ലുലുവിലെ വ്യാജ ബോംബ് ഭീഷണി: യുവാവ് അറസ്റില്‍
ലുലുവിലെ വ്യാജ ബോംബ് ഭീഷണി: യുവാവ് അറസ്റില്‍
Saturday, August 30, 2014 12:18 AM IST
കൊച്ചി: ലുലുമാള്‍ ബോംബുവച്ചു തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തി പണത്തിനായി വിലപേശിയ ഐടി വിദഗ്ധന്‍ അറസ്റില്‍. കടവന്ത്ര കതൃക്കടവില്‍ വാടകയ്ക്കു താമസിക്കുന്ന പുതുവൈപ്പ് മുരുക്കുംപാടം കുരിശിങ്കല്‍ വീട്ടില്‍ മനോജിനെ(39)യാണ് കളമശേരി പോലീസ് വ്യാഴാഴ്ച അറസ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. 2011ല്‍ കോട്ടയത്തെ കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ തോക്കുമായി ചെന്നു വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏഴു കിലോഗ്രാം സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഇയാള്‍ അറസ്റിലായിട്ടുണ്ട്.

75 ലക്ഷം രൂപ ആവശ്യപ്പെട്ടാണു ലുലുമാളില്‍ ഇയാള്‍ ബോംബ് ഭീഷണി സൃഷ്ടിച്ചതെന്നും കഴിഞ്ഞ 22 മുതല്‍ 28 വരെ ഇയാള്‍ ലുലു മാളിന്റെ മാനേജരെ നിരന്തരം ഫോണില്‍ വിളിച്ചു പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായും സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി. ജയിംസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

ബോംബ് ഭീഷണി വ്യാജമാണെന്നു പോലീസ് ലുലുമാളില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായതോടെ ഭീഷണിയുടെ സ്വരം മാറ്റിയ ഇയാള്‍ ലുലു മാളില്‍ പടക്കം പൊട്ടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇതു മാളിലെ ബിസിനസിനെ ഗുരുതരമായി ബാധിക്കുമെന്നും ഭീഷണിപ്പെടുത്തിവിലപേശി.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തെടുത്ത തിരിച്ചറിയല്‍ കാര്‍ഡില്‍ സുഹൃത്തിന്റെ ചിത്രം മോര്‍ഫ് ചെയ്തു ഷിഹാബ് അലി എന്ന പേരില്‍ ഇയാള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയാറാക്കിയിരുന്നു. ഇത് ഉപയോഗിച്ചു ഡര്‍ബാര്‍ ഹാളിനടുത്തുള്ള കടയില്‍നിന്ന് എടുത്ത സിം കാര്‍ഡും കലൂര്‍ സ്റേഡിയത്തിനു മുന്നിലുള്ള കടയില്‍നിന്നു വാങ്ങിയ രണ്ടു മൊബൈല്‍ ഫോണുകളുമാണ് ഉപയോഗിച്ചതെന്നു പോലീസ് പറഞ്ഞു.

22ന് രാവിലെ 11.50നാണ് ലുലു മാളിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് വച്ചിട്ടുണ്െടന്ന സന്ദേശം മാനേജര്‍ ഷെറീഫിന്റെ ഫോണില്‍ വിളിച്ചു മനോജ് നല്‍കിയത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി. തുടര്‍ന്നു കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി ആളുകളെ ഒഴിപ്പിച്ചു മാള്‍ പരിശോധിച്ചു. ഭീഷണി വ്യാജമാണെന്നു മനസിലാക്കിയ പോലീസ് പ്രതിയെ കണ്െടത്താനായി പ്രത്യേക സംഘത്തിനു രൂപം നല്‍കി. അന്നു രാത്രി തൃശൂര്‍-പാലക്കാട് ഹൈവേയില്‍ പണവുമായി എത്താനാണു മനോജ് നിര്‍ദേശം നല്‍കിയത്.


