ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചതു സ്വാഗതാര്‍ഹം: ജോയ്സ് ജോര്‍ജ് എംപി
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചതു സ്വാഗതാര്‍ഹം: ജോയ്സ് ജോര്‍ജ് എംപി
Thursday, August 28, 2014 1:02 AM IST
ഇടുക്കി: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോയ്സ് ജോര്‍ജ് എംപി.

ഇതോടൊപ്പം നവംബര്‍ 13 -ലെ കരടുവിജ്ഞാപനം പിന്‍വലിക്കണം. രണ്ടു റിപ്പോര്‍ട്ടുകളിലും ഗുരുതരമായ പിഴവുകള്‍ അടങ്ങിയിട്ടുണ്െടന്നും ഇതു പരിഹരിച്ചു മാത്രമേ പശ്ചിമഘട്ട സംരക്ഷണത്തിന് അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് നിലനില്‍ക്കെത്തന്നെ അതില്‍ ഒരു റിപ്പോര്‍ട്ട് പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ തയാറായ കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും ജനഹിതം മാനിച്ചു തീരുമാനമെടുക്കുമെന്നാണു കരുതുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കില്ലെന്നു കേന്ദ്ര വനം പരിസ്ഥിതിമന്ത്രി പ്രകാശ് ജാവേദ്കര്‍ പാര്‍ലമെന്റില്‍ തന്റെ പ്രസംഗത്തിനു മറുപടി പറയവേ വ്യക്തമാക്കിയിരുന്നു.

ഇടതുപക്ഷ എംപിമാരോടൊപ്പം നല്‍കിയ നിവേദനത്തിനു മറുപടി പറഞ്ഞപ്പോഴും മന്ത്രി ഇക്കാര്യം വിശദീകരിച്ചിരുന്നു.

ജനപ്രതിനിധികളുമായും ജനങ്ങളുമായും അഭിപ്രായ സമന്വയമുണ്ടാക്കിയും ജനവാസകേന്ദ്രങ്ങളെ പൂര്‍ണമായി ഒഴിവാക്കിയുംമാത്രമെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുകയുള്ളൂവെന്നു കേന്ദ്ര ഗവണ്‍മെന്റ് പലവട്ടം വ്യക്തമാക്കിക്കഴിഞ്ഞു.


പരിസ്ഥിതി സംരക്ഷണത്തിന്റെ മറവില്‍ കൃഷിക്കാരെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനത്തെയും അംഗീകരിക്കില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനപങ്കാളിത്തത്തോടെയും മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാവുകയുള്ളൂ. ഇക്കാര്യം കേന്ദ്ര ഗവണ്‍മെന്റിന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ മലയോര മേഖലയില്‍ അലയടിച്ചുയര്‍ന്ന പ്രക്ഷോഭത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഇത് അഭിമാനകരമായ നിമിഷങ്ങളാണെന്നും ജോയ്സ് ജോര്‍ജ് പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കുകയും ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമായ നടപടികള്‍ പിന്‍വലിക്കുകയും ചെയ്യുന്നതുവരെ പാര്‍ലമെന്റിനകത്തും പുറത്തുമുള്ള പോരാട്ടങ്ങള്‍ തുടരുമെന്നും നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പിച്ച് ഒരു ജനതയെ അന്യവല്‍ക്കരിക്കാനുള്ള ഏതുനീക്കത്തിനെതിരേയും ജനകീയ പ്രതിരോധത്തിനും ചെറുത്തുനില്‍പിനും നേതൃത്വം നല്‍കുമെന്നും ജോയ്സ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.