വിദ്യാഭ്യാസനയങ്ങള്‍ സമൂഹത്തെ ധാര്‍മികമൂല്യങ്ങളില്‍ അടിയുറപ്പിക്കുന്നതാകണം: സീറോ മലബാര്‍ സഭാ സിനഡ്
Wednesday, August 27, 2014 12:57 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സാമ്പത്തിക അഭ്യുന്നതി മാത്രം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമഗ്രമായ വളര്‍ച്ച സാക്ഷാത്കരിക്കുന്ന നയരൂപീകരണം ആവശ്യമാണെന്നു സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്. വിദ്യാഭ്യാസരംഗത്ത് ബഹുദൂരം മുന്നോട്ടു പോകാന്‍ സീറോ മലബാര്‍ സഭയ്ക്കു സാധിച്ചു.

വൈകല്യങ്ങള്‍ തിരുത്താനുള്ള ആര്‍ജവം നാം കാണിക്കണം. വിദ്യാഭ്യാസരംഗം ദൈവവിശ്വാസം ആഴത്തില്‍ പകര്‍ന്നുകൊടുക്കുന്നതുമാകണം. നമ്മുടെ ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ പൌരോഹിത്യ, സന്യാസ ദൈവവിളികളിലേക്കു കുട്ടികളെ ആകര്‍ഷിക്കുന്നുണ്േടായെന്നു വിലയിരുത്തേണ്ട സമയമായി.

ഉന്നത വിദ്യാഭ്യാസ രംഗത്തു സഭയുടെ ഇടപെടലുകള്‍ അനിവാര്യമാണ്. നമ്മുടെ കോളജുകള്‍ ഭാരതത്തിനു പുറത്തുള്ള കോളജുകളുമായി ബന്ധങ്ങള്‍ സ്ഥാപിച്ച്, ആഗോള വിദ്യാഭ്യാസ പരിശീലനം കുട്ടികള്‍ക്കു സാധ്യമാക്കണം. നമ്മുടെ കുട്ടികള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഉപരിപഠനത്തിനും ജോലിക്കുംവേണ്ടി യാത്ര ചെയ്യുന്നവരാണ്. ജീവിതബന്ധിയായ ദൈവ, മനുഷ്യ, പ്രകൃതി സ്നേഹത്തില്‍ വളരാന്‍ സഹായമായ അന്തരീക്ഷം കോളജുകളിലുണ്ടാകണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സേവനം ചെയ്യുന്നവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി ഒറ്റക്കെട്ടായി സഭ മുന്നേറണം.

സീറോ മലബാര്‍ സഭ വിദ്യാഭ്യാസക്കച്ചവടത്തിന് എതിരാണ്. സുതാര്യമായ പ്രവര്‍ത്തനത്തിലൂടെ മറ്റു സമൂഹങ്ങള്‍ക്കു നാം മാതൃക കാട്ടണം. ഏറ്റവും പാവപ്പെട്ട കുട്ടികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാനുള്ള സാധ്യത സഭ അന്വേഷിക്കണം. അതോടൊപ്പം കാമ്പസ് മിനിസ്ട്രി ആശയം രൂപപ്പെടുത്തണം.


മാര്‍ത്തോമ്മായുടെ പാരമ്പര്യം പേറുന്ന എല്ലാ സഭാസമൂഹങ്ങളുമായി സംവാദം തുടരേണ്ടത് അനിവാര്യമാണെന്നു സിനഡ് വിലയിരുത്തി. സ്നേഹത്തില്‍ പ്രവര്‍ത്തന നിരതമാകുന്ന വിശ്വാസത്തിലൂടെ സാധിക്കുന്ന എല്ലാ മേഖലകളിലും ഉറച്ചുനില്‍ക്കാന്‍ കഴിയണം. സഭയുടെ എല്ലാ തലത്തിലും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ തുടര്‍ശുശ്രൂഷയായി മാറണം. മാധ്യമങ്ങള്‍ സമൂഹത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നുവെന്നു സിനഡ് വിലയിരുത്തി.

ജനജീവിതത്തെ സാരമായി ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സഭ എന്തു പറയുന്നു എന്നറിയാന്‍ പൊതുജനങ്ങള്‍ക്കു താത്പര്യമുണ്ട്. പ്രശ്നങ്ങളെ നന്നായി പഠിച്ച്, ക്രിയാത്മകമായി നേരിടുവാനുള്ള നിര്‍ദേശങ്ങളുമായി സഭ മുന്നോട്ടു വരണം.

സഭാകാര്യാലയത്തില്‍ അതിനുള്ള സംവിധാനമുണ്ടാകണം. ജൂബിലിയാഘോഷിക്കുന്ന മെത്രാന്മാരെ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡില്‍ ഇന്നു വൈകുന്നേരം അനുമോദിക്കും. സിനഡ് 30ന് ഉച്ചയ്ക്കു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.