കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു
കെഎസ്ആര്‍ടിസി പണിമുടക്ക് പിന്‍വലിച്ചു
Wednesday, August 27, 2014 12:40 AM IST
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സംയുക്ത സമരസമിതി നടത്താനിരുന്ന 48 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. സമരസമിതി നേതാക്കളുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണു പണിമുടക്ക് പിന്‍വലിച്ചത്. സമരസമിതി ഉന്നയിച്ച പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി സംയുക്ത സമരസമതി അറിയിച്ചു. 241 സൂപ്പര്‍ ക്ളാസ് റൂട്ടുകള്‍ കെഎസ്ആര്‍ടിസി ഏറ്റെടുക്കുന്നതിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിപ്പിക്കാമെന്നും 31 നോട്ടിഫൈഡ് റൂട്ടുകള്‍ സംരക്ഷിക്കാന്‍ ഉതകുന്ന തീരുമാനം കോടതിയെ അറിയിക്കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ കുടിശിക ഉള്ളതില്‍ രണ്ടു മാസത്തേത് ഓണത്തിന് മുമ്പും ഒരു മാസത്തേത് സെപ്റ്റംബര്‍ 20 നു മുമ്പും നല്‍കാമെന്നു മന്ത്രി ഉറപ്പുനല്‍കി. ഓണക്കാല ആനുകൂല്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ വിതരണം ചെയ്യുമെന്നും സംയുക്ത സമരസമതി പ്രതിനിധികള്‍ അറിയിച്ചു.


ചര്‍ച്ചയില്‍ വിവിധ സംഘടനാ നേതാക്കളായ കെ.കെ. ദിവാകരന്‍, തമ്പാനൂര്‍ രവി, സി. കെ. ഹരികൃഷ്ണന്‍, ടി. ദിലീപ് കുമാര്‍, വി. ശാന്തകുമാര്‍, ശിവകുമാര്‍, എം. ജി. രാഹുല്‍, കെ. ജയകുമാര്‍, കെ. ഗോപിനാഥന്‍ നായര്‍, തകിടി കൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

കെഎസ്ആര്‍ടിസി എംപ്ളോയീസ് അസോസിയേഷന്‍ (സിഐടിയു), കെഎസ്ആര്‍ടിസി ലേബര്‍ യൂണിയന്‍, കെഎസ്ആര്‍ടിസി എംപ്ളോയീസ് യൂണിയന്‍ (എഐടിയുസി), കെഎസ്ടി എംപ്ളോയീസ് സംഘ് (ബിഎംഎസ്) എന്നീ സംഘടനകളുമായി ചേര്‍ന്ന് സംയുക്ത സമരസമിതി രൂപീകരിച്ചാണു പണിമുടക്ക് നടത്തുന്നതിനു തീരുമാനി ച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.