മുഖപ്രസംഗം: ദരിദ്രജനക്ഷേമത്തിലേക്കു സുപ്രധാന ചുവടുവയ്പ്
Saturday, August 30, 2014 11:43 PM IST
രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൌണ്ട് ഏര്‍പ്പെടുത്തുന്ന പ്രധാനമന്ത്രി ജന്‍ ധന്‍ യോജന(പിഎംജെഡിവൈ)യിലൂടെ ബൃഹത്തായൊരു ജനകീയ സാമ്പത്തികസുരക്ഷാ പദ്ധതിക്കാണു തുടക്കം കുറിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഒരു ദിവസംകൊണ്ടുതന്നെ രാജ്യത്തെ 77,000 കേന്ദ്രങ്ങളിലായി ഒന്നരക്കോടിയിലേറെ പുതിയ ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങിയെന്നതു ബാങ്കിംഗ് ചരിത്രത്തിലെതന്നെ നാഴികക്കല്ലാവും. ഈ പദ്ധതി സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ക്കു കൂടുതല്‍ ആധികാരികതയും സൌകര്യവും പ്രദാനം ചെയ്യും. തികച്ചും ലളിതമായ നടപടിക്രമത്തിലൂടെ ജന്‍ ധന്‍ അക്കൌണ്ട് തുടങ്ങുന്നവര്‍ക്കു റു പേ ക്രെഡിറ്റ് കാര്‍ഡും പാസ് ബുക്കും നല്‍കുന്നതു കൂടാതെ ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും മുപ്പതിനായിരം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സും ലഭ്യമാകും. രാജ്യത്തെ ദരിദ്ര ജനങ്ങളെ പൊതുവായൊരു ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ടുവരുന്നു എന്നതും ഈ പദ്ധതിയുടെ വലിയൊരു നേട്ടമാണ്.

നൂറ്റിമുപ്പതു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 90 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകളാണുള്ളത്. എന്നാല്‍, ബാങ്കിംഗ് സൌകര്യങ്ങള്‍ രാജ്യത്തെ 40 ശതമാനം ജനങ്ങള്‍ക്കു പ്രാപ്തമായിട്ടില്ല. പുതിയ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയതുപോലെ, ദാരിദ്യ്രത്തിന്റെയും കടക്കെണിയുടെയും ദൂഷിതവലയത്തില്‍നിന്നു ജനങ്ങളെ മോചിപ്പിക്കാന്‍ ഈ പദ്ധതി സഹായകമാകുമെന്നാണു പ്രതീക്ഷ. മൊബൈല്‍ ഫോണുകളും ഡെബിറ്റ് കാര്‍ഡുമൊക്കെ സാധാരണക്കാരുടെ അഭിമാനവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും മോദി പ്രകടിപ്പച്ചു.

ദാരിദ്യ്രം നിര്‍മാര്‍ജനം ചെയ്യുന്നതിനും ജനങ്ങളെ ചൂഷണത്തില്‍നിന്നു മുക്തരാക്കുന്നതിനും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്താനാവും. ദരിദ്രജനങ്ങളെ നാനാതരത്തില്‍ ചൂഷണം ചെയ്യുന്നതിന്റെ ദയനീയ കഥകള്‍ നാം നിത്യവും കേള്‍ക്കാറുണ്ട്. കൊള്ളപ്പലിശയ്ക്കു പണം കടം വാങ്ങി ജീവനൊടുക്കേണ്ടിവന്ന കര്‍ഷകരുള്‍പ്പെടെയുള്ള എത്രയോ സാധാരണക്കാരുടെയും ദരിദ്രരുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീണിരിക്കുന്നു. പശ്ചിമബംഗാളിലെ ശാരദാ സാമ്പത്തിക കുംഭകോണത്തില്‍ ലക്ഷക്കണക്കിനാളുകളുടെ ജീവിതസമ്പാദ്യമാണു നഷ്ടപ്പെട്ടത്. കേരളത്തിലെ 'ഓപ്പറേഷന്‍ കുബേര'യും വായ്പകളുടെ പേരില്‍ നടക്കുന്ന വന്‍ചൂഷണത്തിന്റെ കഥകള്‍ ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നല്ലോ.

