ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര
ഓണത്തിന് എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര
Wednesday, August 27, 2014 12:57 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ എപിഎല്‍, ബിപിഎല്‍ ഭേദമെന്യേ എല്ലാ കാര്‍ഡുടമകള്‍ക്കും 13.50 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാര റേഷന്‍കടകള്‍ മുഖേന നല്‍കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ബിപിഎല്‍, എഎവൈ കാര്‍ഡുടമകള്‍ക്കുള്ള പ്രതിമാസ പഞ്ചസാര വിഹിതത്തിനു പുറമേയാണിത്. ഓഗസ്റ്, സെപ്റ്റംബര്‍ മാസത്തേക്കു വിതരണത്തിന് ആവശ്യമായ റേഷന്‍ സാധനങ്ങളുടെ സ്റോക്ക് തയാറാണെന്നും ഭക്ഷ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ സംസ്ഥാന അവലോകന യോഗം വിലയിരുത്തി.

സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ക്കു പുറമേ റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗം, പോലീസ്, വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംയുക്ത സ്ക്വാഡിന്റെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു. വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ഓണച്ചന്തകളില്‍ തിരക്കു കുറയ്ക്കാന്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കൌണ്ടറുകള്‍ തുറക്കണം. ബിപിഎല്‍, ട്രൈബല്‍ വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഓഗസ്റ് നാലിനകം പൂര്‍ത്തിയാക്കും.


നിലവില്‍ മാവേലി സ്റോര്‍ ഇല്ലാത്ത 55 പഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ ഓണം ഫെയറുകള്‍ തുടങ്ങാന്‍ നടപടി സ്വീകരിക്കണം. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അഞ്ചു കിലോ അരി വിതരണവും ഓണത്തിനു മുമ്പ് പൂര്‍ത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. സിവില്‍ സപ്ളൈസ് ഡയറക്ടര്‍ ശ്യാം ജഗന്നാഥന്‍, സപ്ളൈക്കോ മാനേജിംഗ് ഡയറക്ടര്‍ എ.ടി. ജെയിംസ്, ജില്ല, താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍, എഫ്സിഐ മാനേജര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.