അനുഗ്രഹത്തിന്റെ നൂറു വര്‍ഷങ്ങള്‍
അനുഗ്രഹത്തിന്റെ നൂറു വര്‍ഷങ്ങള്‍
Thursday, August 28, 2014 12:33 AM IST
ഫാ. ജോയ് പുതുശേരി

ജൂബിലിയുടെ നിറവിലാണു ലോകമെമ്പാടുമുള്ള ഷേണ്‍സ്റാട്ട് അംഗങ്ങള്‍. അഞ്ചു ഭൂഖണ്ഡങ്ങളിലായി 128 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഷേണ്‍സ്റാട്ട് കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രസ്ഥാനത്തിന്റെ നൂറാം ജന്മദിനം ആഘോഷിക്കുകയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിഞ്ഞ ഫാ. ജോസഫ് കെന്റണിക് (1885 -1968) ആണ് അന്തര്‍ദേശീയ ഷേണ്‍സ്റാട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍.

കുടുംബബന്ധങ്ങളെ വിശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിലൂടെ സഭയേയും സമൂഹത്തേയും നവീകരിക്കുന്നതില്‍ പങ്കുചേരുകയാണു ഷേണ്‍സ്റാട്ട് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഷേണ്‍സ്റാട്ട് വൈദികരോടും ഷേണ്‍സ്റാട്ട് സിസ്റേഴ്സിനോടുമൊപ്പം വനിതാ- യുവജന- കുടുംബ പ്രസ്ഥാനത്തിലെ അംഗങ്ങളും കര്‍മനിരതരാണ്.

1885 നവംബര്‍ 18നു കൊളോണിനടുത്തുള്ള ഗിംനിഹ് എന്ന സ്ഥലത്താണ് ജോസഫ് കെന്റണിക് ജനിച്ചത്. ഒരു സാധാരണ കുടുംബത്തിലെ ഏക സന്താനം. ചെറുപ്പും മുതലേ വൈദികനാകാന്‍ ആഗ്രഹിച്ചു. ഈ സ്വപ്നസാക്ഷാത്കാരത്തിനു കെന്റണിക്കിനു വൈതരണികള്‍ പലതും നേരിടേണ്ടിവന്നു. മോശമായ ആരോഗ്യസ്ഥിതിയും, തീക്ഷ്ണവും സ്വതന്ത്രവും ആധുനികവുമായ ചിന്താപ്രവണതയും അധികാരികളില്‍ പുനരാലോചനയ്ക്കും സംശയത്തിനും ഇടനല്‍കിയെങ്കിലും 1910 ജൂലൈ എട്ടിനു പൌരോഹിത്യം നല്‍കപ്പെട്ടു.

19-ാം നൂറ്റാണ്ടിന്റെ പാരമ്പര്യ വും 20 -ാംനൂറ്റാണ്ടിന്റെ വെല്ലുവിളികളും സമന്വയിപ്പിച്ച് 1914 ഒക്ടാബര്‍ 18നു ഫാ. ജോസഫ് കെന്റണിക് ലളിതമായ രീതിയില്‍ ഷേണ്‍സ്റാട്ട് പ്രസ്ഥാനം ആരംഭിച്ചു. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ടിനും ബോണിനും മധ്യേ റൈന്‍ നദീതീരത്തു സ്ഥിതി ചെയ്യുന്ന സ്ഥലമാണു ഷേണ്‍സ്റാട്ട്. അവിടെ ആരംഭിച്ചതുകൊണ്ടാണു പ്രസ്ഥാനം ഷേണ്‍സ്റാട്ട് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ വാക്കിന്റെ അര്‍ഥം മനോഹരമായ സ്ഥലം എന്നാണ്. 1930-40കളില്‍ ഹിറ്റ്ലര്‍ കിരാതവാഴ്ച നടത്തിയപ്പോള്‍ പ്രത്യാശയുടെ പൊന്‍ദീപം നല്‍കിയ ആധ്യാത്മിക ഉപദേ

ഷ്ടാവായിരുന്നു കെന്റണിക് അച്ചന്‍. ജര്‍മനിയിലെ നേതൃനിരയിലുള്ള എല്ലാവരും, പ്രത്യേകിച്ച് ആധ്യാത്മിക രംഗത്തുള്ളവര്‍, അച്ചന്റെ അടുത്തു ധ്യാനം നടത്തുകയോ പ്രസംഗം കേള്‍ക്കുകയോ ചെയ്തിട്ടുണ്ട്.

അനുദിന ജീവിതത്തിലെ ചെറിയ സംഭവങ്ങളിലൂടെ ദൈവം മനുഷ്യരോടു സംസാരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഹിറ്റ്ലറുടെ രഹസ്യപ്പോലീസായ ഗെസ്റപ്പോ 1941 സെപ്റ്റംബര്‍ 20ന് അച്ചനെ അറസ്റ് ചെയ്തു. രോഗിയായിരുന്നിട്ടും 1942 ജനുവരി 20ന് പീഡനത്തിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന ഡാഹൌവിലേക്കു പോകാന്‍ അച്ചന്‍ തീരുമാനിച്ചു. ആകസ്മികമായ ഈ ജീവിതപ്രയാണത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ അദ്ദേഹം ആഴത്തില്‍ അനുഭവിച്ചറിഞ്ഞു. ഹിറ്റ്ലര്‍ തന്റെ ആശയങ്ങള്‍ എതിര്‍ത്തവരെ കഠിനമായി ശിക്ഷിച്ചു. പക്ഷേ, അതിലൊന്നും ഭയപ്പെടാതെ തന്റെ പ്രസംഗത്തിലുടനീളം ഹിറ്റ്ലറുടെ തെറ്റായ ചിന്താഗതിയെ അച്ചന്‍ നിശിതമായി വിമര്‍ശിച്ചു.


