മുഖപ്രസംഗം: ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ് വന്‍ വിജയമാകട്ടെ
Wednesday, August 27, 2014 10:59 PM IST
മദ്യരഹിത കേരളത്തിനായുള്ള പരിശ്രമങ്ങള്‍ ഒരു നിര്‍ണായക ഘട്ടത്തിലെത്തിയ സമയമാണല്ലോ ഇത്. ഈ വിഷയത്തെപ്പറ്റിയുള്ള തര്‍ക്കവിതര്‍ക്കങ്ങളും അതിന്റെ പേരില്‍ ക്രെഡിറ്റ് എടുക്കാനുള്ള മത്സരവും വരുമാനനഷ്ടത്തില്‍ വിഷമിക്കുന്നവരുടെ ദുരാരോപണങ്ങളും എല്ലാം അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഈ കോലാഹലത്തിനിടയിലും ഏറെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ട്. അതിലൊന്നാണു സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള “'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്'’പദ്ധതി. ഈ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍ താരം മമ്മൂട്ടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. അതോടനുബന്ധിച്ചു കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങിലെ മമ്മൂട്ടിയുടെ പ്രസംഗം അങ്ങേയറ്റം ചിന്തനീയവും ആവേശകരവുമായിരുന്നു.

മദ്യവും മയക്കുമരുന്നുമല്ല, ജീവിതമാണു ലഹരിയായും ആസക്തിയായും പടരേണ്ടതും പടര്‍ത്തേണ്ടതും എന്നാണു മമ്മൂട്ടി ഇളംതലമുറയോടു പറഞ്ഞത്. ചീത്ത ലഹരികളെ വിട്ടു നല്ല ലഹരികളായ സംഗീതം, സാഹിത്യം, പഠനം, സാമൂഹ്യപ്രവര്‍ത്തനം തുടങ്ങിയവയില്‍ മുങ്ങി അവസാനംവരെ സമൂഹത്തിനു നേട്ടമുണ്ടാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. തികച്ചും അവസരോചിതമാണ് ഈ ആഹ്വാനം.

മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും എക്കാലത്തെയുംകാള്‍ വര്‍ധിച്ചുവരുന്ന സമയമാണിത്. മദ്യത്തിന്റെ കാര്യത്തില്‍ ലഭ്യതയും അവസരവും ഗണ്യമായി കുറയ്ക്കുന്ന ചില നടപടികള്‍ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. അതു സദ്ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്നു നമുക്ക് ഉറപ്പുണ്ട്. മയക്കുമരുന്നിന്റെ കാര്യം വ്യത്യസ്തമാണ്. മദ്യംപോലെ കേന്ദ്രീകൃതവും പരസ്യവുമായ വിപണിയല്ല അതിന്റേത്. നിഗൂഢമായ ഒരു വ്യാപാരമേഖലയാണത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന സാധനങ്ങള്‍പോലും അനുദിനം മാറിവരുകയാണ്. വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍വരെ ലഹരിക്കായി പായുന്നവരുടെ ഇഷ്ടവിഭവങ്ങളായി മാറുന്നു. ശരീരത്തിനും ബുദ്ധിക്കും മനസിനുമൊക്കെ അവ വരുത്തുന്ന കെടുതികള്‍ എന്താണെന്നു മനസിലാക്കാതെ കൌമാരങ്ങളും യൌവനങ്ങളും അവയിലേക്ക് എടുത്തുചാടുകയാണ്.

മാതാപിതാക്കളുടെയും അധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ നിരന്തര ജാഗ്രതയുണ്െടങ്കില്‍ മാത്രമേ വരുംതലമുറയെ മയക്കുമരുന്നിന്റെ നീരാളിപ്പിടിത്തത്തില്‍നിന്നു രക്ഷിക്കാനാവൂ എന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണു “'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്' പോലുള്ള പ്രചാരണ യത്നങ്ങള്‍ പ്രസക്തമാകുന്നത്. സ്കൂള്‍തലത്തില്‍ത്തന്നെ വിദ്യാര്‍ഥികളില്‍ അവബോധം വളര്‍ത്തുകയും മയക്കുമരുന്നിന്റേതടക്കമുള്ള ലഹരികളില്‍നിന്നു വിട്ടുനില്‍ക്കുന്നതിനുള്ള ദൃഢനിശ്ചയം അവരില്‍ ഉളവാക്കുകയും വേണം. മമ്മൂട്ടിയെപ്പോലെ യുവമനസുകളെ ആകര്‍ഷിക്കുന്ന താരങ്ങളുടെ സാന്നിധ്യത്തോടെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതു ശരിക്കും ഫലപ്രദമാകും.


