മുഖപ്രസംഗം: എല്ലാവര്‍ക്കും വേണം ഓണം
Friday, August 29, 2014 11:14 PM IST
ഓണത്തെ വരവേല്‍ക്കാന്‍ കേരളീയര്‍ ഒരുങ്ങുകയാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നതാണു പഴമൊഴിയെങ്കിലും മലയാളിക്ക് ഇത്തവണ ഓണം ഉണ്ണാന്‍ കാണം വിറ്റാലും കഴിയാത്ത അവസ്ഥയാണ്. സാധാരണക്കാരന് ഇപ്പോഴത്തെ വിലക്കയറ്റം നല്‍കുന്ന ആഘാതം ചെറുതല്ല. ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്കു നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു പരിധിവരെയേ സഹായകമാവൂ. ഈ സംവിധാനങ്ങളെക്കുറിച്ചു വ്യാപകമായ പരാതി ഉയര്‍ന്നിട്ടുമുണ്ട്. സപ്ളൈകോയുടെ വിതരണകേന്ദ്രങ്ങളില്‍ ഒരു ഡസനിലേറെ വസ്തുക്കള്‍ക്കു സബ്സിഡി ഉള്ളതായി ബോര്‍ഡ് വച്ചിട്ടുണ്െടങ്കിലും അത്യാവശ്യ വസ്തുക്കള്‍ പലതും ലഭ്യമല്ല. വെളിച്ചെണ്ണയും പഞ്ചസാരയും സപ്ളൈകോയുടെ ഒട്ടുമിക്ക വിതരണകേന്ദ്രങ്ങളിലും കിട്ടാക്കനിതന്നെ.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പതിവുപോലെ ബോണസും ഉത്സവബത്തയും ശമ്പള അഡ്വാന്‍സുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. ബോണസിന് അര്‍ഹതയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിധി ഉയര്‍ത്തി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് 670 രൂപയുടെ പ്രത്യേക അലവന്‍സ് ലഭിക്കുമ്പോള്‍ കുടുംബപെന്‍ഷന്‍കാര്‍ക്ക് 550 രൂപ മാത്രമാവും ലഭിക്കുക. ബോണസിന് അര്‍ഹതയില്ലാത്ത വിഭാഗങ്ങള്‍ക്കും പാര്‍ട്ട് ടൈം കണ്ടിന്‍ജന്‍സി ജീവനക്കാര്‍ക്കും കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍ ഉത്സവബത്ത പ്രഖ്യാപിച്ചിട്ടുണ്ട്. സംഘടിതരായ ഇത്തരം വിഭാഗങ്ങള്‍ക്കെല്ലാം ഓണം ആഘോഷിക്കാന്‍ വലുതും ചെറുതുമായ സഹായം ഇങ്ങനെ ലഭിക്കുമ്പോള്‍ ഇതിലൊന്നും പെടാത്ത ബഹുഭൂരിപക്ഷം സാധാരണക്കാരെ സര്‍ക്കാര്‍ മറക്കാന്‍ പാടില്ല.

പൊതുവിപണിയിലെ വിലനിലവാരം നിയന്ത്രിക്കുന്നതിനാണു സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ മാവേലി സ്റോറുകളിലൂടെയും കണ്‍സ്യൂമര്‍ ഫെഡിന്റെ നന്മ സ്റോറുകളിലൂടെയും കുറഞ്ഞ നിരക്കില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നത്. നാട്ടില്‍ പച്ചക്കറിക്കൃഷി പ്രചരിപ്പിക്കാനും കര്‍ഷകര്‍ക്കു ന്യായവില ഉറപ്പാക്കി ഉത്പന്നങ്ങള്‍ വാങ്ങാനും ഹോര്‍ട്ടികോര്‍പ് രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയാണ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ളോക്കിനു കീഴില്‍ ആയിരത്തോളം കര്‍ഷകര്‍ പച്ചക്കറിക്കൃഷി നടത്തിയിരുന്നു. വട്ടവടയിലും വയനാട്ടിലും പത്തനംതിട്ടയിലും സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും ഇപ്രകാരം കര്‍ഷകര്‍ സംഘം ചേര്‍ന്നു പച്ചക്കറിക്കൃഷി നടത്തി. പക്ഷേ, ഇവരുടെ ഉത്പന്നങ്ങള്‍ ന്യായവില നല്‍കി വാങ്ങാന്‍ ഹോര്‍ട്ടികോര്‍പിനു സാധിക്കുന്നില്ല. പകരം തമിഴ്നാട്ടില്‍പ്പോയി കൂടിയ വിലയ്ക്കു പച്ചക്കറി വാങ്ങും. ഇത്തരം കച്ചവടങ്ങളിലൂടെ ചിലര്‍ക്കു കമ്മീഷന്‍ തരപ്പെടുകയും ചെയ്യും. ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍തന്നെ പരാതിയുമായി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

