സംസ്ഥാന ചലച്ചിത്ര അക്കാഡമി പുനഃസംഘടിപ്പിച്ചു; രാജീവ് നാഥ് ചെയര്‍മാന്‍, ജോഷി മാത്യു വൈസ് ചെയര്‍മാന്‍
സംസ്ഥാന ചലച്ചിത്ര അക്കാഡമി പുനഃസംഘടിപ്പിച്ചു; രാജീവ് നാഥ് ചെയര്‍മാന്‍, ജോഷി മാത്യു വൈസ് ചെയര്‍മാന്‍
Saturday, August 30, 2014 12:25 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി പുനഃസംഘടിപ്പിച്ചു. സംവിധായകന്‍ രാജീവ് നാഥിനെ ചെയര്‍മാനായും ജോഷി മാത്യുവിനെ വൈസ് ചെയര്‍മാനായും നിയമിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ചെയര്‍മാനായിരുന്ന സംവിധായകന്‍ പ്രിയദര്‍ശനും മറ്റംഗങ്ങളും മന്ത്രി ഉള്‍പ്പെടെയുള്ളവരുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു രാജിവച്ച സാഹചര്യത്തിലാണു പുനഃസംഘടന.

അന്താരാഷ്ട്ര ഫിലിം ഫെസ്റിവലിന്റെ നടത്തിപ്പിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും രാജീവ്നാഥ് കണ്‍വീനറുമായുള്ള ഉപദേശക സമിതിയും രൂപീകരിച്ചു. ഡിസംബര്‍ 12 മുതല്‍ 19 വരെയാണു രാജ്യാന്തര ചലച്ചിത്ര മേള തിരുവനന്തപുരത്തു നടക്കുന്നത്. ആര്‍ട്ടിസ്റിക് ഡയറക്ടറായിരുന്ന ബീനാപോളിന്റെ ഒഴിവില്‍ പുതിയ നിയമനമില്ല.

സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങളായി ജി.കെ. പിള്ള, സൂര്യ കൃഷ്ണമൂര്‍ത്തി, ആര്യാടന്‍ ഷൌക്കത്ത്, സുരേഷ്, സിബി മലയില്‍, എം. ചന്ദ്രപ്രകാശ്, ജി.എസ്. വിജയന്‍, രാമചന്ദ്ര ബാബു, പി.വി. ഗംഗാധരന്‍, എം. രഞ്ജിത്ത്, പ്രേംപ്രകാശ്, ശ്രീകുമാരവര്‍മ, മണിയന്‍പിള്ള രാജു, ഗിരിജാ സേതുനാഥ്, സരസ്വതി നാഗരാജന്‍ എന്നിവരേയും നിയമിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി രാജീവ് നാഥ്, ജോഷി മാത്യു എന്നിവര്‍ക്ക് പുറമെ ആര്യാടന്‍ ഷൌക്കത്ത്, രാമചന്ദ്ര ബാബു എന്നിവരെയും നാമനിര്‍ദേശം ചെയ്തതായും മന്ത്രി അറിയിച്ചു.

ചലച്ചിത്രമേളയുടെ നടത്തിപ്പിനായി പ്രോഗ്രാം ഡയറക്ടറായി ഇന്ദു ശ്രീകണ്ഠനെയും ഡപ്യൂട്ടി ഡയറക്ടറായി ഓണ്‍ട്രില്ല പ്രതാപനേയും നിയമിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.