കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ അന്വേഷണം നടത്താമെന്നു ഹൈക്കോടതി
കണ്‍സ്യൂമര്‍ഫെഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ക്കെതിരേ അന്വേഷണം നടത്താമെന്നു ഹൈക്കോടതി
Wednesday, August 27, 2014 12:42 AM IST
കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ റെജി വി. നായര്‍, ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ക്കെതിരായ അഴിമതിക്കേസിലെ പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരമുള്ള തുടര്‍നടപടികളും പരിശോധനകളും തടയാനാവില്ലെന്നും അന്വേഷണം നടത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

നിലവാരമില്ലാത്ത നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി ഫെഡറേഷനും സര്‍ക്കാരിനും വന്‍ നഷ്ടമുണ്ടാക്കിയെന്നും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നുമുള്ള കേസില്‍ റെജി വി. നായര്‍, ആര്‍. ജയകുമാര്‍ എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഫെഡറേഷനിലെ കണക്കുകള്‍ പരിശോധിക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദേശത്തെ ചോദ്യംചെയ്താണ് ഇരുവരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി തുടര്‍നടപടികള്‍ തടഞ്ഞിരുന്നു. എന്നാല്‍, ഇരുവര്‍ക്കുമെതിരെ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഉത്തരവ്.


സ്റേ നീക്കുകയാണെന്നും പ്രതികള്‍ക്കെതിരേ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ തടസമില്ലെന്നും ഇരുവരുടെയും ഹര്‍ജി തള്ളി ജസ്റീസ് എ. ഹരിപ്രസാദ് ഉത്തരവിട്ടു. സര്‍ക്കാരിനു വേണ്ടി കേസില്‍ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ടോം ജോസ് പടിഞ്ഞാറേക്കര ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.