1951 മുതല്‍ 1965 വരെ ഫാ. കെന്റണിക്കിനു താന്‍ ജീവന്‍ നല്‍കി വളര്‍ത്തിയ ഷേണ്‍സ്റാട്ട് കുടുംബത്തില്‍നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു. പതിന്നാലു വര്‍ഷം അമേരിക്കയിലെ മില്‍വോക്കി എന്ന സ്ഥലത്ത് അദ്ദേഹം ചെലവഴിച്ചു. തിരസ്കരണത്തിന്റെയും മാനസിക തകര്‍ച്ചയുടെയും ഈ നിമിഷങ്ങളിലും പതറാതെ ദൈവപരിപാലനയില്‍ അടിയുറച്ചു വിശ്വസിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പോള്‍ ആറാമന്‍ മാര്‍പാപ്പ ഫാ. കെന്റണിക്കിന്റെ വിലക്ക് 1965-ല്‍ റദ്ദാക്കുകയും അദ്ദേഹം ഷേണ്‍സ്റാട്ടിലേക്ക് തിരിച്ചുവരികയും ചെയ്തു.

1965 ഡിസംബര്‍ 22ന് പോള്‍ ആറാമന്‍ മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പോള്‍ ആറാമന്‍ മാര്‍പാപ്പ പണിയാനാഗ്രഹിച്ച 'സഭയുടെ മാതാവ്' എന്ന പള്ളിക്കുവേണ്ടി ഫാ. കെന്റണിക് കാസയും പീലാസയും മാര്‍പാപ്പയെ ഏല്‍പ്പിച്ചു. 1968 സെപ്റ്റംബര്‍ 15നു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സങ്കീര്‍ത്തിയില്‍ വന്ന ഫാ. കെന്റണിക് അവിടെത്തന്നെ വീണുമരിച്ചു. അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ഷേണ്‍സ്റാട്ട് പ്രസ്ഥാനത്തിന്റെ ആത്മീയ സ്രോതസ് പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള ഷേണ്‍സ്റാട്ട് കപ്പേളകളാണ്. 1914ല്‍ വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ഒരു സെമിത്തേരി കപ്പേളയിലായിരുന്നു ഷേണ്‍സ്റാട്ട് കപ്പേളയുടെ തുടക്കം. പള്ളോട്ടി സെമിനാരിയിലെ മരിയന്‍ സൊഡാലിറ്റി അംഗങ്ങള്‍ക്കു പ്രാര്‍ഥിക്കാനും ഒന്നിച്ചുകൂടാനുമുള്ള ഒരു സങ്കേതമായിട്ടാണ് ഈ കപ്പേളയെ കണ്ടത്. 1947ലാണു കത്തോലിക്കാസഭ ഔദ്യോഗികമായി ഷേണ്‍സ്റാട്ട് കപ്പേളയെ തീര്‍ഥാടക കേന്ദ്രമായി പ്രഖ്യാപിച്ചത്.

ഷേണ്‍സ്റാട്ട് കപ്പേളകള്‍ ലോകത്തില്‍ എല്ലായിടത്തും ഒരുപോലെയാണ് പണിയുക. വൈയക്തികമായും മാനസികമായും കപ്പേളയുമായി ആത്മീയബന്ധം നിലനിര്‍ത്തുന്നതിനു കപ്പേളകളുടെ രൂപസാദൃശ്യം സഹായിക്കും. പല രാജ്യങ്ങളിലായി 200ലധികമുള്ള ഷേണ്‍സ്റാട്ട് കപ്പേളകളാണ് അതാതു സ്ഥലങ്ങളിലെ ഷേണ്‍സ്റാട്ട് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രം.

ഇന്ത്യന്‍ ഷേണ്‍സ്റാട്ട് പ്രസ്ഥാനത്തിന്റെ ആരംഭവും ആത്മീയ സ്രോതസും അന്തരിച്ച ഫാ. ജോസ് അക്കരക്കാരന്‍ 1969ല്‍ ഇരിങ്ങാലക്കുട രൂപതയിലെ ആളൂര്‍ എന്ന സ്ഥലത്തു നിര്‍മിച്ച കപ്പേളയാണ്. ബാംഗളൂര്‍, മധുര, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലായി അഞ്ചു ഷേണ്‍സ്റാട്ട് കപ്പേളകള്‍ ഇന്ത്യയിലുണ്ട്. ഓഗസ്റ് 30ന് തൃശൂര്‍ കുറ്റൂരിലെ സിയോണ്‍ സെന്ററില്‍ ആശീര്‍വദിക്കപ്പെടുന്ന ഷേണ്‍സ്റാട്ട് കപ്പേള ജൂബിലിവര്‍ഷത്തിന്റെ നിറദീപമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.