തീരക്കടല്‍ കപ്പല്‍ ചരക്കുനീക്കത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനും പരിഗണന: നിതിന്‍ ഗഡ്കരി
തീരക്കടല്‍ കപ്പല്‍ ചരക്കുനീക്കത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനും പരിഗണന: നിതിന്‍ ഗഡ്കരി
Saturday, August 30, 2014 12:23 AM IST
കൊച്ചി: തീരക്കടല്‍ കപ്പല്‍ ചരക്കുനീക്കത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനും കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണനയാണു നല്‍കുന്നതെന്നു കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യം സാധ്യമാക്കണമെങ്കില്‍ തുറമുഖത്തിന്റെയും ഷിപ്പിംഗ് മേഖലയുടെയും വികസനം കൂടിയേ തീരൂവെന്നും കൊച്ചിയില്‍ നടന്ന രണ്ടാമത് കോസ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ബിസിനസ് സമ്മിറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യവെ ഗഡ്കരി ചൂണ്ടിക്കാട്ടി.

തുറമുഖത്തിന്റെയും കപ്പല്‍ ചരക്കുനീക്കത്തിന്റെയും വികസനത്തിന് ഇന്ത്യയില്‍ ഏറെ സാധ്യതയാണുള്ളത്. അതുപോലെ തന്നെയാണ് ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ കാര്യവും. നദീസംയോജനം ഇതിന് അനിവാര്യമാണ്. ഗംഗയെയും ബ്രഹ്മപുത്രയെയും സംയോജിപ്പിച്ചുകൊണ്ടുള്ള പദ്ധതിക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞിട്ടുണ്ട്. നദീപാതയില്‍ യാത്രക്കാര്‍ക്കായുള്ള ടെര്‍മിനലും ഉണ്ടാക്കുന്നുണ്ട്. റോഡ്, റെയില്‍ ചരക്കുനീക്കത്തെക്കാള്‍ ജലമാര്‍ഗമുള്ള ചരക്കുനീക്കത്തിനു ചെലവ് കുറവാണ.് റോഡ് വഴി ഒന്നര രൂപ ചെലവഴിക്കേണ്ടിവരുമ്പോള്‍ റെയില്‍ മാര്‍ഗമാകുമ്പോള്‍ ഒരു രൂപയാണു ചെലവ്; ജലമാര്‍ഗമാകുമ്പോള്‍ അത് 50 പൈസയായി കുറയുന്നു. ജലപാതകളെ ടൂറിസത്തിനും ചരക്കുനീക്കത്തിനും സ്പോര്‍ട്സിനും സാധാരണ യാത്രാമാര്‍ഗമായും ഏകോപിപ്പിച്ച് വികസിപ്പിച്ചെടുക്കാന്‍ സാധിക്കണം.

സീപ്ളെയിനുകള്‍ക്ക് ഇതിനകം തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ചെന്നൈയെയും മുന്ത്രയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോ റോ സര്‍വീസും ചരക്കുനീക്കത്തിന്റെ കാര്യത്തില്‍ വലിയ കാല്‍വയ്പാണു നടത്തുന്നത്. എന്നാല്‍, ഇതുകൊണ്ടു മാത്രമായില്ല. കൂടുതല്‍ തുറമുഖങ്ങള്‍ നിര്‍മിക്കണം. ഇവയെ റെയില്‍ ഗതാഗതവുമായി ബന്ധിപ്പിക്കുകയും വേണം. സര്‍ക്കാര്‍ റെയില്‍വേ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത് ഇതിന്റെ ഭാഗമായാണ്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക മേഖല തന്നെ തുറന്നിട്ടുണ്ട്. 4,000 കോടി രൂപയുടെ നിക്ഷേപം ഇതുവഴി ഉണ്ടാകുമെന്നും ഒന്നര ലക്ഷം പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നുമാണു കരുതുന്നത്. ഷിപ്പിംഗ് മേഖലയില്‍ മറ്റു രാജ്യങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്; ഇന്ത്യയ്ക്ക് അത്രത്തോളം സാധിച്ചിട്ടില്ല. ഈ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


തുറമുഖ മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരുന്നു. ഗുജറാത്ത് സാങ്കേതിക വിദ്യാഭ്യാസ മന്ത്രി വസുബെന്‍ ത്രിവേദി, കെ.വി. തോമസ് എംപി, ട്രാന്‍സ്വേള്‍ഡ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഗൌതം ചാറ്റര്‍ജി, മുന്‍ ഷിപ്പിംഗ് സെക്രട്ടറി കെ. മോഹന്‍ദാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

വൈകുന്നേരം ചേര്‍ന്ന സമാപനചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യ സീ ട്രേഡ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തീരദേശ കപ്പല്‍ ഗതാഗതത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനും അനുകൂലമായ സാഹചര്യമൊരുക്കുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.