ഓണവിപണി ഉറപ്പായി; ബാറുകള്‍ മദ്യം ശേഖരിച്ചുതുടങ്ങി
Wednesday, August 27, 2014 12:58 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ഓണത്തിനു ബാറുകള്‍ തുറന്നിരിക്കുമെന്ന് ഉറപ്പായതോടെ ആശങ്കയുടെ മുള്‍മുനയില്‍ നിന്ന സംസ്ഥാനത്തെ 292 ബാറുകളും മദ്യം ശേഖരിച്ചു തുടങ്ങി. സെപ്റ്റംബര്‍ 12 വരെ കച്ചവടത്തിനു സൌകര്യം ലഭിക്കുമെന്നു വ്യക്തമായതോടെയാണ് ബിവറേജസ് കോര്‍പറേഷന്‍ ഗോഡൌണുകളില്‍ പണമടച്ചു സ്റോക്ക് എടുക്കാനുള്ള നടപടി തുടങ്ങിയത്.

ബിവറേജസ് കോര്‍പറേഷനിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണു ബാറുകള്‍ക്കുള്ള മദ്യവിതരണത്തിന്റെ ചുമതല. നോട്ടീസ് നല്‍കാതെ ബാറുകള്‍ അടച്ചുപൂട്ടുമെന്ന ആദ്യ പ്രചാരണത്തില്‍ ബാറുടമകളും ഭയന്നു. ബാറുകളിലുള്ള മദ്യശേഖരം ബിവറേജസ് കോര്‍പറേഷന്‍ ഏറ്റെടുത്തു പണം നല്‍കുമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും വിലകുറച്ചു വിറ്റു സ്റോക്ക് തീര്‍ക്കാനുള്ള നീക്കത്തിലായിരുന്നു ബാറുടമകള്‍. 418 ബാറുകള്‍ പൂട്ടിയശേഷമുള്ള ബാറുകളില്‍ കച്ചവടം ഇരട്ടിയായിരുന്നു.

പന്ത്രണ്ടിനു ബാറുകള്‍ പൂട്ടുമ്പോള്‍ അവശേഷിക്കുന്ന മദ്യശേഖരം ബിവറേജസ് ഗോഡൌണിലേക്കു മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍, 15 ദിവസത്തെ കാലാവധി നല്‍കിയ മുറയ്ക്കു നിലവിലുള്ള മദ്യശേഖരം ബാറുകാര്‍ വിറ്റഴിക്കുമെന്ന പ്രതീക്ഷയാണ് എക്സൈസിനുള്ളത്. പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ അവശേഷിക്കുന്ന മദ്യശേഖരമാണ് ഇനി എക്സൈസിനു മുന്നിലുള്ളത്. ചില ബാറുകളിലെ മദ്യം പ്രവര്‍ത്തിച്ചിരുന്ന ബാറുകളിലേക്ക് എക്സൈസ് അനുമതിയോടെ മാറ്റിയിരുന്നു. വിദേശമദ്യ വിപണന ചട്ടപ്രകാരം ലൈസന്‍സി റദ്ദാക്കുമ്പോള്‍ അവശേഷിക്കുന്ന മദ്യം വിറ്റഴിക്കാന്‍ അവസരം നല്‍കണം. എന്നിട്ടും മദ്യം അവശേഷിക്കുകയാണെങ്കില്‍ ലേലം ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ ലേലം ചെയ്യാന്‍ കഴിയില്ല.


ബിവറേജസ് കോര്‍പറേഷനിലേക്ക് ഇത്രയധികം മദ്യമെടുക്കേണ്ട സാഹചര്യം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉണ്ടായിരിക്കുന്നത്. നടപടിക്രമങ്ങള്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ തീരുമാനിക്കാനാണു സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

ബാറുകളില്‍ സൂക്ഷിച്ചിരുന്ന മദ്യം ബിവറേജസിലേക്ക് മാറ്റിയാലും തുടര്‍നടപടികള്‍ സംബന്ധിച്ച അവ്യക്തത തുടരുമെന്നാണു സൂചന. ലൈസന്‍സികളില്‍നിന്നുള്ള മദ്യം തിരിച്ചെടുത്ത സംഭവം ബിവറേജസിനും ഉണ്ടായിട്ടില്ല.

തിരിച്ചെത്തുന്ന മദ്യത്തില്‍ വിഷമദ്യദുരന്തത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ബാറുകളില്‍ സൂക്ഷിച്ചിരുന്ന മദ്യത്തില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല. എക്സൈസ് സാന്നിധ്യത്തില്‍ മാത്രമേ മദ്യം ബിവറേജസിലേക്ക് മാറ്റാന്‍ അനുവദിക്കുകയുള്ളു. എന്നാല്‍, മദ്യത്തില്‍ എന്തെങ്കിലും വിഷം കലര്‍ത്തുമോ എന്ന ഭയം മൂലമാണു ബിവറേജസ് അധികൃതര്‍ ഇവ ഏറ്റെടുക്കാന്‍ വിമുഖത കാട്ടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.