സിപിഎം സമ്മേളനങ്ങള്‍ തിരുത്തലുകള്‍ക്കു വേദിയാകും
സിപിഎം സമ്മേളനങ്ങള്‍ തിരുത്തലുകള്‍ക്കു വേദിയാകും
Saturday, August 30, 2014 12:20 AM IST
എം. പ്രേംകുമാര്‍

തിരുവനന്തപുരം: പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്ന വിഭാഗീയതയ്ക്ക് ആലപ്പുഴ സമ്മേളനത്തോടെ പൂര്‍ണ വിരാമമിടാനാണു സിപിഎം നേതൃത്വം ലക്ഷ്യമിടുന്നത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി ചേര്‍ന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ പ്രധാനമായും നടന്നതു സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും ചര്‍ച്ചകളുമാണ്.

പല കാരണങ്ങളാല്‍ പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമം സംസ്ഥാന നേതൃത്വം തന്നെ തുടങ്ങിയ സാഹചര്യത്തില്‍ മിക്ക ജില്ലകളിലും പാര്‍ട്ടിയുമായി അകന്നുനിന്നവര്‍ അടുക്കുന്നുണ്െടന്നാണു സംസ്ഥാന കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തില്‍ സംഘടനാ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ചു ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള തീരുമാനങ്ങളാകും സംസ്ഥാന സമ്മേളനത്തില്‍ ഉണ്ടാകുക. ഈ ദൌത്യം മുന്നില്‍ കണ്ടുതന്നെയാണു പാര്‍ട്ടിക്കു ശക്തമായ സ്വാധീനമുള്ള ആലപ്പുഴയില്‍ തന്നെ സംസ്ഥാന സമ്മേളനം തീരുമാനിച്ചത്.

സിപിഎമ്മിനു സംസ്ഥാനത്തു 29,000-ത്തിലേറെ ബ്രാഞ്ചുകളും 1,900 ലോക്കല്‍ കമ്മിറ്റികളും ഇരുനൂറിലേറെ ഏരിയാ കമ്മിറ്റികളുമാണുള്ളത്. ഒക്ടോബറില്‍ ബ്രാഞ്ച് സമ്മേളനങ്ങളും നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും അടുത്ത വര്‍ഷം ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും ചേരും. ഫെബ്രുവരി 20 മുതല്‍ 24 വരെയാണു സംസ്ഥാന സമ്മേളനം.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുതുടരുന്ന പിണറായി വിജയന്‍ ഈ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനം ഒഴിയും. അദ്ദേഹത്തിന്റെ പിന്‍ഗാമി ആരെന്നതിനെ സംബന്ധിച്ചു മാത്രമാണു ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയുമാണു പിണറായിയെ കൂടാതെ സംസ്ഥാനത്തുനിന്നുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങള്‍. പാര്‍ട്ടി സെക്രട്ടറിയാകാന്‍ രണ്ടുപേരും സംഘടനാപരമായി യോഗ്യരാണ്. പിബിയില്‍ ബേബിയേക്കാള്‍ സീനിയര്‍ കോടിയേരിയാണ്. അതുകൊണ്ടു സെക്രട്ടറി സ്ഥാനത്തേക്കു കൂടുതലായി കേള്‍ക്കുന്ന പേരും കോടിയേരിയുടേതു തന്നെ.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണമായും പുനഃസംഘടിപ്പിക്കില്ലെങ്കിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രായാധിക്യത്തിന്റെ കാരണം പറഞ്ഞു പി.കെ. ഗുരുദാസന്‍ മാത്രമാണു പാര്‍ട്ടി സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിയാന്‍ സാധ്യതയുള്ളത്. എന്നാല്‍, അദ്ദേഹം സ്വയം ആവശ്യപ്പെട്ടാല്‍ മാത്രമേ അങ്ങനെ സംഭവിക്കൂ. പതിനഞ്ചു പേരാണു സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. ഇതില്‍ ഒമ്പതുപേര്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളാണ്. ബേബി ജോണ്‍, എളമരം കരീം, ആനത്തലവട്ടം ആനന്ദന്‍, എം.വി. ഗോവിന്ദന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, എ.കെ. ബാലന്‍ എന്നിവരാണു കേന്ദ്ര കമ്മിറ്റിയംഗങ്ങളല്ലാത്ത സെക്രട്ടേറിയറ്റ് അംഗങ്ങള്‍. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ജി.സുധാകരനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സുധാകരന്‍ വിസമ്മതിച്ചതുമൂലം തൃശൂരില്‍ നിന്നുള്ള ബേബി ജോണിനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.


നിലവിലെ സെക്രട്ടേറിയറ്റില്‍നിന്ന് ആരെയെങ്കിലും ഒഴിവാക്കി പുതുതായി ആരെയെങ്കിലും ഉള്‍പ്പെടുത്താന്‍ സാധ്യത കാണുന്നില്ല. നേരത്തേ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉണ്ടായിരുന്ന എസ്. ശര്‍മയേയും എം. ചന്ദ്രനേയും ഉള്‍പ്പെടുത്തണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടാല്‍ സംസ്ഥാന നേതൃത്വം വിഷമത്തിലാകും. ഇല്ലെങ്കില്‍ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. ഇതിനു സാധ്യത തീരെ കുറവാണ്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനവും നിര്‍ണായകമാകും.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം സമ്മേളനങ്ങളില്‍ ഗൌരവമായ ചര്‍ച്ചയ്ക്കു വിധേയമാകും. സ്വതന്ത്രരെന്ന പേരില്‍ ചില സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ അവരോധിച്ചതും വടകര, കോഴിക്കോട് പോലുള്ള സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതും സമ്മേളനത്തില്‍ ചൂടുള്ള ചര്‍ച്ചയാകും. ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശം മറികടന്നു സംസ്ഥാന നേതൃത്വം സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ഈ സമ്മേളനത്തോടെ മാറ്റം വന്നേക്കും.

ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും പ്രവര്‍ത്തന രീതിയില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തരാണ്. ഇതിലുള്ള നീരസം കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ സംഘടനകളുടെ ചുമതലയുള്ള സെക്രട്ടേറിയറ്റംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. പാര്‍ലമെന്ററി രംഗത്തുള്ളവരെ പോഷക സംഘടനകളുടെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കും.

കേന്ദ്ര കമ്മിറ്റി പ്രത്യേക മാര്‍ഗരേഖയൊന്നും സമ്മേളനത്തിനു നിശ്ചയിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം തന്നെ സമ്മേളനത്തിനുള്ള മാര്‍ഗരേഖ തീരുമാനിക്കും. സമ്മേളനങ്ങളില്‍ മത്സരം സംഘടനാപരമായി അനുവദനീയമാണെങ്കിലും ഏരിയാ സമ്മേളനം മുതല്‍ മത്സരം ഒഴിവാക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം നല്‍കാനാണു സാധ്യത.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടികളും അടുത്തകാലത്തുണ്ടായിട്ടുള്ള പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കും സിപിഎം നേതൃത്വത്തെ പുനര്‍ചിന്തനത്തിനു കാരണമാക്കിയിട്ടുണ്ട്. ഇതുതന്നെയാണു സിപിഎമ്മിനെ തിരുത്തലുകള്‍ക്കു നിര്‍ബന്ധിക്കുന്ന പ്രധാന ഘടകവും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.