ടൈറ്റാനിയം: മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നു കോടതി
ടൈറ്റാനിയം: മുഖ്യമന്ത്രിക്കെതിരേ അന്വേഷണത്തിന് മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നു കോടതി
Saturday, August 30, 2014 12:10 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രഹിംകുഞ്ഞ് എന്നിവര്‍ക്കെതിരേ ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തുന്നതിനു തടസമില്ലെന്നു വിജിലന്‍സ് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ടൈറ്റാനിയത്തില്‍ മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് നിര്‍മിച്ചതുമായി ബന്ധ പ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവിലാണു പരാതിക്കാര്‍ ഹര്‍ജികള്‍ സമര്‍പ്പിച്ച സമയത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും സര്‍ക്കാരില്‍ ഔദ്യോഗികപദവികള്‍ ഒന്നുംതന്നെ വഹിച്ചിട്ടില്ലെന്നും അതിനാല്‍ ഇവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്തുന്നതിന് 1988ലെ അഴിമതി നിരോധന നിയമത്തിലെ 19-ാം വകുപ്പില്‍ പറയും പ്രകാരമുള്ള മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയത്.

2004-06 കാലയളവില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ പ്ളാന്റ് നിര്‍മിച്ചതില്‍ അഴിമതി നടന്നുവെന്നാണു ഹര്‍ജിയെങ്കിലും ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഹര്‍ജി നല്‍കിയത് 2011 ലായതിനാല്‍ ഇവര്‍ക്കെതിരേ അന്വേഷണം നടത്തുന്നതിനു തടസമില്ലെന്നു മുന്‍ മുഖ്യമന്ത്രിമാരായ എ.ആര്‍. ആന്തുലേ ഉള്‍പ്പെട്ട കേസിലെയും പ്രകാശ് സിംഗ് ബാദല്‍ ഉള്‍പ്പെട്ട കേസിലെയും സുപ്രീംകോടതിയുടെ വിധികള്‍ ഉദ്ധരിച്ചുകൊണ്ടു കോടതി വ്യക്തമാക്കി. എന്നാല്‍, മലിനീകരണ നിയന്ത്രണ പ്ളാന്റുകളില്ലാത്ത കമ്പനികള്‍ അടച്ചുപൂട്ടേണ്ട സ്ഥിതി വന്നപ്പോള്‍ അതിനായി പ്ളാന്റ് സ്ഥാപിക്കാന്‍ മിക്കോണ്‍ കമ്പനി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട് എന്നു മുഖ്യമന്ത്രി കത്തയച്ചു എന്ന ഒറ്റക്കാരണത്താല്‍ മുഖ്യമന്ത്രിക്ക് ഈ അഴിമതിയിലും ഗൂഢാലോചനയിലും പങ്കുണ്െടന്നു പറയാനാകില്ലെന്നും അന്വേഷണ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടുവച്ച ഉപാധികള്‍ പാലിക്കുന്നതിനു ഫെഡോ സമിതി സമര്‍പ്പിച്ച 10.81 കോടി രൂപയുടെ പദ്ധതി മതിയാവുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. മിക്കോണുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള പദ്ധതി ഉപേക്ഷിച്ചതോടെ 80 കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടായതായി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍നിന്നു വെളിവാകുന്നതായും ഇതിലേക്കു നയിച്ചതു വേണ്ടത്ര പഠനമില്ലാതെയും ഗുണദോഷ വശങ്ങള്‍ പരിശോധിക്കാതെയും പദ്ധതി നടപ്പാക്കിയതിനാലാണെന്നും ഉത്തരവില്‍ പറയുന്നു.

മിക്കോണിന്റെ ജനറല്‍ മാനേജരെയും ഇടനിലക്കാരായി നിന്ന ഗ്രീന്‍ടെക്സ് രാജീവിനെയും ചോദ്യംചെയ്യാതെ ഗൂഢാലോചന എങ്ങനെ വെളിവാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ഇവര്‍ ഇരുവരെയും അന്ന് ആരോഗ്യ-പരിസ്ഥിതി മന്ത്രിയായിരുന്ന കെ.കെ. രാമചന്ദ്രന്‍മാസ്ററെയും ചോദ്യംചെയ്തേ മതിയാകൂവെന്നും കോടതി വിലയിരുത്തി.

10.81 കോടി രൂപയില്‍ തീര്‍ക്കാമായിരുന്ന മാലിന്യനിര്‍മാര്‍ജന പ്ളാന്റിനു പകരം മിക്കോണ്‍ സമര്‍പ്പിച്ച നവീകരണ വിപുലീകരണ പദ്ധതി നടപ്പാക്കാന്‍ പബ്ളിക് എന്റര്‍പ്രണര്‍ ബോര്‍ഡ് അനുവദിച്ചതില്‍ ദുരൂഹതയുണ്ട്. ഇക്കാര്യങ്ങളും അന്വേഷിക്കും. 2006 ഫെബ്രുവരി 10നു മിക്കോണുമായി കരാറിലേര്‍പ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതല്ലാതെ മറ്റൊരുപണിയും മിക്കോണ്‍ നടത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.