അപൂര്‍വ രോഗം തളര്‍ത്തിയ രവീന്ദ്രനു ഫിസിയോ തെറാപ്പിയിലൂടെ പുനര്‍ജന്മം
അപൂര്‍വ രോഗം തളര്‍ത്തിയ രവീന്ദ്രനു ഫിസിയോ തെറാപ്പിയിലൂടെ പുനര്‍ജന്മം
Friday, August 29, 2014 12:17 AM IST
ചങ്ങനാശേരി: അപൂര്‍വ രോഗം തളര്‍ത്തിയ രവീന്ദ്രനു ഫിസിയോ തെറാപ്പിയിലൂടെ പുനര്‍ജന്മം. ലക്ഷത്തില്‍ രണ്ടു പേര്‍ക്കു ബാധിക്കുന്ന ഗുലിയന്‍ ബാരി സിന്‍ഡ്രോം എന്ന വൈറല്‍ രോഗമാണു രവീന്ദ്രന്റെ ശരീരത്തെ തളര്‍ത്തി ശയ്യാവലംബിയാക്കിയത്. കാരണം കണ്െടത്താനാവാത്ത ഈ അജ്ഞാത രോഗത്തില്‍നിന്നു പ്രശസ്ത ഫിസിയോ തെറാപ്പിസ്റ് ഡോ. ഷിനു പി. തോമസിന്റെയും ഡോ. രമ്യ ഷിനുവിന്റെയും നേതൃത്വത്തില്‍ പത്തു മാസം നീണ്ട കൃത്യമായ ഫിസിയോ തെറാപ്പിയിലൂടെയാണു രവീന്ദ്രന്റെ ശരീരത്തിനു ചലനശേഷി തിരികെ ലഭിച്ചത്.

2013 ഓഗസ്റ് 28ന് രാത്രിയില്‍ ഉറക്കത്തിലുണ്ടായ പനിയെത്തുടര്‍ന്നാണു രവീന്ദ്രന്റെ ശരീരത്തിനു തളര്‍ച്ച ബാധിച്ചത്. രവീന്ദ്രന് ഏതോ രോഗം ബാധിച്ചു ചലനമറ്റെന്നു മനസിലായതിനെത്തുടര്‍ന്നു വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആ രാത്രി പുലരുംമുമ്പുതന്നെ ഇയാളെ എറണാകുളം അമൃത ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ ദീര്‍ഘനേരത്തെ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ രവീന്ദ്രനെ തളര്‍ത്തിയ രോഗം ഗുലിയന്‍ബാരി സിന്‍ഡ്രോമാണെന്നു കണ്െടത്തി.

ഈ രോഗത്തിനു നിലവില്‍ മരുന്നുകള്‍ കണ്െടത്തിയിട്ടില്ലെങ്കിലും സാധിക്കാവുന്ന മരുന്നുകളൊക്കെ ആശുപത്രി അധികൃതര്‍ രവീന്ദ്രനു നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള അഞ്ച് കുത്തിവയ്പുകളും എടുത്തു. 26 പേരില്‍നിന്നു രക്തം ശേഖരിച്ചു നിരവധി തവണ രക്തമാറ്റവും നടത്തി. 65 ദിവസം ചികിത്സ നടത്തിയിട്ടും കാര്യമായ സൌഖ്യമൊന്നും ലഭിക്കാതെ രവീന്ദ്രന്‍ ആശുപത്രി വിട്ടു.


മാടപ്പള്ളി കരിക്കണ്ടത്തില്‍ വീട്ടിലെ കട്ടിലില്‍ അനങ്ങാനും തിരിയാനുമാകാതെ ദുരിതത്തില്‍ കഴിയുമ്പോഴാണു പ്രശസ്ത ഫിസിയോ തെറാപ്പിസ്റും ചങ്ങനാശേരി മതുമൂലയിലെ അമ്മ ഫിസിയോ തെറാപ്പി ക്ളിനിക്ക് ഉടമയുമായ ഡോ. ഷിനു പി. തോമസിനെക്കുറിച്ചറിഞ്ഞത്. ബന്ധുക്കളുടെ സഹായത്തോടെ ഡോ.ഷിനുവിനെ വിളിച്ചുവരുത്തി വിവരങ്ങള്‍ പറഞ്ഞു. ഫിസിയോ തെറാപ്പിയിലൂടെ രോഗം ഭേദമാക്കമെന്നു ഡോ. ഷിനു ഉറപ്പു നല്‍കി. ഡോക്ടര്‍ ദിവസേന വീട്ടിലെത്തി തെറാപ്പി ആരംഭിച്ചു. അതോടെ രവീന്ദ്രന്റെ ശരീരം മെല്ലെ ചലിച്ചുതുടങ്ങി. എഴുന്നേല്‍ക്കാനും നടക്കാനും തുടങ്ങി. ഇപ്പോള്‍ രവീന്ദ്രന്‍ കാറോടിച്ചു മതുമൂലയിലെ ക്ളിനിക്കിലെത്തി തെറാപ്പിക്കു വിധേയനാകുന്നു. മരണത്തെ മുഖാമുഖം കണ്ട തനിക്കു പത്തുമാസത്തെ ഫിസിയോ തെറാപ്പിയിലൂടെ സുഖപ്പെടാന്‍ കഴിഞ്ഞതായി രവീന്ദ്രന്‍ പത്രസമ്മേളനത്തില്‍പറഞ്ഞു. ബിജെപി ചങ്ങനാശേരി നിയോജക മണ്ഡലം പ്രസിഡന്റ,് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണു പി.ഡി. രവീന്ദ്രന്‍. ഡോ. ഷിനു തോമസ്, സജികുമാര്‍ തിനപ്പറമ്പില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.