കൈത്തൊഴില്‍: ഓണ്‍ലൈന്‍ വിപണന സാധ്യതയ്ക്കു ചര്‍ച്ച
Friday, August 29, 2014 11:41 PM IST
കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള ചെറുകിട വില്‍പനയുടെ വര്‍ധിക്കുന്ന വളര്‍ച്ച കേരളത്തിലെ വനിതാ കൈത്തൊഴില്‍ വിദഗ്ധര്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്‍പറേഷന്‍ പ്രമുഖ ഓണ്‍ലൈന്‍ സ്റോറുകളുമായി കൈകോര്‍ക്കാന്‍ ശ്രമം തുടങ്ങി. ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, ഇബേ, സ്നാപ് ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്റോറുകള്‍ വഴി ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാണു കാഡ്കോയുടെ ശ്രമം.

ഇന്നു കൊച്ചിയില്‍ നടക്കുന്ന വ്യാവസായിക ആശയവിനിമയ പരിപാടിയില്‍ ഇതിന്റെ രൂപരേഖ തയാറാക്കും. ഐടി-വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ഐടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, കാഡ്കോ ചെയര്‍മാന്‍ കെ. പുരുഷോത്തമന്‍, എംഡി സി. അഭിഷേക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടര്‍ പി.എം. ഫ്രാന്‍സിസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യവസായ അടിസ്ഥാനസൌകര്യ വിഭാഗം മേധാവി എന്‍.ആര്‍. ജോയ്, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ കെ.പി. നൌഫല്‍ എന്നിവരും ആശയവിനിമയ പരിപാടിയില്‍ പങ്കെടുക്കും.

കാഡ്കോയുടെ കീഴില്‍ ആറുമാസം നീണ്ട അലംകൃത വസ്ത്രനിര്‍മാണ പരിശീലനത്തില്‍ പങ്കെടുത്ത ഇരുനൂറോളം വനിതാ കൈത്തൊഴില്‍ വിദഗ്ധരാണ് ഇന്നു കളമശേരിയിലെ കേരള ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റില്‍ നടക്കുന്ന ആശയവിനിമയത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കുക. കേരളത്തിലെ വനിത കൈത്തൊഴില്‍ വിദഗ്ധരെ സഹായിക്കാന്‍ വിവിധതലത്തിലുള്ള മാര്‍ഗങ്ങള്‍ തേടേണ്ട സമയമാണിതെന്നു കാഡ്കോ ചെയര്‍മാന്‍ കെ. പുരുഷോത്തമന്‍ പറഞ്ഞു. ഇതിനായി പ്രമുഖ ഓണ്‍ലൈന്‍ സ്റോറുകളുമായും വസ്ത്രശാലകളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.


പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കൈത്തൊഴില്‍ വിദഗ്ധര്‍ക്കു വലിയൊരു വിപണി കണ്െടത്താന്‍ വ്യാവസായിക ആശയവിനിമയത്തിലൂടെ സാധിക്കുമെന്നാണു കരുതുന്നതെന്നു കാഡ്കോ എംഡി സി. അഭിഷേക് പറഞ്ഞു. ജയലക്ഷ്മി, സീമാസ്, ചെന്നൈ സില്‍ക്സ്, ജോളി സില്‍ക്സ്, ഇമ്മാനുവല്‍ സില്‍ക്സ്, എംകെ സില്‍ക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തുടനീളം വിപണന ശൃംഖലകളുള്ള പ്രമുഖ ബുട്ടീക് ഗ്രൂപ്പ് വനിതാ കൈത്തൊഴില്‍ വിദഗ്ധരെ സഹായിക്കാമെന്നു സമ്മതിച്ചിട്ടുണ്െടന്നും അധികം വൈകാതെ ഇവരുമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.