സംസ്ഥാനത്ത് അക്കാഡമിക് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം
സംസ്ഥാനത്ത് അക്കാഡമിക് സിറ്റി സ്ഥാപിക്കാന്‍ തീരുമാനം
Thursday, August 28, 2014 1:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അക്കാഡമിക് സിറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ചിരുന്ന ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം, കോഴിക്കോട് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാം, ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ എന്നിവരടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അക്കാദമിക രംഗത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ ലോകത്തു പലയിലടത്തും പ്രവര്‍ത്തിക്കുന്ന അക്കാദമിക് സിറ്റികളുടെ മാതൃകയില്‍ സംസ്ഥാനത്ത അക്കാഡമിക് സിറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം.

കാലിക്കട്ട് സര്‍വകലാശാലയില്‍ ലഭ്യമായ സ്ഥലം, കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിനു സമീപം, തിരുവനന്തപുരം നോളജ് സിറ്റിയുടെ സമീപം എന്നിവിടങ്ങളിലുള്ള സ്ഥലം അക്കാഡമിക് സിറ്റിക്കായി പരിഗണിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള അക്കാദമിക് സിറ്റി റഗുലേറ്ററി അഥോറിറ്റി (എസിആര്‍എ)യും സിയാല്‍ മോഡലില്‍ ഇന്റര്‍നാഷണല്‍ സിറ്റി ഓഫ് കേരള ലിമിറ്റഡ് എന്ന പബ്ളിക് ലിമിറ്റഡ് കമ്പനിയും ഉണ്ടാകും. കമ്പനിയില്‍ കേരള സര്‍ക്കാരിന് 26% ഓഹരിവിഹിതം ഉണ്ടാകും. എസിആര്‍എയില്‍ ഏഴ് വിദഗ്ധരെ ഉള്‍പ്പെടുത്തും. ചെയര്‍മാന്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണന്‍ ആയിരിക്കും. കൂടാതെ ഒരു അന്തര്‍ദേശീയ അക്കാഡമിക് ഉപദേശക സമിതി രൂപീകരിക്കുന്നതാണ്. അന്തര്‍ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരെ ഇതില്‍ ഉള്‍പ്പെടുത്തും.


എല്ലാ വര്‍ഷവും ആഗോള വിദ്യാഭ്യാസ മീറ്റ് സംഘടിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ടൂറിസവും വ്യവസായവും പ്രചരിപ്പിക്കാന്‍ വിനോദസഞ്ചാരമേളകളും റോഡ് ഷോകളും നടത്തുന്ന മാതൃകയില്‍ അക്കാദമിക് സിറ്റിക്കും ആഗോളതലത്തില്‍ പ്രചാരണം നല്കണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയകരമായി നടത്തപ്പെടുന്ന ദുബായ് അക്കാഡമിക് സിറ്റി സന്ദര്‍ശിച്ചാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. അന്തര്‍ദേശീയ നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രമാണ് ദുബായ് അക്കാഡമിക് സിറ്റി. 137 രാജ്യങ്ങളില്‍ നിന്നുള്ള 43,000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. 400 ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകള്‍ ഉണ്ട്. 180 ലക്ഷം ചതുരശ്രയടി കെട്ടിടത്തില്‍ ഏറ്റവും ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. യുഎഇയില്‍ വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന നിര്‍മിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.