കുട്ടി ലൂക്കോസ്, മത്തായി മരുതൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


മദ്യനയം ഓണ സമ്മാനമെന്നു മദ്യനിരോധന സമിതി

തിരുവനന്തപുരം: മദ്യനയം സര്‍ക്കാരിന്റെ ഓണസമ്മാനമാണെന്നു മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യംവിളമ്പുന്നത് അവസാനിപ്പിക്കണം. അനധികൃത മദ്യവും മറ്റു ലഹരി ഉയോഗവും തടയാന്‍ തദ്ദേശ ഭരണതലങ്ങളില്‍ സ്റാറ്റ്യൂട്ടറി അധികാരമുള്ള ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. നീര എക്സൈസ് വകുപ്പില്‍നിന്ന് എടുത്തു മാറ്റി കൃഷി വകുപ്പിന്റെ കീഴിലാക്കണം.

പുതിയ മദ്യനയത്തിന്റെ പശ്ചാത്തലത്തില്‍ 55 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമിതി നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മദ്യനിരോധനസമിതി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് ഫാ.വര്‍ഗീസ് മുഴുത്തേറ്റ്, ജില്ലാ മദ്യനിരോധന സമിതി അധ്യക്ഷന്‍ കെ.പി. ദുര്യോധനന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മദ്യനയം സ്വാഗതം ചെയ്യുന്നു: കെജിഎംഒഎ

തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നതായി കെജിഎംഒഎ. കേരളത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പുന്ന നടപടി ഡോക്ടര്‍മാരുടെ ജോലിഭാരം കുറയ്ക്കാനും ആരോഗ്യമേഖലയിലെ ചെലവു കുറയ്ക്കാനും മാനസികാരോഗ്യം വീണ്െടടുക്കാനും സഹായിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു. മദ്യമേഖലയിലെ തൊഴിലാളികളെ ആരോഗ്യരംഗത്തേക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതു വഴി തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാം. ആരോഗ്യമേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാരുടെ കുറവു പരിഹരിക്കാനും കഴിയും.

സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം കെജിഎംഒഎ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെയും അഭിനന്ദിക്കുന്നതായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.പി. മോഹനനും സെക്രട്ടറി ഡോ. ജോസ് ചാക്കോയും പ്രസിഡന്റ് നോമിനി ഡോ.പ്രമീളാ ദേവിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.