സുധീരന്റെ നിലപാടിലുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി ആന്റണിയെ അറിയിച്ചു
Thursday, August 28, 2014 11:34 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ബാര്‍ വിഷയവുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടിലുള്ള അതൃപ്തിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയെ കണ്ടു. ഇന്നലെ രാവിലെ ആന്റണിയുടെ തിരുവനന്തപുരത്തെ വസതിയിലെത്തിയായിരുന്നു മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്.

ബാര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനം നടത്തിയ സുധീരന്റെ നിലപാടു ശരിയായില്ല, സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ യോജിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്, ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ട് പരിഹരിച്ചില്ലെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷതയിലേക്കു പോകും എന്നിങ്ങനെ ഉമ്മന്‍ ചാണ്ടി, ആന്റണിയോടു പറഞ്ഞതായാണു സൂചന. എന്നാല്‍, കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെതിരേ താനൊരു പരാതിയും ആന്റണിയോടു പറഞ്ഞിട്ടില്ലെന്നാണു മാധ്യമങ്ങളോടു മുഖ്യമന്ത്രി പ്രതികരിച്ചത്.


കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റു മാത്രമാണെന്ന് ഇതേക്കുറിച്ച് എ.കെ. ആന്റണി പറഞ്ഞു. പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാന്‍ കഴിയുന്ന നേതൃത്വമാണു സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയുടെ ഭാഗമായാണ് ആന്റണി കേരളത്തിലെത്തിയത്. ഇദ്ദേഹം മൂന്നു ദിവസത്തോളം ഇവിടെയുണ്ടാകുമെന്നാണു സൂചന.

ഇതിനിടയില്‍, ബിയറും വൈനും നിരോധിക്കണമെന്ന നിലപാടാണ് യുഡിഎഫ് യോഗം സ്വീകരിച്ചതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നതായും സുധീരന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.