പൈനാപ്പിളിനും വിലയിടിഞ്ഞു; പ്രതിസന്ധി രൂക്ഷമാകും
പൈനാപ്പിളിനും വിലയിടിഞ്ഞു; പ്രതിസന്ധി രൂക്ഷമാകും
Friday, August 29, 2014 12:16 AM IST
ജെയിസ് വാട്ടപ്പിള്ളില്‍

മൂവാറ്റുപുഴ: റബര്‍ വിലയിടിവിനു പിന്നാലെ പൈനാപ്പിളിനും കുത്തനെ വിലയിടിഞ്ഞതു കാര്‍ഷിക മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. റബര്‍ വില കിലോയ്ക്ക് 125 രൂപയിലെത്തിയതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ കര്‍ഷകര്‍ക്കു പൈനാപ്പിളിന്റെ വിലയിടിവ് ഇരുട്ടടിയായി. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 30 രൂപ വരെ വിലയുണ്ടായിരുന്ന പൈനാപ്പിളിന് ഇന്നലെ വാഴക്കുളം മാര്‍ക്കറ്റില്‍ 16 രൂപയ്ക്കാണു വ്യാപാരം നടന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വില നേര്‍പകുതിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. ഓണക്കാലത്തു പൈനാപ്പിളിനു വന്‍ ഡിമാന്‍ഡ് ഉണ്ടാകുമെന്നും ഇതു വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. ഈ സീസണില്‍ വിളവെടുക്കാനായി ഉത്പാദനം നടത്തിയ കര്‍ഷകര്‍ക്കു വന്‍ നഷ്ടമാണുണ്ടായിരിക്കുന്നത്. നിലവിലുള്ള വിലയനുസരിച്ച് ഉത്പാദനച്ചെലവ് പോലും ലഭിക്കില്ലെന്നു കര്‍ഷകര്‍ പറയുന്നു.

പൈനാപ്പിളിന്റെ പ്രധാന മാര്‍ക്കറ്റായ മുംബൈ, സൂററ്റ്, അഹമ്മദാബാദ്, ഡല്‍ഹി, നാഗ്പൂര്‍, ചെന്നൈ തുടങ്ങിയിടങ്ങളിലേക്കു നിരവധി ലോഡുകളാണു ദിനം പ്രതി വാഴക്കുളത്തുനിന്നു കയറിപ്പോകുന്നത്. അന്യസംസ്ഥാന മാര്‍ക്കറ്റുകളില്‍ ഡിമാന്‍ഡ് കുറഞ്ഞതും പല സ്ഥലങ്ങളിലും കനത്തമഴ തുടരുന്നതുമാണു വിലയിടിയിവിനു കാരണം. ഒരു കിലോ പൈനാപ്പിളിനു 30 രൂപയെങ്കിലും ലഭിച്ചില്ലെങ്കില്‍ വായ്പയെടുത്തു കൃഷിയിറക്കിയ നിരവധി കര്‍ഷകര്‍ക്കു പലിശത്തുക പോലും അടയ്ക്കാനാകാത്ത സ്ഥിതിയാകും. ചെറുകിട കര്‍ഷകരും വന്‍കിട കര്‍ഷകരുമായി ആയിരക്കണക്കിനു പേരാണ് പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ചു കഴിയുന്നത്. അന്യസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ നൂറുകണക്കിനു തൊഴിലാളികള്‍ക്കു പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കുന്നതാണു ഈ മേഖല.


നടുക്കര ഫാക്ടറിയില്‍ പൈനാപ്പിള്‍ സംഭരിക്കണം

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിഞ്ഞതുമൂലം കര്‍ഷകര്‍ക്കുണ്ടായിരിക്കുന്ന നഷ്ടം പരിഹരിക്കാന്‍ നടുക്കര ഫാക്ടറിയില്‍ പൈനാപ്പിള്‍ സംഭരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജോസ് കളപ്പുര, സെക്രട്ടറി ജയിംസ് ജോര്‍ജ് തോട്ടുമാരിക്കല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മുമ്പ് വിലയിടിഞ്ഞപ്പോള്‍ ഇവിടെ പൈനാപ്പിള്‍ സംഭരിച്ചിരുന്നു. ഇതു വിപണിയില്‍ വില കൂട്ടിയിരുന്നു. കിലോയ്ക്ക് 20 രൂപയ്ക്കെങ്കിലും പൈനാപ്പിള്‍ സംഭരിച്ചെങ്കിലേ കര്‍ഷകര്‍ക്കു ഗുണകരമാകുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.