ചാവറയച്ചന്റെ അമൂല്യ സംഭാവനകള്‍ ഉള്‍ക്കൊള്ളണം: സിനഡ്
Friday, August 29, 2014 12:25 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ കേരളത്തിലെ അതുല്യനായ നവോത്ഥാന നായകനായിരുന്നുവെന്നു സീറോ മലബാര്‍ സഭാ സിനഡ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അമൂല്യ സംഭാവനകള്‍ വിലമതിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യണം. കൂനമ്മാവില്‍ ജീവിച്ചു മരിച്ച ആ പുണ്യാത്മാവിന്റെ ഭൌതികാവശിഷ്ടം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതു മാന്നാനത്താണ്. ചാവറ പിതാവ് ഭാരതസഭയുടെ സന്താനവും കേരളസഭയുടെ സമ്മാനവുമായി കാണപ്പെടുന്നതാണു സിനഡിന്റെ ഏറ്റവും വലിയ സന്തോഷം.

നവംബറില്‍ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ആഘോഷപരിപാടികളുടെ ഒരുക്കങ്ങള്‍ സിനഡ് വിലയിരുത്തി. നവംബര്‍ 29നു കാക്കനാട് രാജഗിരിയില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ എല്ലാവരും പങ്കുചേരണം.

പ്രാര്‍ഥനാജീവിതത്തിലൂടെ വിശുദ്ധിയിലേക്കു നടന്നു കയറിയ എവുപ്രാസ്യമ്മ ഭാരതസ്ത്രീകള്‍ക്കു പ്രചോദനം നല്കുന്ന മഹത്വ്യക്തിയാണ്.

വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് അമ്മ ജീവിച്ചു മരിച്ച ഒല്ലൂരില്‍ 2015 ജനുവരി പത്തിനു നടക്കുന്ന ആഘോഷങ്ങള്‍ സന്യാസിനീ ജീവിതത്തിലേക്ക് അനേകരെ ആകര്‍ഷിക്കാന്‍ ഇടയാക്കുമെന്നാണു പ്രതീക്ഷ.

മാനുഷികഭാവങ്ങള്‍ നന്നായി വളര്‍ത്തിയെടുക്കുന്ന ഭവനങ്ങളായി സെമിനാരികള്‍ മാറണമെന്നു സെമിനാരി റെക്ടര്‍മാരോടു സിനഡ് ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ക്ക് ഇടവകകളിലേക്കും സ്ഥാപനങ്ങളിലേക്കും വരുന്നവരെ ബഹുമാനത്തോടെ കാണുകയും, അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്ന വൈദികര്‍ക്കു ജന്മം കൊടുക്കുന്ന സ്ഥലങ്ങളായി സെമിനാരികള്‍ മാറണം.

വൈകാരിക പക്വത നല്‍കാന്‍ സെമിനാരികള്‍ കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയമാണ്. സെമിനാരി പരിശീലനത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന വെല്ലുവിളികള്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യാന്‍ എന്നും സിനഡ് സന്നദ്ധമാണ്. വൈദികപരിശീലനം സിനഡിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്.

അടുത്തവര്‍ഷം സമര്‍പ്പിത വര്‍ഷമായി സഭ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിത സമൂഹങ്ങളിലെ പ്രതിനിധികള്‍ സിനഡ് മെത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി.

സമൂഹത്തിന്റെ പൊതുവായ നന്മയും അവഗണിക്കപ്പെടുന്നവരുടെ ആവശ്യങ്ങളും എങ്ങനെ ശുശ്രൂഷയുടെ പരിഗണനയ്ക്കു വിധേയമാക്കാമെന്നതും ചര്‍ച്ച ചെയ്തു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കുന്ന സിനഡ് നാളെ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.