പേഴ്സണലായിട്ടു പറയുവാ.. എക്സൈസ് വകുപ്പില്ലെങ്കില്‍ ഹാപ്പി എന്ന് മന്ത്രി കെ. ബാബു
പേഴ്സണലായിട്ടു പറയുവാ.. എക്സൈസ് വകുപ്പില്ലെങ്കില്‍ ഹാപ്പി എന്ന് മന്ത്രി കെ. ബാബു
Wednesday, August 27, 2014 1:08 AM IST
തിരുവനന്തപുരം: പേഴ്സണലായിട്ടു പറഞ്ഞാല്‍ എക്സൈസ് വകുപ്പില്ലെങ്കില്‍ താന്‍ ഹാപ്പിയാണെന്നു മന്ത്രി കെ. ബാബു. എക്സൈസ് വകുപ്പു തന്നില്‍നിന്നു മാറ്റി മറ്റാര്‍ക്കെങ്കിലും നല്‍കണമെന്നു മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഘട്ടത്തില്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

എക്സൈസ് ഒഴിവാക്കി ബാക്കിയുള്ള മത്സ്യബന്ധന, തുറമുഖ വകുപ്പുകള്‍ മാത്രം മതി. ബാറുകള്‍ പൂട്ടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ എക്സൈസ് വകുപ്പ് എത്രയും വേഗം ഒഴിവാക്കാനാകില്ല.

ശരീരഭാഷ മറച്ച് അഭിനയിക്കാന്‍ എനിക്ക് അറിയില്ല. പച്ചയായ മനുഷ്യന്‍ മാത്രമാണു ഞാന്‍. ബാറുകള്‍ പൂട്ടുമ്പോള്‍ വ്യാജമദ്യം തടയുന്നതുമായി ബന്ധപ്പെട്ട അസ്വസ്ഥത എനിക്കുണ്ടാകും.

കേരളം ഇതുവരെ നേരിടാത്ത വെല്ലുവിളി നേരിടുമ്പോഴുള്ള പ്രശ്നങ്ങളും ശരീരഭാഷയിലുണ്ടാകും. മന്ത്രി കെ. ബാബുവിന്റെ ശരീരഭാഷയാണു ബാര്‍ പ്രശ്നം ഇത്രത്തോളം വഷളാക്കിയതെന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയുകയായിരുന്നു അദ്ദേഹം.


തനിക്കു മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയാല്‍ മാത്രം പോരാ, മന്ത്രിപ്പണിയുണ്െടന്നും സുധീരന്റെ ആരോപണവുമായി ബന്ധപ്പെട്ട മറ്റു ചോദ്യങ്ങള്‍ക്കു കെ. ബാബു മറുപടി നല്‍കി.

കെപിസിസി പ്രസിഡന്റാണോ അഡ്വക്കറ്റ് ജനറലാണോ വലുതെന്ന ടി.എന്‍. പ്രതാപന്റെ ചോദ്യം പ്രസക്തി ഉള്ളതല്ല.

കെപിസിസി പ്രസിഡന്റാണ് പാര്‍ട്ടി ചീഫ്. നിയമത്തിന്റെ മേഖലയില്‍ എജിയാണു വലുത്. പ്രതാപനെപ്പോലെ അറിവുള്ളവര്‍ക്ക് ഇത്തരം കാര്യം അറിയില്ലെന്നു കരുതാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.