ഡിസിഎല്‍ ബാലരംഗം
Thursday, August 28, 2014 12:22 AM IST
കൊച്ചേട്ടന്റെ കത്ത്/ വേണം, അധ്യാപക-വിദ്യാര്‍ഥി അനുതാപം


സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

ലോക ഗുരുവായ യേശുക്രിസ്തുവിന് പന്ത്രണ്ടു ശിഷ്യന്മാരുണ്ടായിരുന്നു. ആശാനിഗ്രഹത്തിന്റെ ആശയം പങ്കുവച്ച ശ്രീബുദ്ധന്റെ ശിഷ്യന്മാരായിരുന്നു മഹാകശ്യപനും അനിരുദ്ധനും. വിശുത ചിന്തകനായ സോക്രട്ടീസിന്റെ ശിഷ്യനാണ് പ്ളേറ്റോ. ലോകപ്രശസ്ത തത്വചിന്തകനായ അരിസ്റോട്ടില്‍, പ്ളേറ്റോയുടെ ശിഷ്യനാണ്.

അറിവിന്റെ കിളിവാതിലുകള്‍ തുറന്ന്, വിജ്ഞാനത്തിന്റെ വിശാലമായ ആകാശങ്ങളില്‍ വിഹരിക്കുന്ന ഓരോ വ്യക്തിക്കും തങ്ങളുടെ വളര്‍ച്ചയില്‍ വഴിവിളക്കായ ഒരു ഗുരുസാന്നിധ്യത്തിന്റെ സ്മരണ പങ്കുവയ്ക്കാനുണ്ടാകും.

ജീവിതത്തിന്റെ സ്വരാക്ഷരങ്ങളായ അച്ഛനുമമ്മയും ഗുരുത്വത്തിന്റെ അക്ഷരമാലയിലെ ആദ്യാക്ഷരങ്ങളാണ്. വിരല്‍ത്തുമ്പിലെ ആദ്യാക്ഷരത്തിന്റെ അരിമണിസ്പര്‍ശം പകര്‍ന്ന ആശാന്മാരും, കളരിമുറ്റങ്ങളില്‍ കളിചിരികളുടെ കലപില പകര്‍ന്ന കളിക്കൂട്ടുകാരും അറിവിന്റെ ആദ്യ പടികളിലെ പിടിവള്ളികളാണ്.

ജീവിതവിജയംകൊണ്ട് ലോകചരിത്രത്തെ വിസ്മയിപ്പിച്ച എല്ലാവരും ശിരസുനമിച്ച് ഉരുവിടുന്ന ഒരു മന്ത്രമുണ്ട്. "ഗുരു ദേവോ ഭവ.'' ഗൂരു ദൈവതുല്യനാണ്. ഗുരുവില്ലാതെ ശിഷ്യനില്ല. കലാ കായിക പ്രതിഭകള്‍ വെന്നിക്കൊടി പാറിക്കുന്ന വേദികള്‍ക്കു പിന്നിലോ, സദസിന്റെ അരികുകളിലോ, ഒരു ഗുരുവിന്റെ നെടുവീര്‍പ്പുയരുന്നുണ്ടാവും... കാമറക്കണ്ണുകള്‍ക്കുമുന്നില്‍ നിറകണ്ണുകള്‍ തുളുമ്പുമ്പോഴും ചാനല്‍ ചോദ്യങ്ങളില്‍ വിജയരഹസ്യം പങ്കുവയ്ക്കുമ്പോഴും ഗുരുത്വമുള്ള ശിഷ്യഗണങ്ങള്‍, മറക്കാറില്ല, മറക്കാന്‍ കഴിയില്ല, വിജയത്തിലേക്കു കൈപിടിച്ചു കയറ്റിയ ഗുരുസ്മരണകള്‍!

