കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു
Sunday, August 24, 2014 12:23 AM IST
കൊച്ചി: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപതയിലെ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി തീര്‍ഥാടനകേന്ദ്രമായി ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പ്രഖ്യാപിച്ചു.

മെത്രാപ്പോലീത്ത എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണു കൂനമ്മാവ് പള്ളിയെ അതിരൂപതാ തലത്തില്‍ തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്തുന്നതെന്ന് ആര്‍ച്ച്ബിഷപ് കല്ലറയ്ക്കല്‍ വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിനു കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) ശിപാര്‍ശ ആവശ്യമാണ്.

തീര്‍ഥാടനകേന്ദ്രമായി ഉയര്‍ത്താനുള്ള തിരുക്കര്‍മങ്ങളുടെ ഭാഗമായി കൂനമ്മാവ് പള്ളിയില്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിക്കും. വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ നാമത്തില്‍ പ്രത്യേക മധ്യസ്ഥപ്രാര്‍ഥനയും നൊവേനയും നട ക്കുന്ന ഏതെങ്കിലും വെള്ളിയാഴ്ചയായിരിക്കും ഈ വിശേഷ തിരുക്കര്‍മങ്ങള്‍. തീയതി പിന്നീടു പ്രഖ്യാപിക്കുമെന്ന് ആര്‍ച്ച്ബിഷപ് പറഞ്ഞു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനുമായി വരാപ്പുഴ അതിരൂപതയ്ക്കും കൂനമ്മാവ് പള്ളിക്കും അഭേദ്യമായ ബന്ധമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ് കല്ലറയ്ക്കല്‍ അനുസ്മരിച്ചു.


വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നവംബര്‍ 23ന് കൂനമ്മാവ് ഇടവകയില്‍ അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കുന്നത്. ക്രിസ്തുരാജന്റെ തിരുനാള്‍ ദിനം കൂടിയായ അന്ന് അതിരൂപതയിലെ എല്ലാ ഇടവകകളില്‍നിന്നും ചാവറയച്ചന്റെ ഛായാചിത്രങ്ങളും പ്ളക്കാര്‍ഡുകളുമേന്തി വിശ്വാസികള്‍ കൂനമ്മാവ് തീര്‍ഥാടനകേന്ദ്രത്തിലേക്ക് ഭക്തിനിര്‍ഭരമായ പ്രാര്‍ഥനാ റാലി നടത്തും. തേവര്‍കാട്, കൊങ്ങോര്‍പ്പിള്ളി, മാളോത്ത്, വള്ളുവള്ളി എന്നീ ഇടവകകളില്‍നിന്ന് ആരംഭിക്കുന്ന റാലിയില്‍ മറ്റ് ഇടവകകള്‍ വിവിധ കേന്ദ്രങ്ങളില്‍ വച്ച് പങ്കുചേരും. മഹാറാലി കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലെത്തിച്ചേരുമ്പോള്‍ പള്ളിയങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ 20 അടി ഉയരമുള്ള പ്രതിമയുടെ അനാഛാദനം നടത്തും. തുടര്‍ന്ന് ചാവറയച്ചന്റെ പ്രഥമ കബറിടത്തിങ്കല്‍ പുഷ്പാര്‍ച്ചന നടത്തി സമൂഹബലി അര്‍പ്പിക്കും. തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചുകൊണ്ട് പള്ളിയുടെ ചിത്രം ആര്‍ച്ച്ബിഷപ് ഡോ.ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ സെന്റ് ഫിലോമിനാസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവിലിനു കൈമാറി.

തന്റെ പുണ്യജീവിതത്തിന്റെ അവസാന ഏഴുവര്‍ഷക്കാലം ചാവറയച്ചന്‍ സേവനം ചെയ്തത് കൂനമ്മാവിലാണ്. 1871 ജനുവരി മൂന്നിനു ദിവംഗതനായ അദ്ദേഹത്തിന്റെ പൂജ്യശരീരം ആദ്യം അടക്കം ചെയ്തത് കൂനമ്മാവ് പള്ളിയിലെ അള്‍ത്താരയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.