ഐഎന്‍ടിയുസി പ്രസിഡന്റിന്റെ പ്രസ്താവന അസഹിഷ്ണുത മൂലമെന്ന്
Wednesday, August 27, 2014 1:07 AM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ പേരില്‍ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയ്ക്കെതിരേ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്് നടത്തിയ പ്രസ്താവന അദ്ദേഹത്തിന്റെ അസഹിഷ്ണുതയാണു വ്യക്തമാക്കുന്നതെന്നു മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കര്‍ദിനാള്‍ സന്ദര്‍ശിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവരെയും സഭയുടെ തലവന്‍ എന്ന നിലയിലും സിബിസിഐ പ്രസിഡന്റ് എന്ന നിലയിലും ക്ളീമിസ് ബാവ സന്ദര്‍ശിച്ചിരുന്നുവെന്നും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് പറഞ്ഞു.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതുവഴി ഇന്ത്യയിലെ കത്തോലിക്കാസഭയുടെ മഹത്തായ പാരമ്പര്യം തുടരുകയാണു ചെയ്തത്. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആദരവ് പ്രകടിപ്പിച്ചതു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. യുപിഎ ഭരണകാലത്ത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി എന്നിവരെയും ക്ളീമിസ് ബാവ സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഒരു പോഷക സംഘടനയാണു സഭ എന്ന മിഥ്യാധാരണയാകാം ഐഎന്‍ടിയുസി പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കു പിന്നില്‍.


മദ്യനയത്തെ വിമര്‍ശിച്ചുകൊണ്ട് ക്ളീമിസ് ബാവ പ്രസംഗിക്കുകയും മദ്യനിരോധനം പ്രഖ്യാപിച്ച അന്നു വൈകുന്നേരം തന്നെ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും, പുതിയ മദ്യമയംമൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് ഒരു തുക നല്‍കുകയും ചെയ്തത് അഭിനന്ദനാര്‍ഹമാണെന്നു സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് പ്രദീപ് മാത്യു നല്ലിലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് കയ്യാലയ്ക്കല്‍, അഡ്വ. ലിജോ റോയ്, എജി പാറപ്പട്ട്, വി.സി. ജോര്‍ജ് കുട്ടി, പ്രമോദ് പി. മാര്‍ക്കോസ്, ജിഫി ആനിപ്പള്ളി, തോമസ് ഇടയാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.