ഇന്ന് ഗുരുത്വവും ശിഷ്യത്വവും അര്‍ഥഭേദങ്ങളുടെ ആക്രമണത്തിനിരയാവുകയാണ്. നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഇന്ന് ഗുരുക്കന്മാരുണ്േടാ? ഗുരുവാകാത്ത ഗുരുക്കന്മാരെക്കൊണ്ട്, കലാലയങ്ങള്‍ അസ്വസ്ഥമാകുന്നുണ്േടാ? രാഷ്ട്രീയവും മതവും തീവ്രവാദവും മൂല്യശോഷണവും മാധ്യമങ്ങളുടെ ദുഷിച്ച സ്വാധീനവുമെല്ലാം ഗുരുശിഷ്യ ബന്ധങ്ങളില്‍ മുള്‍വേലികള്‍ പണിയുമ്പോള്‍ തരംതിരിവുകളുടെ വികൃത താളങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ചുവടുകളിടറുകയാണ്. അതുകൊണ്ട്, ഇന്ന് നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഒരു ഗുരുവിന്റെയും ശിഷ്യരാകാത്ത വിദ്യാര്‍ഥികള്‍ പെരുകുകയല്ലേ?

ഇന്ന് ഗുരു വിദ്യാലയത്തിനു പുറത്താണ്. കലാലയങ്ങള്‍ക്കു പുറത്തുനിന്നും വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്ന പാര്‍ട്ടിയാഫീസാണ് ഇന്നത്തെ ഗുരു. കലാലയങ്ങളിലും കലാപങ്ങളുടെ അണലിമുട്ടകള്‍ വിതറുവാന്‍ കാമ്പസിനു പുറത്തുനിന്നും റിമോട്ടുകണ്‍ട്രോള്‍ ആയി മറഞ്ഞിരിക്കുകയാണ് ആധുനിക ഗുരുക്കന്മാര്‍. അതുകൊണ്ടാണ് ഇന്നത്തെ ശിഷ്യര്‍ക്ക്, തങ്ങള്‍ ആരുടെ ശിഷ്യര്‍ എന്ന് അറിയാനാവാത്തത്.

കൂട്ടുകാരേ, വിദ്യാലയങ്ങളിലും കലാലയങ്ങളിലും അധ്യാപക - വിദ്യാര്‍ഥി അനുപാതം ഏറെ പ്രധാനമാണ്. എന്നാല്‍, ഇന്നു മുക്കുവേണ്ടത്, അനുപാതമല്ല, അനുതാപമാമണ്. ഗുരുവാകാത്ത ഗുരുക്കന്മാര്‍ അനുപതിക്കണം. ശിഷ്യരാകാന്‍ മനസില്ലാത്ത വിദ്യാര്‍ഥികള്‍ അനുതപിക്കണം. ഗുരു-ശിഷ്യബന്ധത്തിന്റെ പാവനതയില്‍ ബോധപൂര്‍വം കലാലയ രാഷ്ട്രീയവിഷം കലക്കിയ ഇക്കാലത്തും, ശിഷ്യഗണങ്ങള്‍ക്ക് അറിവിന്റെ തനിമ വിനിമയം ചെയ്യുന്ന ഒട്ടേറെ നല്ല ഗുരുക്കന്മാരുണ്ട്. അവരെ ആരും അറിയണമെന്നില്ല. അറിയിക്കണമെന്ന് അവര്‍ക്കും ആഗ്രഹമുണ്ടാവില്ല. അവര്‍ ഭാവി ഗുരുശിഷ്യബന്ധത്തിന്റെ അനുപാതം നിര്‍ണയിക്കും. കൂട്ടുകാര്‍, ഗുരുഭക്തിയുള്ളവരായിരിക്കുക. ഗുരുവുള്ളവരായിരിക്കുക. എല്ലാ ഗുരുസ്ഥാനീയര്‍ക്കും നന്മനിറഞ്ഞ നമസ്കാരം.

