പ്രഥമ ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ്
Sunday, August 24, 2014 12:28 AM IST
കൊച്ചി: വിവിധ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഥമ ലോക സമുദ്രശാസ്ത്ര കോണ്‍ഗ്രസ് 2015 ഫെബ്രുവരി അഞ്ചു മുതല്‍ എട്ടുവരെ കൊച്ചിയില്‍ നടക്കും. ഭാവിതലമുറയ്ക്കായി സമുദ്രസംരക്ഷണം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് നാലു ദിവസങ്ങളിലായി ലോക സമുദ്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമുദ്രശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, ശാസ്ത്ര സാങ്കേതിക പ്രദര്‍ശനങ്ങള്‍, കടല്‍ഭക്ഷ്യമേള എന്നിവ സമുദ്രശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.


കുഫോസ്, ഐസിഎആര്‍, സിഎസ്ഐആര്‍, ഫിഷറീസ് വകുപ്പ്, സ്വദേശി സയന്‍സ് മൂവ്മെന്റ്, ശാസ്ത്ര-സാങ്കേതിക വകുപ്പ്, കൃഷി-പരസ്ഥിതി, വനം-പ്രതിരോധം, ഭൌമശാസ്ത്ര മന്ത്രാലയങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കോണ്‍ഗ്രസ് നടക്കുക. പത്രസമ്മേളനത്തില്‍ കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശൈലേഷ് നായക്, കുഫോസ് ചെയര്‍മാന്‍ ഡോ. ബി. മധുസൂദനക്കുറുപ്പ്, സംഘാടക സമിതി സെക്രട്ടറി ജനറല്‍, ഡോ. വി.എന്‍. സഞ്ജീവന്‍, ഡോ. കെ. ഗിരീഷ്കുമാര്‍, ജനറല്‍ കണ്‍വീനര്‍ പി. വിവേകാനന്ദപൈ എന്നിവര്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.