സിന്‍ഡിക്കറ്റ് ഇല്ലാത്ത അവസരം മുതലാക്കി കേരള സര്‍വകലാശാലയില്‍ നിയമനം തകൃതി
Friday, August 29, 2014 2:16 AM IST
തിരുവനന്തപുരം: സിന്‍ഡിക്കറ്റ് നിലവിലില്ലാത്ത അവസരം മുതലാക്കി കേരള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളില്‍ അനധികൃത നിയമനവും വകുപ്പു മാറ്റവും തകൃതിയായി. നിശ്ചയിച്ച യോഗ്യത ഇല്ലാത്തവരെപ്പോലും സര്‍വകലാശാലയുടെ വിവിധ വകുപ്പു തലവന്മാര്‍ താത്കാലികമായി തിരുകിക്കയറ്റുന്നതായാണു പരാതി. ഫയല്‍ നമ്പര്‍ പോലുമില്ലാത്ത നിയമനങ്ങളും സര്‍വകലാശാലയുടെ വിവിധ വകുപ്പുകളില്‍ നടക്കുന്നുണ്ട്.

കേരള സര്‍വകലാശാലയില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ സാധാരണയായി ബിരുദധാരികളെ നിയമിക്കാനാണു ചട്ടങ്ങളില്‍ വ്യവസ്ഥയുള്ളത്. സര്‍വകലാശാല ചട്ടത്തില്‍ നിഷ്കര്‍ഷിക്കുന്ന യോഗ്യതയില്ലാത്തവരെയാണ് ഇപ്പോള്‍ ചട്ടങ്ങള്‍ മറികടന്നു നിയമിക്കുന്നതെന്നാണു പ്രധാന പരാതി. സിന്‍ഡിക്കറ്റ് ഇല്ലാത്ത അവസരം നോക്കി അനധികൃത നിയമനങ്ങള്‍ വ്യാപകമായതായി വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സാധാരണയായി സിന്‍ഡിക്കറ്റ് യോഗത്തിന്റെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിലാണു നിയമനം നടത്താറുള്ളത്. ഇപ്പോള്‍ വകുപ്പു മേധാവിയുടെ പേരില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരാണു നിയമനവും മാറ്റങ്ങളും മറ്റും നടത്തുന്നത്. ആവശ്യമായ ഫയല്‍ നമ്പരോ മറ്റു രേഖകളോ ഇല്ലാതെയാണു നിയമനം നടത്തുന്നതെന്നാണു പ്രധാന പരാതി. അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന സിന്‍ഡിക്കറ്റ് നിയമനം ഗവര്‍ണര്‍ ഷീല ദീക്ഷിത് രാജിവച്ചതോടെ വീണ്ടും അനിശ്ചിതത്വത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.