അവഗണിക്കപ്പെടുന്ന തൊഴിലാളികളുടെ ശാക്തീകരണം അനിവാര്യം: മാര്‍ പെരുന്തോട്ടം
അവഗണിക്കപ്പെടുന്ന തൊഴിലാളികളുടെ  ശാക്തീകരണം അനിവാര്യം: മാര്‍ പെരുന്തോട്ടം
Thursday, August 28, 2014 1:01 AM IST
ചങ്ങനാശേരി: അവഗണിക്കപ്പെടുന്ന തൊഴിലാളികളെ സംഘടിപ്പിക്കാനും അവരുടെ ശാക്തീകരണത്തിനും വൈദികര്‍ നേതൃത്വം നല്‍കേണ്ടത് അനിവാര്യമാണെന്നു കെസിബിസി വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം.

കേരള ലേബര്‍ മൂവ്മെന്റിന്റെ നേതൃത്വത്തില്‍ കുന്നന്താനം സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സംസ്ഥാന തലത്തില്‍ വൈദികര്‍ക്കു വേണ്ടി ആരംഭിച്ച ത്രിദിനക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനും വിശ്വാസ പരിശീലനത്തിനുമായി കെഎല്‍എമ്മിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്നും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.

തൊഴിലാളികള്‍ അധ്വാനശീലരാണെന്നും അവരെ വിശ്വാസത്തിലെടുത്തു സമൂഹത്തിന്റെ സമഗ്രവികസനത്തിനു നേതൃത്വം നല്‍കണമെന്നും ആര്‍ച്ച്ബിഷപ് നിര്‍ദേശിച്ചു. കെസിബിസി ലേബര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പൊരുന്നേടം ആമുഖപ്രസംഗം നടത്തി. സര്‍ക്കാരിന്റെയും മറ്റു ഏജന്‍സികളുടെയും ക്ഷേമ പദ്ധതികള്‍ തൊഴിലാളികള്‍ക്ക് എത്തിച്ചു കൊടുക്കാന്‍ വൈദികര്‍ ശ്രദ്ധ പതിപ്പിക്കണം. സഭാസ്ഥാപനങ്ങളിലെ തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ കെസിബിസി പുറപ്പെടുവിച്ച പീപ്പിള്‍ മാനേജ്മെന്റ് പോളിസി പ്രകാരം എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കെഎല്‍എം സംസ്ഥാന പ്രസിഡന്റ് ജോയി ഗോതുരുത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ്, അതിരൂപതാ ഡയറക്ടര്‍ ഫാ. ബെന്നി കുഴിയടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോര്‍ജ് വര്‍ഗീസ്, ഫാ. സേവ്യര്‍ കുടിയാംചേരി, ജോസഫ് ജൂഡ് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ചു ക്ളാസ് നയിച്ചു. കേരളത്തിലെ 31 രൂപതകളില്‍നിന്നു തെരഞ്ഞെടുത്ത 95 വൈദികര്‍ ക്യാമ്പില്‍ സംബന്ധിക്കുന്നുണ്ട്. കൊല്ലം ബിഷപ് ഡോ. സ്റാന്‍ലി റോമന്‍, പത്തനംതിട്ട ബിഷപ് യൂഹന്നാന്‍ മാര്‍ ക്രിസോസ്റോം എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ക്യാമ്പ് ഇന്നു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.