1969ല്‍ പതിന്നാലു ബാങ്കുകളുടെ ദേശസാത്കരണം ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ വലിയൊരു മുന്നേറ്റമായിരുന്നു. നിര്‍ണായകമായ ആ നടപടിയിലൂടെ ബാങ്കിംഗ് മേഖലയ്ക്കു ജനകീയ രൂപം ഒട്ടൊക്കെ കൈവരിക്കാനായെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ക്കു പിന്നീടും ബാങ്കിംഗ് സൌകര്യങ്ങള്‍ അന്യമായിത്തുടര്‍ന്നു. സാമ്പത്തിക ഉദാരവത്കരണവും കൂണുപോലെ മുളച്ചുവന്ന ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തികരംഗത്തു വലിയ മാറ്റങ്ങള്‍ക്കു വഴിതെളിച്ചെങ്കിലും ദരിദ്രജനങ്ങളില്‍ വലിയൊരു പങ്ക് ഇതിനെല്ലാം പുറത്തു നിന്നു. വിവിധ സാമൂഹ്യക്ഷേമ പദ്ധതികളിലൂടെ പാവപ്പെട്ടവരുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ നടന്ന ശ്രമങ്ങളും പൂര്‍ണ ഫലപ്രാപ്തിയിലെത്താതെപോയി. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ യഥാര്‍ഥത്തില്‍ അര്‍ഹതയുള്ളവരില്‍ എത്തുന്നില്ലെങ്കില്‍ ഏതു സാമൂഹ്യ പരിഷ്കാരത്തിനും അര്‍ഥമില്ലാതാവും. പൊതുഖജനാവില്‍നിന്നുള്ള പണം പാഴാക്കിക്കളയുന്നതിനു തുല്യമാണത്.


ജന്‍ ധന്‍ പദ്ധതി രാജ്യമൊട്ടാകെ ഫലപ്രദമായി നടപ്പാകണമെങ്കില്‍ കൂടുതല്‍ ബാങ്ക് ശാഖകള്‍ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും തുടങ്ങേണ്ടതുണ്ട്. ബാങ്കിംഗ് സേവനത്തിന്റെ വിപുലമായ അര്‍ഥം ഉള്‍ക്കൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശുഷ്കാന്തി കാട്ടണം. പുതുതലമുറ ബാങ്കുകളുമായുള്ള മത്സരം ഒരു യാഥാര്‍ഥ്യമാണെങ്കിലും തങ്ങളുടെ സാമൂഹിക പ്രതിബദ്ധത പൊതുമേഖലാ ബാങ്കുകള്‍ വിസ്മരിക്കരുത്. ജന്‍ ധന്‍ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഏഴര ലക്ഷം ബാങ്ക് ജീവനക്കാര്‍ക്കു പ്രധാനമന്ത്രി അയച്ച കത്ത് ഈ ദൌത്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലായിരുന്നു.

എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം എത്തിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്ന ബഹുമതി 2011 ല്‍ കേരളം കൈവരിച്ചിരുന്നു. രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളിലുമുള്ള പാവപ്പെട്ടവരും നിരക്ഷരരും ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ബാങ്കിംഗ് സേവനങ്ങള്‍ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച ധനകാര്യ ഉള്‍പ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍, ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമല്ലാത്ത 72,000 ഗ്രാമങ്ങള്‍ രാജ്യത്തുള്ളതായി കണ്െടത്തിയിരുന്നു. ഇതനുസരിച്ചു മൂന്നു വര്‍ഷം മുമ്പു കേരളത്തില്‍ 120 ഗ്രാമങ്ങളെയാണു സ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി കണ്െടത്തിയത്. എല്ലാ ജില്ലകളിലും ഫിനാന്‍ഷല്‍ ലിറ്ററസി ആന്‍ഡ് ക്രെഡിറ്റ് കൌണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങിയതും സാമ്പത്തിക സാക്ഷരത പൂര്‍ണമാക്കുന്നതിന്റെ ഭാഗമായിരുന്നു. രാജ്യത്തെ തപാല്‍ സംവിധാനംകൂടി ബാങ്കിംഗ് മേഖലയിലേക്കു കടന്നതോടെ ജനകീയ ബാങ്കിംഗില്‍ ഇനിയും വലിയ മുന്നേറ്റങ്ങള്‍ സാധിക്കും.

ഏതു സാമ്പത്തിക പരിഷ്കരണത്തിന്റെയും ധനകാര്യ നയരൂപവത്കരണത്തിന്റെയും അടിസ്ഥാനലക്ഷ്യം ദാരിദ്യ്രനിര്‍മാര്‍ജനവും ജനക്ഷേമവുമായിരിക്കണം. ദാരിദ്യ്രരേഖാ മാനദണ്ഡത്തില്‍ എന്തു മാറ്റം വരുത്തിയാലും രാജ്യത്തെ മുപ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ഇപ്പോഴും ദാരിദ്യ്രമനുഭവിക്കുന്നവരാണ്. ഉപരിതല ഉന്നമനം മാത്രമല്ല, ഏറ്റവും താഴേക്കിടയിലുള്‍പ്പെടെയുള്ള സമഗ്ര വികസനമാണു രാജ്യത്തിനു വേണ്ടതെന്ന സന്ദേശം ഒരിക്കല്‍ക്കൂടി ഉയര്‍ത്തുകയാണു ജന്‍ ധന്‍ പദ്ധതി. ഇതിന്റെ തുടക്കം ആവേശകരമായി. പദ്ധതിയുടെ വിജയകരമായ പൂര്‍ത്തീകരണത്തിനായി കാത്തിരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.