ആശംസകളോടെ, സ്വന്തം കൊച്ചേട്ടന്‍

ആലപ്പുഴ മേഖലാ ഭാരവാഹികള്‍

ലീഡര്‍- എസ്. ഗൌരി(സെന്റ് മൈക്കിള്‍സ് എച്ച്എസ്, തത്തംപള്ളി), ഡെപ്യൂട്ടി ലീഡര്‍- ജെയിംസ് ജോസഫ്(കെ.ഇ. കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍, മുഹമ്മ), സെക്രട്ടറി- എസ്. യദുകൃഷ്ണന്‍(സെന്റ് മേരീസ് ആര്‍.സി. സ്കൂള്‍, ആലപ്പുഴ), അക്ഷര കുമാര്‍(സെന്റ് ആന്റണീസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ആലപ്പുഴ), ട്രഷറര്‍- അനുപമ രാജ്(സെന്റ് ആന്റണീസ് ജിഎച്ച്എസ്, ആലപ്പുഴ), പ്രോജക്ട് സെക്രട്ടറി-അജയ് ചന്ദ്രന്‍(എസ്.വി.ഡി. യുപിഎസ്, പുറക്കാട്), കൌണ്‍സിലേഴ്സ്- അജയ്ആന്‍ഡ്രൂസ് (ജ്യോതിനികേതന്‍ ഇംഗ്ളീഷ് മീഡിയം സ്കൂള്‍, പുന്നപ്ര), ഐശ്വര്യ എ.. ജോസഫ്( സെന്റ് ആന്റണീസ് ജിഎച്ച്എസ്, ആലപ്പുഴ).

'പൊന്നോണത്തുമ്പികള്‍ സെപ്റ്റംബര്‍ 10 മുതല്‍

കോട്ടയം: ദീപിക ബാലസഖ്യം ഓണാവധിക്കാലത്തു സെപ്റ്റംബര്‍ 10, 11, 12, 13 തീയതികളില്‍ മൂന്നാര്‍ കൊരണ്ടക്കാട് കാര്‍മ്മല്‍ഗിരി പബ്ളിക് സ്കൂളില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രതിഭാസംഗമം അഡ്വ. ജോയി ഏബ്രഹാം എംപി ഉദ്ഘാടനം ചെയ്യും.


പത്തിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന ക്യാമ്പ് 13-നു രാവിലെ 10നു സമാപിക്കും.

മധ്യവേനല്‍ അവധിക്കാലത്ത് പ്രവിശ്യാക്യാമ്പില്‍ പങ്കെടുത്ത് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും പ്രവിശ്യാ, മേഖലാ ഭാരവാഹികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

നേതൃത്വ പരിശീലനം, പ്രസംഗപരിശീലനം, ഡിബേറ്റ്, കലാസന്ധ്യ, പഠനവിനോദയാത്ര, ലഹരിവിരുദ്ധ റാലി, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം തുടങ്ങിയവ ക്യാ മ്പിന്റെ പ്രത്യേ കതകളാണ്.

ഇതോടൊപ്പം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. ക്യാമ്പിന് കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാര്‍, മേഖലാഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

രജിസ്ട്രേഷന്‍ ഫീസ് 700 രൂപ. പങ്കെടുക്കുന്നവരുടെ പേരുകള്‍ പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ സെപ്റ്റംബര്‍ ഒന്നിനു മുമ്പായി കേന്ദ്ര ഓഫീസില്‍ അറിയിക്കേണ്ടതാണ്.

ആലപ്പുഴ പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റും തെരഞ്ഞെടുപ്പും ശനിയാഴ്ച

ആലപ്പുഴ: ദീപിക ബാലസഖ്യം ആലപ്പുഴ പ്രവിശ്യാ ഡയറക്ടേഴ്സ് മീറ്റും മികച്ച സ്കൂളുകളെ ആദരിക്കലും പ്രവിശ്യാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ശനിയാഴ്ച രാവിലെ ഒന്‍പതിന് ആലപ്പുള ലിയോ തേര്‍ട്ടീന്‍ത് എല്‍.പി. സ്കൂളില്‍ നടക്കും. ഒന്‍പതിനു ശാഖാ ഡയറക്ടര്‍മാര്‍ക്കുള്ള സെമിനാര്‍ ആരംഭിക്കും. സെബിന്‍വര്‍ഗീസ് ക്ളാസ് നയിക്കും. 11ന് ചേരുന്ന സമ്മേളനം രാഷ്ട്രദീപിക സിഎംഡി മോണ്‍. മാത്യു എംചാലില്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കൊച്ചേട്ടനും എടത്വ സെന്റ് ജോര്‍ജ് ഫൊറോനാവികാരിയുമായ ഫാ. ജെ.മണക്കുന്നേല്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ ആമുഖ പ്രസംഗം നടത്തും. പ്രവിശ്യാ പ്രസിഡന്റ് സെന്‍ കല്ലുപുര, കോ- ഓര്‍ഡിനേറ്റര്‍ വി.കെ. മറിയാമ്മ, ദീപിക ആലപ്പുഴ ബ്യൂറോ ചീഫ് ഉമേഷ്, പ്രവിശ്യാ സെക്രട്ടറി ആനിമ്മ ജോസഫ്, ചേര്‍ത്തല മേഖലാ ഓര്‍ഗനൈസര്‍ ആലീസ് എന്‍.എം. എന്നിവര്‍ പ്രസംഗിക്കും.

