ബാബുകുമാര്‍ വധശ്രമക്കേസ്: സിഐ വിജയന്‍ അറസ്റില്‍
Friday, August 29, 2014 12:29 AM IST
കൊല്ലം: എഎസ്ഐ ബാബുകുമാറിനെതിരേയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയനെ സിബിഐ അറസ്റ് ചെയ്തു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനും രേഖകള്‍ മാറ്റിയതിനുമാണ് സിഐയെ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ചിന്നക്കട റസ്റ്ഹൌസില്‍ സിഐയെ വിളിച്ചുവരുത്തിയശേഷം അറസ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളെ സിബിഐ സംഘം ഇവിടെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസ് അന്വേഷിക്കുന്ന സിബിഐ ഇന്‍സ്പെക്ടര്‍മാരായ കെ.പി. തോമസ്, കെ.ജെ. ഡാര്‍വിന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്. കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റിലായിട്ടുണ്ട്. ബാബുകുമാറിനു നേരേ ആക്രമണമുണ്ടാകുമ്പോള്‍ വിജയനായിരുന്നു കൊല്ലം ഈസ്റ് സിഐ. കേസിലെ ഒന്നാം പ്രതി ജിണ്ടാ അനി എന്ന വിനേഷ് ഇപ്പോള്‍ ജാമ്യത്തിലാണ്. കേസ് സിബിഐ ഏറ്റെടുത്തശേഷം സിഐ ഉള്‍പ്പെടെ നാലു പേരാണ് അറസ്റിലായിട്ടുള്ളത്. ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ മാപ്പുസാക്ഷിയായ കണ്െടയ്നര്‍ സന്തോഷ്, ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതിയായ പുഞ്ചിരി മഹേഷ്, ഹാപ്പി രാജേഷ് വധക്കേസില്‍ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്ത പെന്റി എഡ്വിന്‍ എന്നിവരാണ് ഇപ്പോള്‍ അറസ്റിലായിട്ടുള്ളത്.

ബാബുകുമാര്‍ വധശ്രമക്കേസില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്നാണു സൂചന. ബാബുകുമാറിനെ ആക്രമിച്ചശേഷം പെന്റി എഡ്വിന്‍, സിഐ വിജയനെ കണ്ടതായി സിബിഐക്കു വിവരം ലഭിച്ചിട്ടുണ്ട്. ഉണ്ണിത്താന്‍ വധശ്രമക്കേസിലെ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്െടന്ന നിഗമനത്തിലാണു സിബിഐ.

2011 ജനുവരി 11നാണ് ആശ്രാമത്ത് നിര്‍മാണത്തിലായിരുന്ന വീടിനു സമീപം അന്ന് ഈസ്റ് സ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന ബാബുകുമാര്‍ ആക്രമിക്കപ്പെട്ടത്. ജിണ്ട അനിയാണ് കുത്തിയതെന്നും മറ്റുള്ളവര്‍ ഒപ്പമുണ്ടായിരുന്നുവെന്നും ബാബുകുമാര്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ മൊഴി അട്ടിമറിക്കപ്പെട്ടതായാണു സിബിഐ കണ്െടത്തിയിട്ടുള്ളത്. സിഐ വിജയന്റെയും അന്ന് ഈസ്റ് സ്റേഷനിലെ റൈറ്ററായിരുന്ന എഎസ്ഐ സുന്ദരേശന്റെയും വീടുകളില്‍ സിബിഐ സംഘം രണ്ടാഴ്ച മുമ്പു റെയ്ഡ് നടത്തിയിരുന്നു. കേസിന്റെ സിഡി ഫയല്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷിച്ചുവരികയാണ്. സിഡി ഫയല്‍ നഷ്ടമായ സംഭവം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാബുകുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.


മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനു പോലീസും അബ്കാരികളും തമ്മിലുള്ള അവിശുദ്ധബന്ധത്തെക്കുറിച്ച് വാര്‍ത്ത നല്കിയതിന്റെ പേരിലാണ് ബാബുകുമാര്‍ ആക്രമിക്കപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് 2011 ഏപ്രില്‍ 16നു രാത്രി 9.45ന് ശാസ്താംകോട്ടയില്‍ വച്ച് ഉണ്ണിത്താനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. ഈ കേസില്‍ ഡിവൈഎസ്പിമാരായിരുന്ന സന്തോഷ് നായരും അബ്ദുല്‍ റഷീദും, ഹാപ്പി രാജേഷ് ഉള്‍പ്പെടെയുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളും പ്രതികളാണ്. ഉണ്ണിത്താന്‍ ആക്രമിക്കപ്പെട്ടതിന്റെ പന്ത്രണ്ടാം ദിവസം 2011 ഏപ്രില്‍ 28ന് ഹാപ്പി രാജേഷ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അറസ്റിലായ പെന്റിയുടെ കാര്‍ കത്തിച്ചതുമായി ബന്ധപ്പെട്ടു ഹാപ്പി രാജേഷിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്െടത്തിയത്. എന്നാല്‍, ഉണ്ണിത്താന്‍ വധശ്രമം വിവാദമായപ്പോള്‍ ഹാപ്പി രാജേഷിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ക്കു രക്ഷപ്പെടാമെന്ന കണക്കുകൂട്ടലില്‍ ഇയാളെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കണ്െടത്തിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.