പ്രതിയെ കുടുക്കാനായി പണവുമായി പോലീസ് പിന്തുടര്‍ന്നെങ്കിലും ഇതു തിരിച്ചറിഞ്ഞ ഇയാള്‍ വിദഗ്ധമായി രക്ഷപ്പെട്ടു. തുടര്‍ന്ന് അറസ്റിലാകുന്ന ദിവസം വരെ മനോജിന്റെ ഫോണില്‍നിന്നു നിരന്തരമായി ഭീഷണി വന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കൊച്ചി ഡിഎച്ച് ഗ്രൌണ്ടിന് അടുത്തുള്ള കടയില്‍നിന്നു വ്യാജ പ്രൂഫ് ഉപയോഗിച്ചാണ് ഇയാള്‍ സിംകാര്‍ഡ് വാങ്ങിയതെന്നു കണ്െടത്തി. പണം നല്‍കിയില്ലെങ്കില്‍ മാള്‍ ബോംബുവച്ചു തകര്‍ക്കുമെന്ന് 27ന് വീണ്ടും ഭീഷണി വന്നു. തുടര്‍ന്നു പോലീസ് പണമടങ്ങിയ ബാഗുമായി ലുലു മാള്‍ സംഘത്തോടൊപ്പം തൃശൂര്‍-പാലക്കാടു ഹൈവേയിലെത്തി. പണം വാങ്ങാന്‍ കൂട്ടാക്കാതെ പോലീസിനെ കബളിപ്പിച്ച പ്രതി ഉച്ചയ്ക്കു പന്ത്രണ്േടാടെ ദൌത്യം ഉപേക്ഷിച്ചു മടങ്ങി. സംശയം തോന്നിയ വാഹനങ്ങളുടെ നമ്പര്‍ പരിശോധിച്ചാണു പോലീസ് പ്രതിയിലേക്ക് എത്തിയത്. കൂടാതെ പ്രതിയുടെ മധ്യതിരുവിതാംകൂര്‍ ശൈലിയിലുള്ള സംസാരവും പിടികൂടാന്‍ സഹായകരമായി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ദുബായിയില്‍ മൂന്നര ലക്ഷം രൂപ ശമ്പളത്തില്‍ ഐടി സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ചാണു നാട്ടില്‍ തിരിച്ചെത്തി ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. ബിഎസ്സി ഫിസിക്സ് ബിരുദവും നിരവധി ഐടി ഡിപ്ളോമകളുമുള്ള മനോജ് മൂന്നു വര്‍ഷം മുമ്പാണു ഗള്‍ഫിലെ ജോലി കളഞ്ഞു നാട്ടിലെത്തിയത്. ഗള്‍ഫില്‍നിന്നു സമ്പാദിച്ച പണംകൊണ്ട് മൂന്നാറില്‍ ഏലത്തോട്ടം വാങ്ങുകയും മറൈന്‍ഡ്രൈവില്‍ സോഫ്ട്വെയര്‍ കമ്പനി തുടങ്ങുകയും ചെയ്ത ഇയാള്‍ കൂടുതല്‍ പണം കണ്െടത്താനാണു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു തിരിഞ്ഞത്. 2011ല്‍ കോട്ടയത്തെ ജ്വല്ലറിയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഏഴു കിലോ സ്വര്‍ണം കവര്‍ന്നതിന് അറസ്റിലായി. മുരുകന്‍ എന്നയാളോടൊത്തായിരുന്നു ഈ മോഷണം. അഞ്ചു മാസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി. കേസ് നടത്താനായി മൂന്നാറിലെ ഏലത്തോട്ടം വിറ്റു. ബാക്കി പണം കൊണ്ടു പാലക്കാട് മീനാക്ഷിപുരം- സര്‍ക്കാര്‍പതിയില്‍ കോഴിഫാമും മൂന്നാറില്‍ ചിക്കന്‍ സെന്ററും തുടങ്ങി. ഭാര്യയുടെ പേരില്‍ കലൂരില്‍ ഒരു ഐടി സ്ഥാപനമുണ്ട്. രണ്ട് മക്കളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.