സമ്മേളനത്തില്‍വച്ച് 100 ശതമാനം വിജയം വരിച്ച സ്കൂളിലെ പ്രഥമാധ്യാപകരെയും സമ്പൂര്‍ണ്ണ ഡിസിഎല്‍ സ്കൂളുകളെയും ആദരിക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമ്മേളനത്തില്‍വച്ച് പ്രവിശ്യാ തെരഞ്ഞെടുപ്പു നടക്കും. എല്ലാ മേഖലാ ഭാരവാഹികളും ശാഖാ ഡയറക്ടര്‍മാരും എത്തിച്ചേരണമെന്നു കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പത്തനംതിട്ട പ്രവിശ്യാ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 6-ന്

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം പത്തനംതിട്ട പ്രവിശ്യാ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ആറാംതീയതി കാഞ്ഞിരപ്പള്ളി സെന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ടില്‍വച്ച് നടക്കും. രാവിലെ 10നു ആരംഭിക്കുന്ന സമ്മേളനം ഡിസിഎല്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ വര്‍ഗീസ് കൊച്ചുകുന്നേല്‍ ഉദ്ഘാടനം ചെയ്യും. മേഖലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കൌണ്‍സിലര്‍മാര്‍ക്കാണ് പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ളത്. തെരഞ്ഞെടുപ്പിന് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. തോമസ് നേതൃത്വം നല്‍കും.

റിയാമോള്‍ ടോമി ജനറല്‍ ലീഡര്‍, ജെഫിന്‍ ജെറിയും സോന സിബിയും കൌണ്‍സിലര്‍മാര്‍

പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ജനറല്‍ ലീഡറായി കടനാട് സെന്റ് സെബാസ്റ്യന്‍സ് എച്ച്.എസ്.എസിലെ റിയാമോള്‍ ടോമി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴ ജയ്റാണി പബ്ളിക് സ്കൂളിലെ ജെഫിന്‍ ജെറിയും അറക്കുളം സെന്റ് മേരീസ് എച്ച്.എസ്. എസിലെ സോന സിബിയുമാണ് പ്രവിശ്യാ കൌണ്‍സിലര്‍മാര്‍.

പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന സമ്മേളനത്തിലാണ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.

മറ്റു ഭാരവാഹികള്‍: മാത്യു ടോം (ഡിപോള്‍ പബ്ളിക് സ്കൂള്‍, കുറവിലങ്ങാട്) - ഡെപ്യൂട്ടിലീഡര്‍, ഡിന്റോ ഡേവിസ് (സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ), ഐറിന്‍ ആനി പ്രകാശ് (ചാവറ സിഎംഐ പബ്ളിക് സ്കൂള്‍, പാലാ) - സെക്രട്ടറിമാര്‍, അശ്വതി മണി (സെന്റ് ജോസഫ്സ് ഇ.എം.എച്ച്.എസ്. കീഴൂര്‍) - ട്രഷറര്‍, അമല്‍ ടോം എസ്.എച്ച്.ഇ. എം.എച്ച്.എസ്. എസ്. മൂലമറ്റം) - പ്രോജക്ട് സെക്രട്ടറി.

ഭാരവാഹികള്‍ക്ക് പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. തോമസ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തോമസ് കുണിഞ്ഞി, ടി.എ. ജോസഫ്, ബിനു എസ്., എബി ജോര്‍ജ്, പി.ജെ. ലില്ലിക്കുട്ടി, ഷാജി ഫിലിപ്പ്, സിസ്റര്‍ ലൈസാ ജോസ്, ജയ്സണ്‍ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.