ആശുപത്രികളിലെത്തുന്നവര്‍ക്കു ഹൃദ്യമായ ആതിഥ്യം നല്കണം: മാര്‍ മനത്തോടത്ത്
ആശുപത്രികളിലെത്തുന്നവര്‍ക്കു ഹൃദ്യമായ ആതിഥ്യം നല്കണം: മാര്‍ മനത്തോടത്ത്
Friday, August 29, 2014 11:42 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: മികച്ച ചികിത്സ നല്‍കുന്നതിനൊപ്പം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവരോടു ഹൃദയപൂര്‍വകമായ പെരുമാറ്റവും ഉണ്ടാകണമെന്നു കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഓര്‍മിപ്പിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ആരംഭിച്ച ഓങ്കോളജി, ജെറിയാട്രിക് ഗൈനക്കോളജി വിഭാഗങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടര്‍മാരും മറ്റു ജീവനക്കാരും സ്നേഹപൂര്‍വം ഇടപെടുമ്പോഴാണു രോഗികളും അവര്‍ക്കൊപ്പമുള്ളവരും സംതൃപ്തരാവുന്നത്. കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെയും എറണാകുളം- അങ്കമാലി അതിരൂപതയുടെയും സ്വപ്നസാക്ഷാത്കാരമായ ലിസി ആശുപത്രി ഇന്നു കേരളവും രാജ്യം മുഴുവനും അറിയുന്ന മികച്ച ആതുരാലയമായി വളര്‍ന്നുകഴിഞ്ഞു. പത്തു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലിസി ആശുപത്രി ഹൃദയ ചികിത്സാരംഗത്തു കൈവരിച്ച നേട്ടങ്ങള്‍ അതുല്യമാണ്. മികച്ച ഡോക്ടര്‍മാരിലൂടെ ദൈവമാണു പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു.

മന്ത്രി കെ. ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളത്തു സാധാരണക്കാര്‍ക്ക് ആശ്രയിക്കാവുന്ന മികച്ച ആശുപത്രിയായി ലിസി വളര്‍ന്നതു സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. കാന്‍സര്‍ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അതിന്റെ ചികിത്സാ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ വലിയ പ്രാധാന്യമാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പത്തു ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയ ലിസി ആശുപത്രിയിലെ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഹാര്‍ട്ട് ട്രാന്‍സ്പ്ളാന്റേഷന്‍ ടീമിനു സര്‍വീസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ മാര്‍ മനത്തോടത്ത് വിതരണം ചെയ്തു.

ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.ബാബു ഫ്രാന്‍സിസ്, ഹൃദയശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപ്പുറം, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. റോണി മാത്യു, ആശുപത്രി ബോര്‍ഡ് മെംബര്‍ അഡ്വ. മാത്യു ബി.കുര്യന്‍, നഴ്സിംഗ് സൂപ്രണ്ട് സിസ്റര്‍ വിഡ, വേണുഗോപാലന്‍ പോറ്റി എന്നിവര്‍ പ്രസംഗിച്ചു.

മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിനു ഡോ.പി.എസ്. ശ്രീധരനും പീഡിയാട്രിക് ഓങ്കോളജി വിഭാഗത്തിനു ഡോ.യാമിനി കൃഷ്ണനും നേതൃത്വം നല്‍കും. ഡോ. റോസക്കുട്ടി മാത്യു, ഡോ.സാറാമ്മ ഈശോ എന്നിവരുടെ നേതൃത്വത്തിലാണു ജെറിയാട്രിക് ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിക്കുന്നത്. പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനം അടുത്ത മാസം ആരംഭിക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.