വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെ ക്ഷീണിപ്പിക്കില്ല: കെ.സി. ജോസഫ്
വിജിലന്‍സ് അന്വേഷണം സര്‍ക്കാരിനെ ക്ഷീണിപ്പിക്കില്ല: കെ.സി. ജോസഫ്
Saturday, August 30, 2014 12:30 AM IST
കൊച്ചി: ടൈറ്റാനിയം കേസിലെ വിജിലന്‍സ് അന്വേഷണം ഒരു തരത്തിലും സര്‍ക്കാരിനെ ക്ഷീണിപ്പിക്കില്ലെന്നു സാംസ്കാരിക മന്ത്രി കെ.സി. ജോസഫ്. വിധിയുടെ കോപ്പി ഇതേവരെ പുറത്തുവന്നിട്ടില്ല. അതിനു മുമ്പുതന്നെ മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണ്. ടിവി ചാനല്‍ വാര്‍ത്തകള്‍ കണ്ടാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കുറ്റക്കാരാണെന്നു കോടതി വിധിച്ചതായി തോന്നിപ്പോകും. മുഖ്യമന്ത്രിയെയും മറ്റും പ്രതിചേര്‍ത്ത് ഒരാള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നു മാത്രമാണു കോടതി വിലയിരുത്തിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. എറണാകുളം പ്രസ് ക്ളബ്ബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സിഐടിയു യൂണിയന്റെ ആളായ പരാതിക്കാരനു രാഷ്ട്രീയ വശങ്ങളുണ്ട്. അതിന്റെ പേരിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ടൈറ്റാനിയം ഫാക്ടറി പൂട്ടേണ്ടിടത്തെത്തിയ സാഹചര്യത്തിലാണു സര്‍ക്കാര്‍ ഇടപെട്ടത്. രാജ്യത്തെ നിയമം അനുസരിച്ച് ആര്‍ക്കും ആരെ വേണമെങ്കിലും പ്രതിയാക്കി കേസ് കൊടുക്കാം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും രാജിവയ്ക്കണമെങ്കില്‍ ഇവിടെ ആര്‍ക്കും ഭരണം നടത്താനാവില്ല.


മദ്യനയത്തില്‍നിന്ന് ഒരിക്കലും പിന്നോട്ടുപോകില്ല. പാര്‍ട്ടിയും സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അല്ലാതെ തിടുക്കത്തിലുണ്ടായ ഒരു തീരുമാനമല്ല. രണ്ടു മാസത്തോളം പാര്‍ട്ടിയിലും മുന്നണിയിലും ഇതു നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാര്‍ട്ടി- സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഉണ്ടായപ്പോള്‍ ഒരു ഒത്തുതീര്‍പ്പു വ്യവസ്ഥ ചെന്നിത്തല അടക്കമുള്ളവര്‍ മുന്നോട്ടുവച്ചു എന്നല്ലാതെ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കായികാധ്വാനം ആവശ്യമുള്ള ഒരു തൊഴിലിനും മലയാളിക്കു താത്പര്യമില്ല. വികസനത്തിനു വേണ്ട ചര്‍ച്ചകള്‍ക്കു പകരം ചര്‍ച്ചാവിഷയം വിവാദങ്ങളും അപവാദങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.