പി.ടി. തോമസിന്റെ പത്രസമ്മേളനം: പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കാനുള്ള നീക്കമെന്നു ഷുക്കൂര്‍
പി.ടി. തോമസിന്റെ പത്രസമ്മേളനം: പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടാക്കാനുള്ള നീക്കമെന്നു ഷുക്കൂര്‍
Thursday, August 28, 2014 1:04 AM IST
ആലപ്പുഴ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മുന്‍ എംപി പി.ടി. തോമസ് പത്രസമ്മേളനം നടത്തിയതിനെതിരേ കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയ ഡിസിസി പ്രസിഡന്റിന്റെ നടപടിക്കു മറുപടിയുമായി എ ഗ്രൂപ്പ് രംഗത്ത്. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ചേരിതിരിവുണ്ടാക്കാനുള്ള ഗൂഡാലോചനയാണു പി.ടി. തോമസിന്റെ നടപടിയെന്നു ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു.

നിലവില്‍ എഐസി.സി. മെംബറും കെപിസിസി എക്സിക്യൂട്ടീവ് അംഗവും യൂത്ത്കോണ്‍ഗ്രസ്, കെഎസ്യു എന്നിവയുടെ മുന്‍ സംസ്ഥാനപ്രസിഡന്റുമായ പി.ടി. തോമസിനോടു ഡിസിസി ഓഫീസ് ഉപയോഗിക്കാന്‍ പാടില്ലെന്നു പറയാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് എ-വിഭാഗക്കാരുടെ വാദം. പി.ടി.തോമസ് ആലപ്പുഴയില്‍ എത്തുന്നതു സംബന്ധിച്ചു ഡിസിസി പ്രസിഡന്റിനെ നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ പി.ടി. വരുന്ന സമയത്ത് ഡിസിസി പ്രസിഡന്റ് ഓഫീസിലുണ്ടായിരുന്നില്ല. രണ്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ പി.ടി. തോമസ് സംസ്കൃതിയുടെ യോഗത്തില്‍ സംസാരിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴും ഓഫീസിലുണ്ടായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്റ് സമഭാവനയോടെ കാണുന്നില്ലെന്നുള്ളതിന്റെ ഉദാഹരണമാണു കെപിസിസി പ്രസിഡന്റിനു നല്‍കിയ പരാതിയെന്നും എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ പറയുന്നു.


പി.ടി. തോമസിന്റെ പ്രവര്‍ത്തനകേന്ദ്രം ഇടുക്കിയാണെന്നിരിക്കെ ആലപ്പുഴയിലെത്തി ഇത്തരത്തിലൊരു പത്രസമ്മേളനം നടത്തിയത് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണെന്നാണു ആലപ്പുഴ ഡിസിസി പ്രസിഡന്റ് ഷുക്കൂര്‍ പറയുന്നത്. വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചും ക്രൈസ്തവസഭകള്‍ക്കെതിരേയും ഡിസിസി ഓഫീസില്‍ പത്രസമ്മേനം നടത്തിയ പി.ടി. തോമസിനെതിരേ കെപിസിസി പ്രസിഡന്റിനു രേഖാമൂലം പരാതി നല്‍കും.

ആലപ്പുഴ വഴി കടന്നുപോകുമെന്ന് പി.ടി തോമസ് തന്നോടു പറഞ്ഞിരുന്നെങ്കിലും പത്രസമ്മേളനം നടത്തുമെന്നോ യോഗം ചേരുമെന്നോ പറഞ്ഞിരുന്നില്ല. ഇത് അറിഞ്ഞിരുന്നെങ്കില്‍ അനുകൂലിക്കുമായിരുന്നില്ല. കഴിഞ്ഞദിവസം പാര്‍ട്ടി ഓഫീസില്‍ പാലിയേറ്റീവ് കെയറിന്റെ പേരില്‍ ഗ്രൂപ്പ് യോഗം നടത്തിയതിനെതിരേ കെപിസിസി പ്രസിഡന്റിന് എ ഗ്രൂപ്പ് പരാതി നല്‍കിയിരുന്നു. ഇതിനു ബദലായാണു പുതിയ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നാണ് എ ഗ്രൂപ്പിന്റെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.