കൈത്തറി ഉത്പന്നങ്ങള്‍ക്കു മികച്ച വിപണിയുണ്ടാക്കും: കുഞ്ഞാലിക്കുട്ടി
കൈത്തറി ഉത്പന്നങ്ങള്‍ക്കു മികച്ച വിപണിയുണ്ടാക്കും: കുഞ്ഞാലിക്കുട്ടി
Saturday, August 30, 2014 12:24 AM IST
കൊച്ചി: ഹാന്‍ഡ്ലൂം ഉത്പന്നങ്ങള്‍ക്കു മികച്ച മാര്‍ക്കറ്റുണ്ടാക്കാനുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തുന്നതെന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നിര്‍മിച്ച ഹാന്‍ഡ്ലൂം കോട്ട് വിപണിയിലിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈത്തറി ഉത്പന്നങ്ങള്‍ ലോകശ്രദ്ധയിലേക്കു കൊണ്ടുവരാനുള്ള വലിയ പരിശ്രമത്തിലാണു സര്‍ക്കാരും അനുബന്ധ സ്ഥാപനങ്ങളും. പ്രകൃതിദത്ത ഉത്പന്നങ്ങളോടാണു ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രിയം. പുതിയ സാങ്കേതിക വിദ്യയോടൊപ്പം കൈത്തറി പോലെയുള്ള പരമ്പരാഗത തൊഴില്‍ മേഖലയിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഇതു തൊഴിലാളികള്‍ക്കു ജീവിതസുരക്ഷയും ഉത്പന്നങ്ങള്‍ക്കു മികച്ച ഗുണനിലവാരവും ഉറപ്പാക്കാന്‍ സഹായിച്ചിട്ടുണ്ട്. കൈത്തറിയുടെ നവീകരണ പ്രക്രിയയില്‍ സുപ്രധാന നാഴികകല്ലാണു ഹാന്‍ഡ്ലൂം കോട്ടെന്ന് അദ്ദേഹം പറഞ്ഞു.


എറണാകുളം രാമവര്‍മ ക്ളബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനായിരുന്നു. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര മുഖ്യപ്രഭാഷണം നടത്തി. ഹാന്‍ഡ്ലൂം കോട്ടിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിഗേറ്റര്‍ ജി. സുകുമാരന്‍ നായര്‍, വീവേഴ്സ് സര്‍വീസ് സെന്റര്‍ ഡപ്യൂട്ടി ഡയറക്ടര്‍ കൊമ്മു രവീന്ദ്ര, ഹാന്‍ഡ്ലൂം ഡയറക്ടര്‍ സാം സി. ഇട്ടിച്ചെറിയ, ഐഐഎച്ച്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ കരീം ചേലേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.