അത്തം പത്തിനു പൊന്നോണം
അത്തം പത്തിനു പൊന്നോണം
Friday, August 29, 2014 12:16 AM IST
എസ്. മഞ്ജുളാദേവി

ഇന്നു ചിങ്ങമാസത്തിലെ അത്തപ്പുലരി. പൊന്നോണത്തെ വരവേല്‍ക്കാന്‍ മലയാളം ഒരുങ്ങുന്ന പുലര്‍കാലം. മലയാളത്തിന്റെ തിരുമുറ്റത്തു പൊന്‍വസന്തം തൊഴുതുവണങ്ങുന്ന പുണ്യകാലം.

ഏഴര വെളുപ്പിനുണര്‍ന്ന് ഉണ്ണികള്‍ പൂവട്ടികളും പൂക്കൂടകളുമായി തൊടിയിലേക്ക്; കുന്നിന്‍ചെരിവുകളിലേക്ക്...

പൂവേ പൊലി പൂവേ... പൂപ്പാടങ്ങളില്‍നിന്ന് ഇടമുറിയാതെ ഉണരുന്ന പൂവിളികള്‍.

വീട്ടുമുറ്റത്തും പറമ്പിലും വേലിപ്പടര്‍പ്പുകളിലുമെല്ലാം പൂത്തുലഞ്ഞു നില്‍ക്കുന്ന തുമ്പയും മുക്കുറ്റിയും ജമന്തിയും രാജമല്ലിയും ചെത്തിയും ചെമ്പരത്തിയും.

പൂക്കൂടകളില്‍ നാനാത രം പൂക്കള്‍ കുമിഞ്ഞുകൂടുമ്പോള്‍ ആര്‍പ്പുവിളിയുമാ യി മുറ്റത്തേക്ക്. കുളിച്ചു ശുദ്ധമായി കസവുമുണ്ടും നേരിയതും ധരിച്ച അമ്മമാരും പ ട്ടുപാവാടയണിഞ്ഞ ചേച്ചിമാ രും വട്ടത്തിലിരുന്നു പൂക്കളമൊരുക്കും.

തുമ്പപ്പൂവ്, ഓണപ്പൂവ്, കാശിപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം എന്നിവയൊക്കെ പ്രധാനമായും അത്തപ്പൂക്കളത്തിലുണ്ടാകണം. അത്തത്തട്ടിന് ഒത്തനടുവിലായി ചാണകം കൊണ്െടാരു ഗണപതിപ്രതിഷ്ഠ. പിന്നെ അതിനു ചുറ്റും വൃത്താകൃതിയില്‍ പൂക്കള്‍ നിരത്തും. കളിമണ്ണ് കൊണ്ടു തീര്‍ത്ത മനോഹരമായ അത്തത്തട്ടിന്‍മേലും പല ജാതി പൂക്കള്‍.


ശ്രീപാര്‍വതിയുടെ കാല്‍പാദം എന്നു പഴമക്കാര്‍ വിശ്വസിക്കുന്ന തുമ്പപ്പൂ കൊണ്ടുതന്നെ ആദ്യവളയം. അത്തത്തിന് ഒരു വളയം പൂവ്. ചിത്തിരയ്ക്കു രണ്ട്, ചോതിക്കു മൂന്ന്, എന്നിങ്ങനെ തിരുവോണത്തിനു പത്തുവളയം. അത്തത്തിനും ചോതിക്കും ചിത്തിരയ്ക്കുമെല്ലാം പത്തുവളയം പൂവിടുന്നതും പതിവാണ്.

മധ്യകേരളത്തില്‍ വാമനപൂജയും പ്രധാനം. മഹാബലി എന്ന അസുരരാജാവിനു മോ ക്ഷം നല്‍കിയ മഹാവിഷ്ണുവിന്റെ അവതാരമായ വാമന ന്റെ പൂജയ്ക്കായി അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പന്റെ പ്രതിഷ്ഠ.

വടക്കന്‍ കേരളത്തില്‍ ഓണത്താര്‍ തെയ്യമായി തൃക്കാക്കരയപ്പന്‍ വീടുതോറും എഴുന്നള്ളും; അനുഗ്രഹിക്കും.

അത്തം ഒരുക്കുന്ന വീടുകളില്‍ മാത്രമേ തിരുവോണനാള്‍ മാവേലിത്തമ്പുരാന്‍ എഴുന്നള്ളൂ എന്ന വിശ്വാസം ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തപ്പുലരിക്കു പകിട്ടേറെയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.