സിഐയും സുഹൃത്തുക്കളും വിദ്യാര്‍ഥിയെ സിഗരറ്റുകൊണ്ടു പൊള്ളിച്ചു; മര്‍ദിച്ചതായും പരാതി
Friday, August 29, 2014 12:18 AM IST
കുണ്ടറ: ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയെ സിഐയും സുഹൃത്തുക്കളും മദ്യലഹരിയില്‍ മര്‍ദിക്കുകയും സിഗരറ്റു കൊണ്ടു പൊള്ളിക്കുകയും ചെയ്തതായി പരാതി. ഇളമ്പള്ളൂര്‍ എസ്എന്‍എം എച്ച്എസിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി സനൂപിനാണു മര്‍ദനമേറ്റത്. മര്‍ദനമേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം ക്രൈംബ്രാഞ്ച് സിഐ അനില്‍കുമാറിനും സുഹൃത്തുക്കള്‍ക്കുമെതിരേയാണു പരാതി. സംഭവത്തെത്തുടര്‍ന്നു സിഐ അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സിഐക്കെതിരേ കുണ്ടറ പോലീസ് കേസെടുത്തു.

കൊല്ലം കുണ്ടറ പടപ്പക്കരയിലാണു സംഭവം. വീടിനടുത്തുള്ള പലചരക്കുകടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു കുട്ടി. കടയ്ക്കു സമീപം മദ്യലഹരിയില്‍ നിന്ന സിഐ കുട്ടിയെ അടുത്തുവിളിച്ചു സിഗരറ്റ് കൊണ്ടു പൊള്ളിക്കുകയായിരുന്നു. തുടര്‍ന്നു കുട്ടിയെ സി ഐയുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്നു മര്‍ദിക്കുകയും ചെയ്തതായാണു പരാതി. കുട്ടിയുടെ കൈയില്‍ സിഗരറ്റുകൊണ്ടു പൊള്ളിയ പാടുകളുണ്ട്.


സംഭവസമയത്തു സിഐ ഡ്യൂട്ടിയില്‍ ആയിരുന്നില്ലെന്നും സുഹൃത്തുക്കള്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്നു എന്നുമാണു പോലീസ് പറയുന്നത്.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി അവശനായ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പോലീസ് എത്തിയെന്നറിഞ്ഞപ്പോള്‍ സംഘം കാറില്‍ കയറി രക്ഷപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.