ഉമ്മന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കണം: ജനസംരക്ഷണ സമിതി
Friday, August 29, 2014 3:04 AM IST
കോഴിക്കോട്: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാറ്റിവച്ചു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പരിഗണിക്കുമെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹരിത ട്രൈബ്യൂണലില്‍ നിലപാടു വ്യക്തമാക്കിയ സാഹചര്യത്തില്‍, ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്നു പശ്ചിമഘട്ട ജനസംരക്ഷണ സമിതി.

ഗാഡ്ഗിലിനു പകരം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടാണു നടപ്പിലാക്കുന്നതെന്ന കേന്ദ്ര നിലപാടു സ്വാഗതാര്‍ഹമാണ്. എന്നാല്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും തുല്യമായി മലയോര ജനതയെ ദ്രോഹിക്കുന്നതാണ്. 123 വില്ലേജുകളില്‍ ഗാഡ്ഗില്‍ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നതാണു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നു പഠിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും സമിതി ഭാരവാഹികള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരേ ജനരോഷം ഉയര്‍ന്നുവന്നപ്പോഴാണു കേരള സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷനെ നിയമിക്കുന്നത്. ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ചെന്നുതെളിവെടുപ്പ് നടത്തിയാണു കമ്മീഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ സമിതിയുടെ ശിപാര്‍ശ പ്രകാരം ജനവാസകേന്ദ്രങ്ങളും കൃഷിത്തോട്ടങ്ങളും കൃഷിസ്ഥലങ്ങളും പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഉള്‍പ്പെടുത്താന്‍ പാടില്ല. പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം കേരളത്തിലെ 123 വില്ലേജുകള്‍ക്കു മാത്രമല്ല ഉള്ളത്. ഉമ്മന്‍ റിപ്പോര്‍ട്ടു പ്രകാരം 123 വില്ലേജുകള്‍ക്കു പുറത്തുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളും സംരക്ഷിക്കപ്പെടണം. പ്രകൃതിയെ ചൂഷണം ചെയ്യുന്ന അനധികൃതമായ പാറ ക്വാറികളെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണം. ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തെ പശ്ചിമഘട്ട ജനസംരക്ഷണ സമിതി എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, സാധാരണ ജനങ്ങളുടെ ജീവിതത്തെ ദുഃസഹമാക്കുന്ന ഒരു നടപടിയെയും അനുകൂലിക്കുന്നില്ല. മാന്യമായി ജീവിക്കാനുള്ള അവകാശത്തിനായി തെരുവിലിറങ്ങുന്നവരെയും തങ്ങളുടെ ചൂഷണമാര്‍ഗങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരങ്ങളെയും ഒന്നായി കാണുന്നതു മലയോര ജനതയോടു ചെയ്യുന്ന നീതിയല്ല.


അതിനാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പാലിക്കുകയും 123 വില്ലേജുകളിലെ കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കി തയാറാക്കിയ, കേരള ജൈവ വൈവിധ്യ ബോര്‍ഡ് അംഗീകരിച്ചിരിക്കുന്ന കഡസ്ട്രല്‍ മാപ്പ് പ്രകാരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ പുനര്‍നിര്‍ണയിക്കണമെന്നും പശ്ചിമഘട്ട ജന സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ.ആന്റണി കൊഴുവനാല്‍, ജനറല്‍ കണ്‍വീനര്‍ ഡോ.ചാക്കോ കാളംപറമ്പില്‍, സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ.ഏബ്രഹാം കാവില്‍പുരയിടത്തില്‍ എന്നിവര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ മലയോര ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ പുനരാരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.