ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തൊടുപുഴയില്‍
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തൊടുപുഴയില്‍
Wednesday, August 27, 2014 1:30 AM IST
തൊടുപുഴ: സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏഴു ദിവസത്തെ സന്ദര്‍ശനത്തിനായി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് തൊടുപുഴയിലെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം വൈകുന്നേരം അഞ്ചോടെ തൊടുപുഴയിലെത്തി.

തമിഴ്നാട്ടിലെ മുതിര്‍ന്ന പ്രചാരക് താണുമാല്യയന്‍, സംസ്ഥാന സംഘചാലക് പി.ഇ.ബി. മേനോന്‍, മുതിര്‍ന്ന പ്രചാരക് ഗോപാലകുട്ടിമാസ്റര്‍, കേരള പ്രാന്ത് പ്രചാരക് പി.ആര്‍. ശശിധരന്‍, പ്രചാരകുമാരായ എസ്. സുദര്‍ശന്‍, എം. ഗണേശ് എന്നിവരാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്. ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനു സമീപമുള്ള രാമചന്ദ്രന്‍ മഞ്ഞാങ്കല്‍ മഠത്തിലാണ ്താമസം.

ഇന്നലെ രാത്രി നാഗ്പൂരില്‍ മൂന്നാംഘട്ട ക്യാമ്പില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു. ഗ്രാമങ്ങളില്‍ സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടുള്ള യോഗമാണ് വിളിച്ചു കൂട്ടിയത്. സന്ദര്‍ശകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലാ പോലീസ് മേധാവി അലക്സ് എം. വര്‍ക്കി, തൊടുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു എന്നിവര്‍ക്കാണ് ഇദ്ദേഹത്തിന്റെ സുരക്ഷാചുമതല. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നു വിവിധ ക്ഷേത്ര സംഘടനകളിലെ മുഴുവന്‍ സമയപ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യോഗത്തില്‍ സര്‍സംഘചാലക് മാര്‍ഗദര്‍ശനം നല്‍കും. വൈകുന്നേരം ഇടുക്കി ജില്ലയിലെ രണ്ട് താലൂക്കുകളിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സാംഘിക്കില്‍ പങ്കെടുക്കും. നാളെ കട്ടപ്പന ടൌണ്‍ഹാളില്‍ ഇടുക്കി റവന്യൂ ജില്ലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുക്കും. 29ന് സംഘചാലകന്മാരുടെ യോഗത്തിലും പങ്കെടുക്കും. 30ന് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറില്‍ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ സംസ്ഥാന ചുമതലയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ബൈഠക്കില്‍ പങ്കെടുക്കും. അന്ന് ഉച്ചകഴിഞ്ഞ് 3.30ന് അരവിന്ദ വിദ്യാമന്ദിറിന്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.