കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തി
കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തി
Friday, August 29, 2014 2:12 AM IST
തൃശൂര്‍: കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തി. രാമനിലയത്തില്‍ ഉച്ചയ്ക്കു 2.30 ഓടെയായിരുന്നു ചര്‍ച്ച. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ന്നുള്ള നടപടിക്രമങ്ങളുമായിരുന്നു പ്രധാന ചര്‍ച്ച.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ കൊച്ചി മെട്രോയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ്, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി എന്നിവരും വെങ്കയ്യ നായിഡുവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. മെട്രോ പദ്ധതിയിലെ ഉന്നതോദ്യോഗസ്ഥ സംഘവും ചര്‍ച്ചയില്‍ വിശദാംശങ്ങള്‍ അവതരിപ്പിക്കാനെത്തിയിരുന്നു.

പ്രവൃത്തികളുടെ ഓരോ ഘട്ടങ്ങളുടെയും ദൃശ്യവിവരണങ്ങള്‍ നല്‍കിയായിരുന്നു കേന്ദ്രമന്ത്രിക്കു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും പദ്ധതി വിശദീകരിച്ചത്.


കൊച്ചി മെട്രോയുടെ പുരോഗതിയില്‍ കേന്ദ്രമന്ത്രി തൃപ്തി രേഖപ്പെടുത്തി. പദ്ധതിക്കു കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കുമെന്നും വെങ്കയ്യനായിഡു പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.

സംസ്ഥാനങ്ങളില്‍നിന്നു നികുതിയിനത്തില്‍ പിരിച്ചെടുക്കുന്ന തുകയുടെ നിശ്ചിതശതമാനം അതതു സംസ്ഥാനങ്ങളുടെ വികസനത്തിനായി ഉപയോഗിക്കും. സ്മാര്‍ട്ട് സിറ്റി, പൈതൃകനഗരി പോലുള്ള വികസന പദ്ധതികളാണു പരിഗണിച്ചിട്ടുള്ളത്. രാജ്യപുരോഗതിക്കായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും അവസരവാദ രാഷ്ട്രീയം ഒഴിവാക്കണമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.