റെയില്‍വേ മീറ്റിംഗിനായി മന്ത്രി സദാനന്ദ ഗൌഡ ഇന്നു കൊച്ചിയില്‍
Thursday, August 28, 2014 12:08 AM IST
കൊച്ചി: വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും റെയില്‍വേ അവലോകനത്തിനുമായി കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ ഇന്നു കൊച്ചിയിലെത്തും. രാവിലെ 11ന് എറണാകുളം ഗസ്റ് ഹൌസില്‍ നടക്കുന്ന കേരളത്തിലെ പദ്ധതികളുടെ അവലോകന യോഗത്തില്‍ അദ്ദേഹം സംബന്ധിക്കുമെന്നു റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. യോഗത്തില്‍ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര, നിര്‍മാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡാനി തോമസ്, തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയിരുത്തും.

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിക്കും. എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചടങ്ങിനെ അഭിസംബോധന ചെയ്യും. 4.40 മുതല്‍ 5.10 വരെയുള്ള സമയത്തായിരിക്കും പ്രധാനമന്ത്രിയുടെ പ്രസംഗം.


സംസ്ഥാന മന്ത്രിമാരായ കെ. ബാബു, ഇബ്രാഹിംകുഞ്ഞ്, എംപിമാരായ പ്രഫ. കെ.വി.തോമസ്, പി. രാജീവ്, ഇന്നസെന്റ്, ഹൈബി ഈഡന്‍ എംഎല്‍എ, കാനറ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.കെ. ഗുപ്ത, യൂണിയന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വൈകുന്നേരം ആറിനു മരടിലെ ബിടിഎച്ച് സരോവരം ഹോട്ടലില്‍ നടക്കുന്ന ചര്‍ച്ചയിലും സദാനന്ദ ഗൌഡ സംബന്ധിക്കുന്നുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) കേരള ഘടകം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, സിഐഐ ദക്ഷിണ റീജണ്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, കേരള ഘടകം ചെയര്‍മാനും ഫെഡറല്‍ ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.