ഇടുക്കിയില്‍ ഉപാധിരഹിത പട്ടയം; ചട്ടങ്ങള്‍ ഭേദഗതി ചെയ്യും
Thursday, August 28, 2014 11:33 PM IST
തിരുവനന്തപുരം: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിനായി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പരമാവധി നാലേക്കര്‍ വരെ ഭൂമി കര്‍ഷകര്‍ക്കു പതിച്ചു നല്‍കും. 25 വര്‍ഷത്തേക്കു ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്ഥയും ഒഴിവാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

1964 ലെ ഭൂമി പതിവു ചട്ടങ്ങളിലെ 5 എ, 8 (1) ചട്ടങ്ങളിലാണു ഭേദഗതി വരുത്തുന്നത്. നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം പരമാവധി ഒരേക്കര്‍ വരെ ഭൂമി മാത്രമേ പതിച്ചുനല്‍കാന്‍ സാധിക്കുകയുള്ളു. ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതോടെ നാലേക്കര്‍ വരെ കര്‍ഷകര്‍ക്കു ലഭിക്കും. അതില്‍ കൂടുതല്‍ ഭൂമി കൈവശമുള്ളവര്‍ നാലേക്കറില്‍ അധികമായുള്ള ഭൂമി തിരിച്ചു നല്‍കേണ്ടിവരും.

ഇടുക്കിയിലെ കര്‍ഷകര്‍ക്കു മാത്രമായിരിക്കും ഇതു ബാധകമാകുക. കൈവശം വച്ച് അനുഭവിച്ചു വരുന്ന ഭൂമി എന്ന നിലയിലാണ് കൈമാറ്റത്തിനുള്ള അവകാശം കൂടി നല്‍കുന്നത്. ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ദുരന്ത നിവാരണ അഥോറിറ്റിക്ക് തിരുവനന്തപുരത്ത് ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് 7.68 കോടി രൂപ അനുവദിച്ചു. മന്ദിര നിര്‍മാണം ഹാബിറ്റാറ്റിനെ ഏല്‍പ്പിക്കാനും തീരുമാനിച്ചു. വെള്ളയമ്പലത്ത് ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സിനു സമീപത്താണു കെട്ടിടം നിര്‍മിക്കുന്നത്.

ഇലഞ്ഞിയില്‍ ഫ്രൂട്ട്സ് ആന്‍ഡ് വെജിറ്റബിള്‍ യൂണിറ്റ് തുടങ്ങാന്‍ ജലസേചന വകുപ്പിന്റെ 1.10 ഏക്കര്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്ത് പുതുതായി ആരംഭിച്ച അട്ടപ്പാടി ഗവണ്‍മെന്റ് കോളജ് രാജീവ്ഗാന്ധിയുടെയും താനൂരിലെ കോളജ് സി.എച്ച്. മുഹമ്മദ് കോയയുടെയും ബാലുശേരിയിലെ കോളജ് ഡോ. അംബേദ്കറുടെയും പേരില്‍ നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. നിലമ്പൂരില്‍ നേരത്തെ ആരംഭിച്ച അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റഡീസില്‍ പതിനൊന്നു തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.