കാര്‍ഷികമേഖല വലിയ പ്രതിസന്ധിയാണു നേരിടുന്നത്. റബര്‍ കര്‍ഷകര്‍ക്ക് ഈ ഓണം കടുത്ത ബുദ്ധിമുട്ടിന്റേതാണ്. പത്തു ലക്ഷത്തോളം ചെറുകിട, ഇടത്തരം റബര്‍ കര്‍ഷകര്‍ ഏറ്റവും വലിയ വിലയിടിവിന്റെ ആഘാതം ഏറ്റുവാങ്ങി നട്ടംതിരിയുകയാണ്. കുരുമുളകിനും നാളികേരത്തിനും മെച്ചപ്പെട്ട വിലയുണ്െടങ്കിലും ഉത്പാദനം നന്നേ കുറഞ്ഞു. വെളിച്ചെണ്ണവിലയിലെ വര്‍ധന യഥാര്‍ഥ നാളികേര കര്‍ഷകനു ലഭിക്കുന്നില്ല. അടുത്തകാലത്തു പെയ്ത കനത്ത മഴ സംസ്ഥാനത്തു പലയിടങ്ങളിലും പച്ചക്കറി, വാഴ തുടങ്ങിയ ഹ്രസ്വകാല വിളകള്‍ക്കു വന്‍ നാശമുണ്ടാക്കി. കുട്ടനാടന്‍ പ്രദേശങ്ങളില്‍ നെല്‍ക്കൃഷിയും കരക്കൃഷിയും പാടേ നശിച്ചു. അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലും ഇത്തവണ വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്നതുമൂലം വിളനാശം രൂക്ഷമായിരുന്നു.


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സംഘടിത വിഭാഗങ്ങള്‍ക്കുമൊക്കെ ഓണമാഘോഷിക്കാന്‍ പണം ലഭിക്കുമ്പോള്‍ ഓണവിപണി കുറേ സജീവമാകുമെങ്കിലും സംസ്ഥാനത്തെ സാധാരണക്കാരും കര്‍ഷകരും തീരദേശവാസികളും അസംഘടിത മേഖലയിലെ തൊഴിലാളികളും കടുത്ത ക്ളേശത്തിലാണു കഴിയുന്നത്. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് ഓണക്കിറ്റായി രണ്ടു കിലോഗ്രാം അരിയും നൂറു ഗ്രാം തേയിലയും ഇരുന്നൂറു ഗ്രാം മുളകും നല്‍കാന്‍ സപ്ളൈകോ തീരുമാനിച്ചിട്ടുണ്െടങ്കിലും പലേടത്തും അരി എത്താത്തതിനാല്‍ വിതരണം നടന്നില്ല. പ്രഖ്യാപിക്കുന്ന സൌജന്യങ്ങളെങ്കിലും അര്‍ഹരായവര്‍ക്കു ലഭിക്കുന്നുണ്െടന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനു കഴിയണം.

മാവേലി സ്റോറുകളിലും സപ്ളൈകോ വില്പനശാലകളിലുമൊക്കെ മണിക്കൂറുകളോളം കാത്തുനിന്നു നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്ന ജനസഹസ്രങ്ങള്‍ വിലക്കയറ്റത്തിന്റെ ആഘാതം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് ഈ കാത്തുനില്പിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ പൊതുവിപണിയില്‍നിന്നു ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. അവശ്യവസ്തുക്കളുടെ സംഭരണത്തിലും വിതരണത്തിലും ഉദ്യോഗസ്ഥതലത്തില്‍ തിരിമറികള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടണം. ഇടനിലക്കാരുടെ ഇടപെടലാണു പലപ്പോഴും അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടാതെപോകാന്‍ കാരണം.

ഓണത്തോടനുബന്ധിച്ചുള്ള യാത്രാക്ളേശം പരിഹരിക്കുന്നതിനും അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി സദാനന്ദ ഗൌഡ ഇന്നലെ കേരളത്തിലെത്തിയപ്പോള്‍ ചില ട്രെയിന്‍ സര്‍വീസുകള്‍ വാഗ്ദാനം ചെയ്തുവെങ്കിലും അവ ഈ ഓണക്കാലത്തു പ്രയോജനപ്പെടുമോ എന്നറിയില്ല. കേരളത്തിനുള്ളിലും ഓണക്കാലത്തുണ്ടാകുന്ന തിരക്കു ലഘൂകരിക്കാന്‍ കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകളും നിലവിലുള്ള സര്‍വീസുകളുടെ ഫലപ്രദമായ ക്രമീകരണവും ഉണ്ടാകണം. ഓണം ഉള്‍ക്കൊള്ളുന്ന സമത്വത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ സമാധാനപൂര്‍ണവും സംതൃപ്തിദായകവുമായ സാഹചര്യങ്ങളില്‍നിന്നാണു ജനങ്ങള്‍ക്കു ലഭിക്കേണ്ടത്. അതിനുള്ള സാഹചര്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുക എന്നതു സ്വന്തം ധര്‍മമായി ഭരണകൂടം കാണണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.