പുറം മിനുക്കിയാലാവില്ല, ദേശീയപാതകള്‍ പുനര്‍നിര്‍മിക്കണമെന്നു കരാറുകാര്‍
Friday, August 29, 2014 12:49 AM IST
കൊച്ചി: പൂര്‍ണമായും തകര്‍ന്ന സംസ്ഥാനത്തെ ദേശീയപാതകള്‍ കുഴികളടച്ചും പുറം മിനുക്കിയും നിലനിര്‍ത്താനാവില്ലെന്നും സമഗ്രമായ പുനര്‍നിര്‍മാണമാണ് ആവശ്യമെന്നും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, സെക്രട്ടറി കെ.എ. ജന്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഗതാഗത തിരക്കനുസരിച്ചു വേണ്ടത്ര വീതിയില്‍ വാഹനങ്ങളുടെ ഭാരം താങ്ങാനാവും വിധം ഉപരിതലം നിര്‍മിക്കണം. മുംബൈ- കന്യാകുമാരി തീരദേശ ഹൈവേ രാജ്യരക്ഷയ്ക്കു പോലും തന്ത്രപ്രധാനമാണ്. തലപ്പാടി മുതല്‍ കളിയിക്കാവിള വരെയുളള 600 കിലോമീറ്റര്‍ മാത്രം കുപ്പിക്കഴുത്തായി അവശേഷിക്കുന്നു. ഈ പാത നന്നാക്കുന്നതിനായി 14 വര്‍ഷം നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെ ദേശവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം. ദേശീയപാതയ്ക്കു വേണ്ടി സ്ഥലം വിട്ടുനല്‍കുന്നവര്‍ക്കായി മൂന്നു കിലോമീറ്റര്‍ വീതം ഇടവിട്ടു വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി തയാറാക്കണം. മാന്യമായ നഷ്ടപരിഹാരം നല്‍കിയാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനാവും.


സംസ്ഥാനത്തു റോഡ്, കെട്ടിടം, ജലവിഭവ വിനിയോഗം എന്നിവയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു നവംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കൊച്ചിയില്‍ നിര്‍മിതി ഉച്ചകോടി സംഘടിപ്പിക്കും. കെ.കെ. രാധാകൃഷ്ണന്‍ ചെയര്‍മാനും കെ.ഡി. ജോര്‍ജ് കണ്‍വീനറുമായ സംഘാടക സമിതി ഉച്ചകോടിക്കു നേതൃത്വം നല്‍കും. ലിഫിന്‍ ജോസഫ്, ബിജു ഹെന്റി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.