സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ സമൂഹ്യ പ്രതിബദ്ധത പ്രശംസനീയം: മുഖ്യമന്ത്രി
സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ സമൂഹ്യ പ്രതിബദ്ധത പ്രശംസനീയം: മുഖ്യമന്ത്രി
Saturday, August 30, 2014 12:16 AM IST
കൊച്ചി: സാമൂഹിക പ്രതിബദ്ധത പൂര്‍ണമായി നിലനിര്‍ത്തിക്കൊണ്ടു കൂടുതല്‍ മുന്നോട്ടുപോകാന്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിനു കഴിയട്ടെയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചരിത്രം പ്രതിപാദിക്കുന്ന എ സതേണ്‍ ഒഡീസി - ദ സ്റോറി ഓഫ് സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ പുസ്തകത്തിന്റെ പേര് അന്വര്‍ഥമാക്കുന്നതുപോലെ സുതാര്യമായി ഒഴുകുന്ന മഹാകാവ്യം പോലെ സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ വിജയകഥ കൂടുതല്‍ മിഴിവുറ്റതാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കേരളത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ബാങ്കായി സൌത്ത് ഇന്ത്യന്‍ ബാങ്ക് വളര്‍ന്നിട്ടുണ്ട്. മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്കു നല്‍കുന്നതില്‍ ബാങ്ക് വിജയിച്ചു. സാമൂഹിക പ്രതിബദ്ധത നിലനിര്‍ത്തി കൂടുതല്‍ മുന്നേറാന്‍ സൌത്ത് ഇന്ത്യന്‍ ബാങ്കിനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പുസ്തകത്തിന്റെ രചന നിര്‍വഹിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ്, ഡോ. ഇ.എം. തോമസ്, അവര്‍ക്കു സഹായം നല്‍കിയ എം.ജെ. സൈമണ്‍, എം. രാമന്‍ നമ്പൂതിരി, ശരത് എന്നിവരെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു.


ധനമന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിയുടെ ഭാഗമായുള്ള പാസ്ബുക്കും എടിഎം കാര്‍ഡ് വിതരണവും ധനമന്ത്രി നിര്‍വഹിച്ചു. ബാങ്ക് എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് എംഡി എം.എ. യൂസഫലി, എംഎല്‍എമാരായ ഹൈബി ഈഡന്‍, തോമസ് ചാണ്ടി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വി.ജി. മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു. ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏബ്രഹാം തര്യന്‍ സ്വാഗതവും ചീഫ് ജനറല്‍ മാനേജര്‍ ജോസഫ് ജോര്‍ജ് കാവാലം നന്ദിയും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.