കതിരൂരില്‍ വെട്ടേറ്റ ബിഎംഎസുകാരന്‍ മരിച്ചു
കതിരൂരില്‍ വെട്ടേറ്റ ബിഎംഎസുകാരന്‍ മരിച്ചു
Thursday, August 28, 2014 12:12 AM IST
തലശേരി/കൂത്തുപറമ്പ്: കതിരൂര്‍ ഏരുവട്ടി പൊട്ടംപാറയില്‍ വെട്ടേറ്റു ചികിത്സയിലായിരുന്ന ബിഎംഎസ് പ്രവര്‍ത്തകന്‍ മരിച്ചു. തലശേരിയിലെ ടൂറിസ്റ് ടാക്സി ഡ്രൈവറായ പൊട്ടംപാറ നുച്ചോളി വീട്ടില്‍ നാണുനളിനി ദമ്പതികളുടെ മകന്‍ സുരേഷ് കുമാറാണ്(42) ഇന്നലെ പുലര്‍ച്ചെ രണ്േടാടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ചു സംഘപരിവാറിന്റെ ആഹ്വാനപ്രകാരം ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകുന്നേരം ആറുവരെ തലശേരി, കൂത്തുപറമ്പ് നഗരസഭാ പരിധിയിലും ന്യൂമാഹി, എരഞ്ഞോളി, കതിരൂര്‍, ധര്‍മടം, പിണറായി, വേങ്ങാട്, കോട്ടയം പഞ്ചായത്തുകളിലും ഹര്‍ത്താലാചരിച്ചു. വാഹനങ്ങള്‍, ഹോട്ടല്‍, മെഡിക്കല്‍ഷോപ്പ് എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ 17നു രാത്രി പത്തോടെയാണു സുരേഷ്കുമാറിനു വെട്ടേറ്റത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്കു പോകുന്നതിനിടെ സുരേഷ്കുമാറിനെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ടു തലയ്ക്കടിയേല്‍ക്കുകയും പുറത്തു കൊടുവാള്‍ കൊണ്ടു വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പോലീസ് പറയുന്നത്.


അക്രമസംഭവവുമായി ബന്ധപ്പെട്ടു സിപിഎം പ്രവര്‍ത്തകരായ പൊട്ടംപാറയിലെ നിജേഷ് (26), നിതീഷ് (22), റിജില്‍ (25), മനീഷ് (27) എന്നിവരെ കൂത്തുപറമ്പ് സിഐ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ അറസ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. കേസില്‍ അഞ്ചു പ്രതികളാണുള്ളത്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്. സുരേഷ് കുമാര്‍ മരിച്ചതിനെത്തുടര്‍ന്നു പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചാര്‍ത്തി കേസെടുക്കുമെന്നു പോലീസ് പറഞ്ഞു. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റഡിയില്‍ വാങ്ങും.

സംഘര്‍ഷസാധ്യത കണക്കിലെടുത്തു തലശേരി എഎസ്പിയുടെ നേതൃത്വത്തില്‍ സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. സുരേഷിന്റെ മൃതദേഹം തലശേരി പുതിയ ബസ് സ്റാന്‍ഡിലെ ടാക്സി സ്റാന്‍ഡില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വിലാപയാത്രയായി പൊട്ടംപാറയിലെ വീട്ടുവളപ്പിലെത്തിച്ചു സംസ്കരിച്ചു. ഭാര്യ: നിഷ. മക്കള്‍: സിദ്ധാര്‍ഥ്, സായന്ത്. സഹോദരങ്ങള്‍: സുനില്‍കുമാര്‍, സുധര്‍മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.