ബാറുകള്‍ സെപ്റ്റംബര്‍ 12 വരെ
Wednesday, August 27, 2014 10:59 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ സെപ്റ്റംബര്‍ 12നു പൂട്ടും. അടച്ചിട്ടിരിക്കുന്ന 418 അടക്കം 712 ബാറുകള്‍ക്ക് 15 ദിവസത്തിനകം പൂട്ടണമെന്നാവശ്യപ്പെട്ടു വിദേശ മദ്യ വിപണനച്ചട്ടം അനുസരിച്ചു നാളെ എക്സൈസ് കമ്മീഷണര്‍ നോട്ടീസ് നല്‍കും. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നോട്ടീസ് അയച്ചശേഷം പൂട്ടാന്‍ തീരുമാനിച്ചതെന്ന് ഉന്നതതല യോഗത്തിനുശേഷം എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ഇതനുസരിച്ച് ഇത്തവണത്തെ ഓണക്കാലത്തു ബാറുകള്‍ ഉണ്ടാകും.

അതേസമയം ബിയര്‍, വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് ഫീസ് നാലു ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷം രൂപയാക്കി. ബാര്‍ ലൈസന്‍സ് നഷ്ടമാകുന്നവര്‍ക്കു പുതിയ അപേക്ഷ നല്‍കി മാത്രമേ ബിയര്‍ വില്‍പ്പനയ്ക്കുള്ള ലൈസന്‍സ് (എഫ്എല്‍- 11) എടുക്കാന്‍ കഴിയുകയുള്ളൂ.

ബാറുകളില്‍ അവശേഷിക്കുന്ന മദ്യം ബിവറേജസ് കോര്‍പറേഷന്‍ തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ ലളിതമാക്കാനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. പ്രായോഗികമായ നടപടികളിലൂടെ മദ്യം തിരിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്കു രൂപംനല്‍കാന്‍ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. ഇപ്പോഴത്തെ വ്യവസ്ഥകളിലെ അവ്യക്തത മാറ്റി വ്യക്തത വരുത്താനു ള്ള മാറ്റങ്ങളാകും നടപ്പാക്കുക. ബാറുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടേണ്ട സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ലാത്തതിനാലാണു നടപടി.

ബാറുകളുടെ ലൈസന്‍സ് ഫീസ് തിരിച്ചുനല്‍കുന്നത് അടക്കമുള്ള നിയമപരമായ കാര്യങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യും. അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുന്നതും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്താകുമെന്നും മന്ത്രി അറിയിച്ചു. താത്കാലികമായാണ് 312 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കിയത്. ഇതില്‍ പഞ്ചനക്ഷത്ര പദവിയുള്ള 20 എണ്ണം ഒഴികെയുള്ള 292 ബാറുകളാണു പൂട്ടുന്നത്. താത്കാലിക ലൈസന്‍സ് ഉള്ളവ എത്രയും വേഗം പൂട്ടാമെങ്കിലും ചില വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണു നോട്ടീസ് നല്‍കി പൂട്ടാന്‍ തീരുമാനിച്ചത്. ഷോകോസ് നോട്ടീസല്ല, റിവോക്കേഷന്‍ നോട്ടീസാണു നല്‍കുന്നത്.


സംസ്ഥാനത്തു മൊത്തം 732 ഹോട്ടലുകള്‍ക്കാണു ബാര്‍ ലൈസന്‍സ് ഉള്ളത്. ഇതില്‍ നിലവാരമില്ലെന്നു കണ്െടത്തിയ 418 ബാറുകള്‍ പൂട്ടിയിരുന്നു. രണ്െടണ്ണത്തിന്റെ ലൈസന്‍സ് പുതുക്കിയിരുന്നില്ല. 20 ഹോട്ടലുകള്‍ക്കു പഞ്ചനക്ഷത്ര പദവിയുണ്ട്. ബാക്കിയുള്ള 292 എണ്ണമാണ് ഓണത്തിനു ശേഷം അടച്ചുപൂട്ടേണ്ടത്. ഇതുകൂടാതെ പൂട്ടിക്കിടക്കുന്ന 418 ബാറുകളിലെ മദ്യവും ഏറ്റെടുക്കേണ്ടതുണ്െടന്നും മന്ത്രി അറിയിച്ചു.

23 ലക്ഷം രൂപ വീതമാണു ലൈസന്‍സ് ഫീസ് ഇനത്തില്‍ വാങ്ങിയത്. അബ്കാരി നയത്തില്‍ ബിയറും വൈനും ഉള്‍പ്പെടുത്തിയിട്ടില്ല. ഇനി ഇവകൂടി ഉള്‍പ്പെടുത്തു ന്ന കാര്യവും പരിഗണിക്കും. മദ്യത്തിന് അഞ്ചു ശതമാനം അധിക സെസ് ഏര്‍പ്പെടുത്തുന്നതിനായി വിജ്ഞാപനം ഇറക്കേണ്ടിവരും.

ബാറുകള്‍ പൂട്ടിയശേഷം വ്യാജമദ്യ വിപണനം ഉള്‍പ്പെടെയുള്ളവ തടയാനുള്ള ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതുണ്ട്. എക്സൈസ് ഇന്റലിജന്‍സ് സംവിധാനവും ജില്ലാ അടിസ്ഥാനത്തില്‍ സുസജ്ജമാക്കണം. ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്നതും എക്സൈസ് നേരിടുന്ന വെല്ലുവിളിയാണ്. ബോധവത്കരണവും വര്‍ധിപ്പിക്കേണ്ടതുണ്ട്. മദ്യ- ലഹരി വിരുദ്ധ പ്രവര്‍ത്തനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തും. കള്ളുഷാപ്പുകള്‍ വഴി വിറ്റഴിക്കുന്ന കള്ളിലെ മായംചേര്‍ക്കല്‍ തടയലും ശ്രമകരമായ ജോലിയാണ്. 12 പുതിയ താലൂക്കുകളില്‍ സിഐ ഓഫീസ് സ്ഥാപിക്കുകയും ജീവനക്കാരുടെ തസ്തിക അനുവദിക്കുകയും വേണം. കൂടാതെ 35 റേഞ്ച് ഓഫീസുകള്‍ അനുവദിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും മന്ത്രി അറിയിച്ചു. ഉന്നതതല യോഗത്തില്‍ എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, നികുതി സെക്രട്ടറി എ. അജിത്കുമാര്‍, നിയമ സെക്രട്ടറി രാമരാജ പ്രേമപ്രസാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.