ഏതാനും ആഴ്ച മുന്‍പു സംസ്ഥാന എക്സൈസ് വകുപ്പും ബിവറേജസ് കോര്‍പറേഷനും ചേര്‍ന്നു തുടക്കമിട്ട “'അഡിക്ടഡ് ടു ലൈഫ്'’ ഫേസ്ബുക്ക് പേജും ശ്രദ്ധേയമായ കാല്‍വയ്പാണ്. ജീവിതമാണു ലഹരി എന്ന സന്ദേശം നവമാധ്യമങ്ങളിലൂടെ പകരാനുള്ള ഈ യത്നത്തിന് ഇതിനകം രണ്ടുലക്ഷത്തോളം”'ലൈക്കു'കള്‍ ലഭിച്ചുകഴിഞ്ഞു. ഇതിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ചവരുടെ എണ്ണം കോടികളാണ്.

ലഹരികള്‍ക്കും ആസക്തികള്‍ക്കുമെതിരായ ഇത്തരം പരിശ്രമങ്ങള്‍ എത്രയായാലും അധികമാവില്ല. പോലീസും എക്സൈസ് വകുപ്പും മാത്രം നടത്തേണ്ടതുമല്ല അത്. എല്ലാ പ്രസ്ഥാനങ്ങളും ഈ രംഗത്തു സജീവമാകേണ്ടതുണ്ട്. അപായകാരികളായ ലഹരികളുടെയും ആസക്തികളുടെയും അടിമകളാകാതെ ഭാവിതലമുറയെ പരിരക്ഷിക്കാനുള്ള കടമ എല്ലാവരുടെയുമാണ്. ചൈനയില്‍ ബ്രിട്ടീഷുകാര്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ നടത്തിയ കറുപ്പുയുദ്ധംപോലെ പല രാജ്യങ്ങളിലും മയക്കുമരുന്നു യുദ്ധം നടത്തുന്ന പ്രസ്ഥാനങ്ങള്‍ ഉള്ള കാലമാണിത്. ഒരു സമൂഹത്തെ കീഴ്പ്പെടുത്താനും ദുര്‍ബലമാക്കാനും അവിടത്തെ യുവസമൂഹത്തില്‍ നല്ലപങ്കിനെ ലഹരിമരുന്നുകള്‍ക്ക് അടിമപ്പെടുത്തിയാല്‍ മതിയല്ലോ. അത്തരം വിപത്തുകള്‍ക്കെതിരേ കരുതലുള്ളതാകണം നമ്മുടെ നാടും.

അതീവരഹസ്യമായി നടക്കുന്ന മയക്കുമരുന്നു വ്യാപാരവും ഉപയോഗവും കണ്െടത്തണമെങ്കില്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. കുട്ടികളുടെ ചലനങ്ങളും ബന്ധങ്ങളും സംസര്‍ഗങ്ങളും കൃത്യമായി നിരീക്ഷിച്ചാലേ അപകടവഴിയിലേക്ക് അവര്‍ കടക്കുന്നുണ്േടാ എന്ന് അറിയാന്‍ കഴിയൂ. ഈ സാഹചര്യത്തിലാണു സ്കൂള്‍തല ബോധവത്കരണത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ഓരോ കുട്ടിയും തന്റെ കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ കാവല്‍ക്കാരനോ കാവല്‍ക്കാരിയോ ആയി മാറണം. സംശയാസ്പദമായ ബന്ധങ്ങളും ഇടപെടലുകളും അപ്പഴപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടണം. കേരള പോലീസ് ഈയിടെ ആരംഭിച്ച ഓപ്പറേഷന്‍ ഗുരുകുലം ഈ രംഗത്തുള്ള ഒരു ചുവടുവയ്പാണ്. വിദ്യാര്‍ഥികള്‍ ക്ളാസില്‍ ഹാജരാകാത്തപ്പോള്‍ മാതാപിതാക്കളെ എസ്എംഎസ് വഴി അറിയിക്കുന്നതാണ് ഈ പദ്ധതി. അതേപോലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വിവരങ്ങള്‍ പങ്കുവയ്ക്കുന്ന രീതി ഉണ്ടാകണം. അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും സജീവമായ ഇടപെടലുകള്‍കൂടി ഉണ്ടായാല്‍ ക്ളാസ്മുറികളിലും കാമ്പസുകളിലുമുള്ള ഈ ജാഗ്രത ഫലവത്താകും. അപ്പോഴേ വരുംതലമുറയെ സംരക്ഷിക്കാനുള്ള ചുമതല നാം നിറവേറ്റി എന്ന് അഭിമാനിക്കാനാവൂ. ആ അഭിമാനം വളര്‍ത്താവുന്നവിധം 'ക്ളീന്‍ കാമ്പസ്, സേഫ് കാമ്പസ്' പദ്ധതി വിജയിക്കട്ടെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.