മദ്യരഹിത കേരളത്തിനു മഹാപ്രണാമമായി മഹിളാ കോണ്‍ഗ്രസ് സമ്മേളനം
മദ്യരഹിത കേരളത്തിനു മഹാപ്രണാമമായി മഹിളാ കോണ്‍ഗ്രസ് സമ്മേളനം
Thursday, August 28, 2014 1:09 AM IST
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു ശക്തമായ പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി. കേരളത്തിന്റെ മണ്ണില്‍നിന്നു മദ്യമെന്ന മഹാവിപത്തിനെ തുടച്ചുനീക്കാന്‍ തീരുമാനമെടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മദ്യനിര്‍മാര്‍ജനത്തിനു വേണ്ടി ശക്തമായി നിലകൊണ്ട കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമുള്ള അഭിനന്ദന വേദിയായി മഹിളാ കോണ്‍ഗ്രസിന്റെ മദ്യരഹിത കേരളം പരിപാടി മാറി.

മദ്യത്തിനെതിരായ ഓരോ വാക്കും കരഘോഷത്തോടെയാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വന്ന സ്ത്രീകള്‍ എതിരേറ്റത്. മദ്യനിരോധനമെന്ന മഹത്തായ തീരുമാനത്തിനു സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനായി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടുമാസക്കാലം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ വാക്കുകളെ ഹര്‍ഷാരവത്തോടെയാണു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങിയത്.

മദ്യനിരോധനമെന്ന ആവശ്യവുമായി എല്ലാ കെപിസിസി മീറ്റിംഗുകളിലും നിറഞ്ഞുനിന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണയെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മുക്തകണ്ഠം പ്രശംസിച്ചു. മദ്യനിരോധനം നടപ്പിലാക്കുമ്പോള്‍ തുടര്‍ന്നുവരുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നു തുടര്‍ന്ന് സദസിനെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനു പ്രവര്‍ത്തകര്‍ പിന്തുണ നല്‍കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആഹ്വാനം ചെയ്തു. 100 ശതമാനം സാക്ഷരതയെന്ന മഹാനേട്ടം കൈവരിച്ച കേരളത്തിന്റെ മണ്ണിനു മദ്യനിരോധനമെന്ന സ്വപ്നവും താണ്ടാനാകുമെന്ന ശുഭപ്രതീക്ഷയാണു മഹിളാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ശോഭ ഓജ പങ്കുവച്ചത്.


മഹിളാ കോണ്‍ഗ്രസിന്റെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. സെപ്റ്റംബര്‍ 11 മുതല്‍ 30 വരെ ജില്ലാതലങ്ങളിലും ഒക്ടോബര്‍ 16 മുതല്‍ 31 വരെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മദ്യരഹിത കേരളത്തിനു പ്രണാമം എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സദസിനെ അറിയിച്ചു. പ്രചാരണ പരിപാടികളുടെ സമാപനം നവംബര്‍ ഒന്നിനു കൊല്ലത്തു നടക്കും. സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി എത്തും.

അരണാട്ടുകര ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ബിന്ദു കൃഷ്ണ അധ്യക്ഷയായിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ലതിക സുഭാഷ്, സുമ ബാലകൃഷ്ണന്‍, വത്സല പ്രസന്നകുമാര്‍, രതികുമാര്‍, ഡിസിസി പ്രസിഡന്റ് ഒ. അബ്ദുറഹിമാന്‍കുട്ടി, മുന്‍ എംപി കെ.പി ധനപാലന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ അഡ്വ ഫാത്തിമ റോബ്സന, സുധാ കുര്യന്‍, രാജലക്ഷ്മി ടീച്ചര്‍, മേരി നളന്‍, ഡോ. നിജി ജസ്റിന്‍, ഇന്ദിര രാധാകൃഷ്ണന്‍, സലീന മോഹന്‍, ഫാത്തിമ ബീവി, ലീലാമ്മ, ലാലി ജോഫിന്‍, ശാന്തകുമാരി, ലാലി ജോണ്‍, ആനി, സുധാ കുറുപ്പ്, അംബിക ശ്രീധര്‍, ശാന്ത ജയറാം, ഫിലോമിന, ജില്ലാ പ്രസിഡന്റുമാരായ ലീലാമ്മ തോമസ്(തൃശൂര്‍), ആശ സനില്‍(എറണാകുളം), കൃഷ്ണവേണി ശര്‍മ(കൊല്ലം), കുഞ്ഞുഞ്ഞമ്മ ജോസഫ്(പത്തനംതിട്ട), സുജ ജോഷ്വ(ആലപ്പുഴ), ഇന്ദു സുധാകരന്‍(ഇടുക്കി), തങ്കമ്മ വേലായുധന്‍(കണ്ണൂര്‍), ശാന്തമ്മ ഫിലിപ്പ്(കാസര്‍ഗോഡ്) മോളി അജിത്(തിരുവനന്തപുരം) എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.