മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി ആര്‍ച്ച്ബിഷപ്
മാര്‍ ജോര്‍ജ് ഞരളക്കാട്ട് തലശേരി ആര്‍ച്ച്ബിഷപ്
Saturday, August 30, 2014 12:28 AM IST
സിജോ പൈനാടത്ത്

കൊച്ചി: തലശേരി അതിരൂപത യുടെ പുതിയ മെത്രാപ്പോലീത്തയായി മാണ്ഡ്യ രൂപത മെത്രാന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടിനെ നിയമിച്ചു. കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാ മെത്രാന്‍ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. 75 വയസ് പൂര്‍ത്തിയായ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം കാനോനിക നിയമമനുസരിച്ചു വിരമിക്കുന്ന ഒഴിവിലാണു മാര്‍ ഞരളക്കാട്ടിന്റെ നിയമനം. സ്ഥാനാരോഹണം നവംബറില്‍ നടക്കും.

ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു മൌണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്. കൂരിയ ചാന്‍സലര്‍ റവ.ഡോ. ആന്റണി കൊള്ളന്നൂര്‍ നിയമന ഉത്തരവ് വായിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ വലിയമറ്റം നിയുക്ത മെത്രാപ്പോലീത്തയ്ക്ക് ആശംസകള്‍ നേര്‍ന്നു. സിനഡിലെ മറ്റു മെത്രാന്മാരും കൂരിയയിലെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12നു വത്തിക്കാനിലും പ്രഖ്യാപനം നടന്നു. തലശേരി രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ച്, മാനന്തവാടി രൂപത യുടെ പ്രൊക്യുറേറ്റര്‍, വികാരി ജനറാള്‍, അഡ്മിനിസ്ട്രേറ്റര്‍, ഭദ്രാവതി രൂപതയുടെ വികാരി ജനറാള്‍, മാണ്ഡ്യ രൂപതയുടെ പ്രഥമ മെത്രാന്‍ എന്നീ നിലകളില്‍ സേവനം ചെയ്ത ശേഷമാണു മാര്‍ ഞരളക്കാട്ട് ആര്‍ച്ച്ബിഷപ്പായി നിയുക്തനാകുന്നത്.

കോതമംഗലം രൂപതയിലെ കലയന്താനിയിലാണ് 1946 ജൂണ്‍ 23നു മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ ജനനം. പരേതരായ വര്‍ക്കി, മേരി എന്നിവരാണു മാതാപിതാക്കള്‍. കുടുംബം വയനാട്ടിലേക്കു കുടിയേറിയതിനാല്‍ നടവയലിലാണു ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1963ല്‍ തലശേരി രൂപതയുടെ സെമിനാരിയില്‍ ചേര്‍ന്നു.


ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1971 ഡിസംബര്‍ 23നു തലശേരി ബിഷപ് മാര്‍ സെബാസ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നു പൌരോഹിത്യം സ്വീകരിച്ചു. രണ്ടു വര്‍ഷം രൂപതയിലെ കണിച്ചാര്‍ ഇടവകയില്‍ സഹവികാരിയായിരുന്നു. 1973ല്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍ അതിന്റെ ഭാഗമായി. അറിഞ്ചേര്‍മല, കണിയാംപറ്റ, വഞ്ഞോട്, പുതുശേരി, ആറാട്ടുതറ, നിലമ്പൂര്‍ പള്ളികളില്‍ വികാരിയായി സേവനം ചെയ്തു. റോ മിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മത ബോധനത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. രൂപതയിലെ മിഷന്‍ ലീഗ്, മതബോധന കേന്ദ്രം, പാസ്ററല്‍ സെന്റര്‍, കരിസ്മാറ്റിക് പ്രസ്ഥാനം എന്നിവയുടെ ഡയറക്ടര്‍, പ്രൊക്യുറേറ്റര്‍, വികാരി ജനറാള്‍, അഡ്മിനിസ്ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. 2008 ലാണു ഭദ്രാവതി രൂപതയുടെ വികാരി ജനറാളായത്. 2010 ഏപ്രില്‍ ഏഴിനു കര്‍ണാടകയിലെ മാണ്ഡ്യ രൂപതയുടെ മെത്രാനായി.

മാര്‍ ഞരളക്കാട്ട് സ്ഥാനമേല്‍ക്കുന്നതുവരെ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം തലശേരി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല വഹിക്കും. മാണ്ഡ്യ രൂപതയുടെ അഡ്മിനിസ്ട്രേറ്ററുടെ ചുമതല മാര്‍ ജോര്‍ജ് ഞരളക്കാ ട്ടിനുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.