മദ്യനയത്തിനെതിരേ ഐഎന്‍ടിയുസി പ്രക്ഷോഭത്തിന്
Friday, August 29, 2014 12:50 AM IST
കൊച്ചി: മദ്യനയം സംബന്ധിച്ച് ഏതെങ്കിലും ഒരു വ്യക്തിയുടെ മാത്രം തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. സര്‍ക്കാരിന്റെ മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖരന്‍.

മദ്യനിരോധനം മുന്‍ ഒരുക്കങ്ങളുമില്ലാതെ നടപ്പാക്കിയാല്‍ അതു പ്രായോഗികമായി നടപ്പാക്കാനാകുമോയെന്നു ബന്ധപ്പെട്ടവര്‍ ചിന്തിക്കണമായിരുന്നു. ഒരു വ്യക്തിയുടെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ല. തൊഴിലാളി യൂണിയനുകളുമായിക്കൂടി ചര്‍ച്ച ചെയ്യണം. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അവര്‍ക്കു ശരിയെന്നു തോന്നുന്നതു ചെയ്തു. എന്നാല്‍, അതു ശരിയാണെന്ന് ഐഎന്‍ടിയുസിക്ക് അഭിപ്രായമില്ല. താനാണു ശരി, ബാക്കിയുള്ളവര്‍ തെറ്റാണ് എന്ന് ഒരാള്‍ക്കു തോന്നുന്നതു ശരിയല്ല. തനിക്ക് മാത്രം ഇമേജ്, മറ്റുള്ളവര്‍ എന്തുമാകട്ടെയെന്ന ചിന്തയും ശരിയല്ല.


കോണ്‍ഗ്രസിലാരും മദ്യപിക്കരുതെന്നു കെപിസിസി പ്രസിഡന്റ് തീരുമാനമെടക്കട്ടെ. കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകന്‍ പോലും മദ്യപിക്കരുതെന്ന് അദ്ദേഹം പറയട്ടെ. വീടു നന്നാക്കിയിട്ടുവേണം നാടു നന്നാക്കാന്‍ ഇറങ്ങാന്‍. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെയും നിലപാടിനോടു തനിക്ക് അഭിപ്രായ വ്യത്യാസമുണ്െടന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

പഴയ കാലം മാറി. കോണ്‍ഗ്രസിനു രാഷ്ട്രീയ രംഗത്തു പ്രസക്തിയുണ്ടാകണമെങ്കില്‍ തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും പിന്തുണ അനിവാര്യമാണെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.